സാന്റിയാഗോ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു  

തീർത്ഥാടകരുടെ പ്രിയപ്പെട്ട ഇടമായ സാന്റിയാഗോയിലെ ഡി കമ്പോസ്റ്റെല കത്തീഡ്രൽ തീർത്ഥാടകർക്കായി വീണ്ടും തുറന്നു. കൊറോണ വൈറസ് മൂലം മൂന്നു മാസത്തിലധികമായി ഇവിടം അടച്ചിട്ടിരിക്കുകയായിരുന്നു. സ്പെയിനിലെ പ്രധാന തീർത്ഥാടനകേന്ദ്രമായ ഇവിടം ജൂലൈ ഒന്ന് മുതലാണ് തുറന്നിരിക്കുന്നത്.

കർശനമായ നിബന്ധനകളോടെയാണ് ഈ തീർത്ഥാടനാലയം വീണ്ടും തുറന്നിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കാനായി, ഒരു സമയം 75 പേർക്കു മാത്രമേ സാന്റിയാഗോയിലെ ഡി കമ്പോസ്റ്റെല കത്തീഡ്രലിൽ ആയിരിക്കുവാൻ അനുവാദമുള്ളൂ. വി. യാക്കോബ് ശ്ലീഹായുടെ ശവകുടീരത്തിങ്കൽ പ്രാർത്ഥനയ്ക്കായി  രാവിലെ 9 മുതൽ വൈകുന്നേരം 7 വരെയുള്ള സമയവും അനുവദിച്ചിട്ടുണ്ട്.

ഓരോ വർഷവും ലക്ഷക്കണക്കിന് അന്താരാഷ്ട്ര തീർത്ഥാടകരെ ആകർഷിക്കുന്ന ഒരു പുരാതന തീർത്ഥാടന സ്ഥലമാണ് ‘കാമിനോ ഡി സാന്റിയാഗോ’. യോഹന്നാൻ ശ്ളീഹായുടെ സഹോദരനായ വി. യാക്കോബ് രക്തസാക്ഷിത്വം വരിച്ച ആദ്യത്തെ അപ്പോസ്തലനായിരുന്നു. ‘കാമിനോ ഡി സാന്റിയാഗോ’യിലേയ്ക്കുള്ള പാത നടന്നു പൂർത്തിയാക്കാൻ തീർത്ഥാടകർ കുറഞ്ഞത് 100 കിലോമീറ്ററെങ്കിലും സഞ്ചരിക്കേണ്ടിയിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.