ദിവ്യസ്നേഹാഗ്നി: ആര്‍ദ്രസ്നേഹത്തിന്റെ തണലില്‍

അധ്വാനിക്കുന്നവന്റെയും ഭാരം വഹിക്കുന്നവന്റെയും കണ്ണീരൊപ്പി, ആശ്വാസമേകി തന്റെ ആര്‍ദ്ര ഹൃദയത്തിന്റെ തണലില്‍ വിശ്രമം കൊടുക്കുന്ന കനിവിന്റെ കഥകളാണ് തിരുവചനം. കരുണയുടെയും സ്നേഹത്തിന്റെയും അലിവിന്റെയും നിറ ഭണ്ഡാരമായ ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് അനുകമ്പയും ദയയും ഒഴുകി ഇറങ്ങിയപ്പോള്‍ അത് അനേകര്‍ക്ക് ജീവനായി, സൗഖ്യമായി മാറി.

നായിനിലെ വിധവയുടെ കടലോളം വലിയ സങ്കടം ഈശോയുടെ ഹൃദയത്തില്‍ നീറലായി മാറിയപ്പോള്‍ വിധവയായ ആ സ്ത്രീയ്ക്ക് തിരിച്ചുകിട്ടിയത് തന്റെ മകനെ ആയിരുന്നു. നിന്റെ ദയയ്ക്ക് ഞാന്‍ അര്‍ഹനല്ല എന്ന് ചങ്കുപൊട്ടി നിലവിളിച്ചു പറയുന്ന ചുങ്കക്കാരനെ ചേര്‍ത്ത് നിറുത്തി, തന്റെ ദയയ്ക്ക് അതിര്‍വരമ്പുകള്‍ ഇല്ലെന്ന് വിളിച്ചോതുന്ന വിശാല ഹൃദയനാണ് അവിടുന്ന്.

കര്‍ത്താവേ, ദാവീദിന്റെ പുത്രാ, അലിവുണ്ടാകണേ എന്ന അന്ധയാചകന്റെ ദീനരോധനം ദയാനിധിയായവന്റെ ചലനവേഗം കുറച്ചു. കാഴ്ച കിട്ടണമെന്ന അവന്റെ യാചന അലിവാര്‍ന്ന ഹൃദയത്തില്‍ നിന്ന് കാരുണ്യ സൗഖ്യ സ്പര്‍ശനമായി അവനിലേക്ക് ഒഴുകിയിറങ്ങി. ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ എന്നില്‍, നിന്നില്‍ വിങ്ങലുണ്ടാക്കുന്നുണ്ടെങ്കില്‍ ആ വിങ്ങല്‍ അലിവിന്റെ പ്രവര്‍ത്തികളായി അപരന് ആശ്വാസമാകുന്നുണ്ടെങ്കില്‍ അവിടെയാണ് ഈശോയുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതില്‍ അര്‍ത്ഥമുണ്ടാകുന്നത്.

ആശ്വാസത്തിന്റെ ആലങ്കാരികമായ ആയിരം വാക്കുകളേക്കാള്‍ അപരന് ആശ്വാസമേകുന്ന ഒരു കൊച്ചു പ്രവര്‍ത്തിയാണ് ഫലദായകം. ഈശോയെപ്പോലെ ജീവിതത്തിന്റെ ചലനവേഗം ചിലപ്പോഴൊക്കെ ഒന്ന് കുറച്ച് ചുറ്റുപാടുമുള്ളവരിലേക്ക് കണ്ണുകള്‍ തുറന്ന് അപരനെ ആശ്വാസത്തിലേക്ക് നയിക്കുന്ന അലിവിന്റെ ഒരു ചെറു കിരണമായി തീരാന്‍ അനുഗ്രഹിക്കണമേ നാഥാ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.