ജോസഫ് ചിന്തകൾ 142: വി. അൽഫോൻസ് ലിഗോരി രചിച്ച പ്രാര്‍ത്ഥന

കത്തോലിക്കാ സഭയിലെ വേദപാരംഗതനനും മെത്രാനും ദിവ്യരക്ഷക സഭയുടെ സ്ഥാപകനും ധാർമ്മിക ദൈവശാസ്ത്രജ്ഞരുടെ മധ്യസ്ഥനുമായ വിശുദ്ധ അൽഫോൻസ് ലിഗോരി, (1696-1787) വിശുദ്ധ യൗസേപ്പിതാവിൻ്റെ തീക്ഷ്ണമതിയായ ഭക്തനായിരുന്നു. ലിഗോരി പുണ്യവാൻ വിശുദ്ധ യൗസേപ്പിതാവിനു സമർപ്പണം നടത്താൻ രചിച്ച പ്രാർത്ഥനയാണ് ഇന്നത്തെ ജോസഫ് ചിന്ത.

ഓ പരിശുദ്ധ പിതാവേ, ഈശോയുടെ വളർത്തു പിതാവായി വർത്തിക്കാനും ആകാശവും ഭുമിയും അനുസരിക്കുന്നവൻ അനുസരിക്കാൻ യോഗ്യമായ നിൻ്റെ ഉന്നതമായ മഹിമയിൽ ഞാൻ സന്തോഷിക്കുന്നു.
ഓ മഹാ വിശുദ്ധനെ, നീ ദൈവത്തെ ശുശ്രൂഷിച്ചതു പോലെ, ഞാനും നിൻ്റെ ശുശ്രൂഷയിലേക്കു വരാൻ ആഗ്രഹിക്കുന്നു. പരിശുദ്ധ മറിയത്തിനു ശേഷം നിന്നെ എൻ്റെ മുഖ്യ അഭിഭാഷകനും സംരക്ഷകനുമായി ഞാൻ തിരഞ്ഞെടുക്കുന്നു.

പ്രത്യേക ഭക്ത കൃത്യങ്ങളിലൂടെ നിന്നെ അനുദിനം ബഹുമാനിച്ചുകൊള്ളാമെന്നും എന്നെത്തന്നെ നിൻ്റെ സംരക്ഷണത്തിനു ഭരമേല്‌പിച്ചു കൊള്ളാമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു.

നിൻ്റെ ജീവിതകാലത്തു ഈശോയും മറിയവും നിനക്കു നൽകിയ മാധുര്യമുള്ള കൂട്ടുകെട്ടിലൂടെ ജീവിതത്തിലുടനീളം എന്നെ സംരക്ഷിക്കണമേ, അതുവഴി ദൈവകൃപ നഷ്ടപ്പെടുത്തി എൻ്റെ ദൈവത്തിൽ നിന്ന് ഞാൻ ഒരിക്കലും വേർപിരിയാതിരിക്കട്ടെ.

എൻ്റെ പ്രിയപ്പെട്ട യൗസേപ്പിതാവേ, എനിക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ.
ഭൂമിയിലായിരിക്കെ നിൻ്റെ എല്ലാ കല്പനകളും അവൻ അനുസരിച്ചതിനാൽ നിൻ്റെ അപേക്ഷകളെ നിരസിക്കാൻ അവനു ഒരിക്കലും കഴിയുകയില്ല.

സൃഷ്ടികളിൽ നിന്നും സ്വയം സ്നേഹത്തിൽ നിന്നും എന്നെ പിൻതിരിപ്പിക്കാനും ഈശോയുടെ വിശുദ്ധ സ്നേഹം എന്നിൽ ജ്വലിപ്പിക്കാനും അവനു ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുവാനും
എനിക്കുവേണ്ടി ഈശോയോടു പറയണമേ.

മരണസമയത്തു ഈശോയും മറിയവും നിനക്കു നൽകിയ സഹായത്തിൻ്റെ യോഗ്യതയാൽ എൻ്റെ മരണ സമയത്ത് എന്നെ പ്രത്യേക രീതിയിൽ സംരക്ഷിക്കാൻ ഞാൻ നിന്നോടപേക്ഷിക്കുന്നു, അതുവഴി നിൻ്റെ സഹായത്തോടെ മരിക്കുന്ന എനിക്ക് ഈശോയുടെയും മറിയത്തിൻ്റെയും സഹവാസത്തിൽ പറുദീസയിൽ ഞാൻ നിനക്കു നന്ദി പറയുകയും നിങ്ങളുടെ കൂട്ടായ്മയിൽ എൻ്റെ ദൈവത്തെ നിത്യം സ്തുതിക്കുകയും ചെയ്യട്ടെ. ആമ്മേൻ

ഫാ. ജയ്സൺ കുന്നേൽ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.