വശീകരിക്കുന്ന തിരുഹൃദയം

റോസിന പീറ്റി

സ്നേഹം എന്ന വാക്കിനെക്കാൾ പലരുടെയും കാതും, കണ്ണും ഉടക്കി പോകുന്ന ഒരു വാക്കാണ് പ്രേമം എന്നത്. അതുകൊണ്ട്, പ്രേമവശ്യനായ ഒരു ദൈവത്തിലേക്ക് നമ്മുടെ കണ്ണുകളെ തിരിക്കാം. ക്രിസ്തു ആരുടെയൊക്കെ അടുത്തെത്തിയോ, അവരെയൊക്കെ അവൻ വശീകരിച്ച് വശത്താക്കിയിട്ടുണ്ട്. ഒരു വധുവിനോട് എന്നപോലെ അരികിൽ വിളിച്ചിരുത്തി ഹൃദയ വിചാരങ്ങൾ പങ്കുവയ്ക്കുന്നവനാണ് നമ്മുടെ ദൈവം. “ഞാന്‍ അവളെ വശീകരിച്ച്‌ വിജനപ്രദേശത്തേക്കു കൊണ്ടുവരും. അവളോടു ഞാന്‍ ഹൃദ്യമായി സംസാരിക്കും”
(ഹോസിയാ 2:14)

ആരും ഇല്ലാതെയാകുന്ന അവസരത്തിൽ, ശൂന്യതയുടെ മണലാരണ്യത്തിൽ എന്നെ കണ്ടെത്തി വാരിപ്പുണർന്നു ചുംബനം നൽകുന്നവനാണവൻ. വധുവിനെ എന്നപോലെ ആടയാഭരണങ്ങളണിയിച്ച് എന്റെ സൗന്ദര്യത്തെ ആസ്വദിക്കുന്നവൻ. “വരന്‍ പുഷ്‌പമാല്യമണിയുന്നതുപോലെയും വധു ആഭരണ ഭൂഷിതയാകുന്നതുപോലെയും അവിടുന്ന്‌ എന്നെ രക്‌ഷയുടെ ഉടയാടകള്‍ ധരിപ്പിക്കുകയും നീതിയുടെ മേലങ്കി അണിയിക്കുകയും ചെയ്‌തു.”(ഏശയ്യാ 61:10) വെള്ളിപതിച്ച സ്വര്‍ണാഭരണങ്ങള്‍ നിനക്കു ഞങ്ങള്‍ ഉണ്ടാക്കിത്തരാം. (ഉത്തമഗീതം 1:11) എന്റെ പാദങ്ങളിൽ പതക്കങ്ങളും വിരലിൽ മുദ്രമോതിരവും അണിയിച്ചു എന്നെ കൊണ്ടുനടക്കാൻ അവന്റെ പ്രേമം അതുല്യമാണ്. ഈ പ്രേമ പരാവശ്യത്തിനു മുന്നിൽ മുൾമുടിയോ, ചാട്ടവാറോ, കുരിശുമരമോ, കുന്തമുനയൊ അവന് പ്രതിബന്ധം ആകുന്നില്ല.

മാറുതുറന്നു തിരുസഭയെ വധുവാക്കി ചേർത്തുപിടിച്ചപ്പോഴാണ് ക്രിസ്തുവിന്റെ ആനന്ദം പൂർണമാകുന്നത്. അവൻ എന്നിൽ നിക്ഷേപിക്കാൻ കരുതിയിരുന്ന തീയ് ഇപ്പോൾ കത്തിജ്വലിക്കുകയാണ്. പലരുടെയും സ്നേഹം നമുക്ക് നിഷേധിക്കപ്പെടുമ്പോൾ, ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു സ്നേഹം നമുക്കായി കാത്തിരിക്കുന്നുവെന്ന സത്യത്തെ ഉൾക്കൊള്ളാൻ നമുക്കാകണം. തിരുഹൃദയ നാഥന്റെ വക്ഷസ്സിലേക്ക് ചാഞ്ഞു ആ സ്നേഹം സ്വന്തമാക്കാം.

റോസീന പീറ്റി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.