ഉത്ഥിതനെ തേടി – 32 – സാന്നിധ്യം

വാഹനങ്ങളുടെയൊക്കെ കണ്ണാടിയിൽ എഴുതിവച്ചിരിക്കുന്ന ഒരു വാക്യം ഉണ്ട്. Objects in the mirror are closer than they appear – അതായത് കണ്ണാടിയിലൂടെ നാം കാണുന്ന വസ്തുക്കളും മനുഷ്യരും മറ്റു വാഹനങ്ങളുമൊക്കെ നമ്മൾ വിചാരിക്കുന്നതിലും അടുത്തായിരിക്കും.

വിശുദ്ധഗ്രന്ഥത്തിൽ നിയമാവർത്തന പുസ്തകത്തിൽ മനോഹരമായ ഒരു വചനം നാം വായിക്കുന്നുണ്ട്. “നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവ് നമുക്ക് സമീപസ്ഥനായിരിക്കുന്നതു പോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്‌ഠജനതയാണുള്ളത്‌?” (നിയമാ. 4:7).

ദൈവം നമുക്ക് സമീപസ്ഥനാണ്. നാം വിചാരിക്കുന്നതിലും പ്രതീക്ഷിക്കുന്നതിലുമൊക്കെ അടുത്താണ് തമ്പുരാൻ. മാതാപിതാക്കളുടെയും മക്കളുടെയും സഹോദരങ്ങളുടെയുമൊക്കെ കരുതലിൽ, പ്രതീക്ഷിക്കാത്ത സമയത്ത് ലഭിക്കുന്ന ചില നല്ല സ്നേഹിതരിൽ, നല്ല ചില പ്രാർത്ഥനാനുഭവങ്ങളിൽ, വിഷമങ്ങൾ നിറഞ്ഞ അവസ്ഥയിൽ പെട്ടെന്നു കിട്ടുന്ന ചില നല്ല ചിന്തകളിൽ ഒക്കെ ദൈവത്തിന്റെ ദൃശ്യമായ സാന്നിധ്യവും സാമീപ്യവും ഉണ്ട്.

ജീവിതത്തിലെ വിഷമകരമായ സാഹചര്യങ്ങളിൽ, വേദന നിറഞ്ഞ അവസരങ്ങളിൽ, ചില തീരുമാനങ്ങൾ എടുക്കാൻ പറ്റാതെ വരുന്ന അവസരങ്ങളിൽ, അവയൊക്കെ നമുക്ക് പലപ്പോഴും ഒരുപാട് ആശ്വാസമാണ്. ബന്ധങ്ങളുടെ കെട്ടുറപ്പിലാണ് ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കുക. അത് വൈവാഹിക ബന്ധമായിരിക്കാം, സുഹൃദ്ബന്ധമായിരിക്കാം… ദൈവം യോജിപ്പിച്ചു തന്ന അത്തരം ബന്ധങ്ങളെ വിഘടിപ്പിക്കാതിരിക്കുക – വിട്ടുകളയാതിരിക്കുക.

പ്രാർത്ഥിക്കാം

ഈശോയെ, അങ്ങയുടെ വചനത്തിൽ വിശ്വസിച്ച് പ്രത്യാശ വച്ചു ജീവിക്കുവാൻ കൃപ തരണമേ. ജീവിതവഴികളിൽ ആശ്വാസമാകുന്നവരിൽ, അങ്ങയുടെ സാന്നിധ്യവും സാമീപ്യവും ദർശിക്കുവാൻ അങ്ങനെയുള്ളവരെ തിരിച്ചറിയാൻ കൃപ തരേണമെ. ഇന്നത്തെ എന്റെ എല്ലാ പ്രവർത്തനങ്ങളെയും ആശീർവദിച്ച് അനുഗ്രഹിക്കേണമെ. ആമ്മേൻ.

നിയോഗം

കർത്താവിന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള കൃപയ്ക്കു വേണ്ടി.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്, പിതാവേ, സ്നേഹിക്കാനും അങ്ങയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടും വിശ്വസിക്കാത്ത എല്ലാവരുടെയും മേൽ കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവ് നമുക്ക് സമീപസ്ഥനായിരിക്കുന്നതു പോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്‌ഠജനതയാണുള്ളത്‌? (നിയമാ. 4:7).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു