കുരിശിലെ ഏഴു ജീവമൊഴികൾ

ആന്‍ ഹാരി

മനുഷ്യവർഗ്ഗത്തെ വീണ്ടെടുക്കാനും നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാനുമാണ് ക്രിസ്തു ക്രൂശിൽ മരിച്ചത്. മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ വിശുദ്ധ സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, യേശു ക്രിസ്തുവിനു വേണ്ടി ഓശാന പാടിയവർ തന്നെ അവനെ പരിഹസിക്കുകയും അപമാനിക്കുകയും ദ്രോഹിക്കുകയും പീഡിപ്പിക്കുകയും മുറിവേല്പ്പിച്ച്‌ ഭാരമുള്ള കുരിശുമരം തോളിലേറ്റി നടത്തി ഗാഗുൽത്താ മലയിൽ രണ്ടു കള്ളൻമാർക്കു നടുവിൽ ക്രൂശിക്കുകയും ചെയ്തു. ആ ക്രൂശിൽ വെച്ച്‌ പറഞ്ഞതായി ഏഴ് കാര്യങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ക്രൂശിൽ നിന്നുള്ള യേശുവിൻറെ ഏഴ് വാക്കുകൾ ക്ഷമ, രക്ഷ, സ്നേഹം, പാപപരിഹാരം, കഷ്ടത, വിജയം, സുരക്ഷിതത്വം എന്നിവയുടെ അത്ഭുതകരമായ വ്യാഖ്യാനമാണ്.

1. “പിതാവേ, അവരോടു ക്‌ഷമിക്കണമേ; അവർ ചെയ്യുന്നതെന്തെന്ന്‌ അവർ അറിയുന്നില്ല”(ലൂക്കാ 23:34).

ആ കുരിശിൽ കിടന്നു അവൻ താഴേക്കു നോക്കി. തന്നെ നിന്ദിച്ചവർ, കല്ലെറിഞ്ഞവർ, ഉപദ്രവിച്ചവർ, പടയാ മറിച്ച്, അവൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയാണ്. പിതാവേ, അവരോടു ക്ഷമിക്കണമേ എന്ന്. ഈ വാക്കുകൾ ഓരോ ക്രിസ്താനിയും ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടത് വളരെ അത്യാവശ്യം ആണ്. നമ്മളെ വേദനിപ്പിക്കുന്നവരെ സ്നേഹിക്കാനും നമ്മുടെ ശത്രുക്കളെ സ്നേഹിക്കാനും ക്രിസ്തു ഈ വാക്കുകളിലൂടെ ആഹ്വാനം ചെയ്യുന്നു.

2. “സത്യമായി ഞാൻ നിന്നോടു പറയുന്നു. നീ ഇന്ന്‌ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും” (ലൂക്കാ 23:43).

ക്രൂശിലെ തന്റെ വലതുഭാഗത്തെ കള്ളനോട് ക്രിസ്തു പറയുന്ന വാക്കുകളാണിവ. ഇടതുഭാഗത്തെ കള്ളൻ യേശുവിനെ ദുഷിച്ചപ്പോൾ വലതുഭാഗത്തുള്ള കള്ളൻ ശാസിക്കുകയും കർത്താവിനോടു രാജത്വം പ്രാപിക്കുമ്പോൾ തന്നെയും ഓർക്കണമേ എന്നു അപേക്ഷിക്കുകയും ചെയ്‌തപ്പോൾ കർത്താവു അവനു നൽകിയ ഉറപ്പാണു ഈ വരികൾ. ഈവാക്കുകളിൽ വീണ്ടും നമുക്കു ക്ഷമയുടെ മഹത്വം കാണുവാൻ സാധിക്കും. ഇവിടെ അത് അനുതാപമുള്ള ഒരു പാപിയായ കള്ളനോടാണ്. ഈ പ്രയോഗം നമുക്ക് രക്ഷക്കായുള്ള പ്രത്യാശ നൽകുന്നു. നാം നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞു നമ്മുടെ ഹൃദയങ്ങളെയും പ്രാർത്ഥനകളെയും അവനായി സമർപ്പിക്കുക. എന്നാൽ, നമ്മുടെ ജീവിതത്തിന്റെ അവസാനത്തിൽ നാം യേശുവിനോടൊപ്പം ആയിരിക്കും.

3. “യേശു തന്റെ അമ്മയോടു പറഞ്ഞു: സ്‌ത്രീയേ, ഇതാ നിന്റെ മകൻ. അനന്തരം അവൻ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ” (യോഹ. : 19:26-27).

തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട നിമിഷത്തിൽ പോലും തന്റെ അമ്മയുടെ വികാരങ്ങൾ മനസ്സിലാക്കുവാൻ യേശു ശ്രമിക്കുന്നു. അവളുടെ മകൻ അത്തരം ഭയാനകമായ രീതിയിൽ മരിക്കുന്നു. ആ സമയത്തു ഒരു അമ്മയുടെ വേദന നമുക്ക് ഊഹിക്കാവുന്നതേയുള്ളു. യേശുവിന്റെ ജീവിതത്തിലെ ഏറ്റവും പരുഷമായ അനുഭവം യേശു സഹിച്ചുനിന്നു.യേശുവിന്റെ ഈ അന്തിമ സ്നേഹപ്രകടനത്തിൽ യേശു തന്റെ ഏറ്റവും ദുഃഖിതയായ അമ്മയെ അവൻ ഏറ്റവും ഇഷ്ടപ്പെട്ട ശിഷ്യനായ യോഹന്നാനെ ഏല്പിക്കുകയാണ്. മാതാപിതാക്കളെ ബഹുമാനിക്കുന്നതിനും അവരുടെ ക്ഷേമത്തെ പരിഗണിക്കുന്നതിനും വേണ്ടിയുളള അത്ഭുതകരമായ മാതൃകയാണ് യേശു നമുക്ക് നൽകിയത്. എന്തൊരു നിസ്വാർത്ഥപ്രവൃത്തിയാണ് നമ്മുടെ പാപങ്ങൾക്കായി ക്രൂശിൽ മരിക്കുമ്പോൾ തന്റെ കഷ്ടപ്പാട് മറന്നു തന്റെ അമ്മയെക്കുറിച്ചു ചിന്തിച്ചു!

4. “എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്‌ഷിച്ചു? (മത്തായി 27:46, മർക്കോ. 15:34).

ഹൃദയത്തിന്റെ ഈ നിലവിളിക്ക് ആഴത്തിലുള്ള ഒരു വികാരമുണ്ട്. ഭയാനകമായ ഒരു കാഴ്ച്ചയ്ക്ക്മേൽ തളച്ചിരിക്കുന്ന ഇരുട്ടാണത്. സൃഷ്ടാവിന്റെ ക്രൂശീകരണമെന്ന നിലയിൽ സൂര്യൻ അത്തരമൊരു രംഗത്ത് പ്രകാശിക്കാൻ കഴിയാത്തത് തീർച്ചയായും പ്രതീകാത്മകമാണ്. ആ ഇരുട്ട് മൂന്നുമണിക്കൂർ നീണ്ടുനിന്നു. ഇതിലൂടെ സങ്കീർത്തനക്കാരൻ തന്റെ 22-മത്തെ അധ്യായത്തിൽ രേഖപ്പെടുത്തിയ തിരുവെഴുത്തു നിവൃത്തിയാകുകയും ദൈവഹിതം നിറവേറുകയും ആയിരുന്നു. തിന്മയുടെ അലകൾ അവന്റെ വേദനയിൽ വീഴുകയായിരുന്നു. ക്രൂശിൽ നിന്നുള്ള ഈ വചനം നമ്മെ പാപപരിഹാരത്തിന്റെ വിലയിലേക്ക് ചൂണ്ടിക്കാണിക്കുന്നു. യേശുവിന്റെ നിലവിളികൾ സഹായത്തിനു വേണ്ടിയല്ല, സകല ജനത്തിനും വേണ്ടിയുള്ള ഒരു പ്രാർഥനയാണെന്ന് നാം തിരിച്ചറിയണം. സങ്കീർത്തനം 22-ന്റെ പ്രാരംഭവാക്യം ഉദ്ധരിച്ചുകൊണ്ട് യേശു തന്റെ ദിവ്യ ദൗത്യവും താൻ നടത്തിയ തീവ്രമായ പോരാട്ടവും മനസ്സിലാക്കാൻ ക്ഷണിക്കുകയായിരുന്നു.

5. “എനിക്കു ദാഹിക്കുന്നു” ( യോഹ. 19-28 ).

ഈ അഞ്ചാമത്തെ വചനത്തിൽ നിന്നും ക്രൂശിലെ കഷ്ടപ്പാടിന്റെ ആഴം എത്രത്തോളം ഉണ്ടെന്നു മനസിലാക്കാൻ സഹായിക്കുന്നു.അതേ, നമ്മുടെ രക്ഷകന്റെ കഷ്ടതകൾ  യഥാര്‍ത്ഥമായിരുന്നു. യേശു ദിവ്യനായിരുന്നുവെങ്കിലും നമ്മുടേതായ എല്ലാ വികാരങ്ങളുടെയും വേദനയുടെയും അനുഭവമായിരുന്നു അത്. ഒരുപക്ഷെ, ഈ വചനം വേദനകളുടെ മധ്യത്തിൽ നിന്നും ഉടലെടുത്ത ഒരു ശാരീരികവികാരം ആവാം. എന്നാൽ ഇതിലൂടെ സങ്കീർത്തനം 69:21 നിവൃത്തിയാക്കപ്പെട്ടു എന്നു മാത്രമല്ല ആ ദാഹം സ്നേഹത്തിന് വേണ്ടിയും തന്റെ ആത്മാവിനു വേണ്ടിയും ഉള്ളതായിരുന്നു. തന്റെ ദൌത്യം നിറവേറ്റാൻ അവനെ വിട്ടയച്ച തന്റെ പിതാവിന്റെ സ്നേഹത്തിനായി അവൻ ദാഹിക്കുന്നു. അതേപോലെ തന്റെ ജനത്തിന്റെ സ്നേഹത്തിനും രക്ഷയ്ക്കും വേണ്ടിയുള്ള ദാഹം ആയിരുന്നു.

6. “എല്ലാം പൂർത്തിയായിരിക്കുന്നു” (യോഹ. 19:30).

ആറാമത്തെ വചനം അവന്റെ കഷ്ടത അവസാനിച്ചു അവന്റെ കർമ്മം പൂർത്തിയായി എന്ന യേശുവിന്റെ അംഗീകാരമാണ്. യേശു, പിതാവിനോടുള്ള അനുസരണവും ക്രൂശിൽ അവന്റെ മരണത്താൽ നമ്മെ വിടുവിച്ചുകൊണ്ട് മനുഷ്യവർഗത്തോടുള്ള തന്റെ സ്നേഹവും നൽകുന്നു. മനുഷ്യവർഗത്തിൻറെ പാപത്തിനു വേണ്ടിയുള്ള കടമ നിറവേറ്റപ്പെട്ടു. ദുഷ്ടന്റെ മേലുള്ള തന്റെ വിജയത്തെ യേശു പ്രഖ്യാപിക്കുന്നതാണീ വാക്കുക്കൾ. നന്മതിന്മകൾക്കിടയിലെ ഭീമാകാരമായ പോരാട്ടത്തിൽ മനുഷ്യപുത്രൻ കഷ്ടത അനുഭവിച്ചുവെങ്കിലും പിതാവ് തന്നെ ഏല്പിച്ച വീണ്ടെടുപ്പിന്റെ ജോലി അവൻ പൂർത്തിയാക്കി.”ഞാൻ തീർന്നിരിക്കുന്നു” എന്നല്ല, “എല്ലാം പൂർത്തിയായി” എന്ന് അവൻ പറഞ്ഞത് പാപത്തിനും മരണത്തിനും നരകത്തിനും മേലുള്ള വിജയത്തിന്റെ ആർപ്പുവിളിയായിരുന്നു.

7. “പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” (ലൂക്കാ 23:46).

യേശു അവസാനം വരെ പിതാവിനോടു അനുസരണമുള്ളവനായിരുന്നു. ക്രൂശിൽ അവന്റെ മരണത്തിന് മുമ്പുള്ള അവസാനവാചകം അവന്റെ പിതാവിനോടുള്ള പ്രാർഥന ആയിരുന്നു. ഇത് ദൈവത്തിലുള്ള അവന്റെ വിശ്വാസത്തെക്കുറിച്ചാണ്. തന്റെ പിതാവിന്റെ കരങ്ങളിൽ അവൻ സുരക്ഷിതത്വം കണ്ടെത്തി. തന്റെ ആത്മാവിനെ ആ കരങ്ങളിൽ സമർപ്പിക്കുകയാണ്. അങ്ങനെ സങ്കീ. 31:5 നിവൃത്തിയായി. തന്റെ പിതാവ് തന്നെ ഏല്പിച്ച വേല, താൻ ഭംഗിയായി നിർവഹിച്ചു. പിതാവിനോടുള്ള അടുപ്പവും വിശ്വാസവും ബഹുമാനവും ഈ വാക്കുകളിൽ വ്യക്തമാണ്. അങ്ങനെ ആ ക്രൂശിൽ തന്റെയും തന്റെ പിതാവിന്റെയും ദൗത്യം അവൻ പൂർത്തിയാക്കി.

“എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹ. 3:16).

ഈ വചനങ്ങളാൽ ദൈവം നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കുമാറാകട്ടെ.

ആന്‍ ഹാരി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.