ദാമ്പത്യം ആഹ്ളാദപൂരിതമാക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍

സമൂഹത്തിനു മുന്നില്‍ മാതൃകാദമ്പതികളെന്ന് അഭിനയിച്ചിട്ട് വീട്ടിലും മനസിലും അഹങ്കാരത്തിന്റെയും താന്‍പോരിമയുടെയും ചിന്തകളും, ദേഷ്യത്തിന്റെയും വെറുപ്പിന്റെയും വേരുകളും പടര്‍ത്തുന്നവരുണ്ട്. മാത്രമല്ല, മനസ്സില്‍ അടിഞ്ഞുകൂടുന്ന നിഷേധാത്മക വികാരങ്ങളായ അടിച്ചമര്‍ത്തപ്പെടല്‍, ദേഷ്യം, വെറുപ്പ്, അസൂയ, വൈരാഗ്യം, അസഹിഷ്ണുത, പുച്ഛം, അഹങ്കാരം, ടെന്‍ഷന്‍ എന്നിവ നിരവധി അസുഖങ്ങളെയും വിളിച്ചുവരുത്തും. അത് കുടുംബത്തിന്റെ മുഴുവന്‍ അവസ്ഥ താറുമാറാക്കും.

അതിനാല്‍ തന്നെ കുടുംബജീവിതം, പ്രത്യേകിച്ച് ദാമ്പത്യജീവിതം സന്തോഷകരവും സമാധാനപരവുമാക്കാന്‍ സഹായിക്കുന്ന ചില നിര്‍ദ്ദേശങ്ങളെ പരിചയപ്പെടാം …

ജോലിയും കുടുംബജീവിതവും ബാലന്‍സ് ചെയ്ത് മുന്നോട്ട് കൊണ്ടുപോവുക. ജോലിക്ക് അമിതപ്രാധാന്യം കൊടുത്ത് ലാപ്‌ടോപ്പും ഫോണുമായി ഓഫീസ് ടെന്‍ഷന്‍ വീട്ടിലേക്കു കൂടി വ്യാപിപ്പിക്കാതിരിക്കുക. ഓഫീസ് സമയത്ത് ജോലി ഏറ്റവും മികച്ച രീതിയില്‍ ചെയ്യുക.

സമ്പാദിക്കുന്നതിന്റെ ഒരു ഭാഗം അര്‍ഹതയുള്ളവരെ സഹായിക്കാന്‍ വിനിയോഗിക്കുക.

നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യം, ആത്മീയകാര്യങ്ങള്‍, ഉന്നതപഠനം, ഉല്ലാസം എന്നിവയ്ക്കായി സമയം കണ്ടെത്തുക.

ചെറിയ കാര്യങ്ങളുടെപോലും മൂല്യം അറിയിച്ച് മക്കളെ വളര്‍ത്തുക. തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് മക്കളെ ശിക്ഷിക്കുക. അതൊരിക്കലും നിങ്ങളുടെ ദേഷ്യം തീര്‍ക്കലാവരുത്.

ദമ്പതികള്‍, ചെറിയ കാര്യങ്ങള്‍ പോലും പരസ്പരം തുറന്നു സംസാരിക്കുക. പങ്കാളിയുടെ ഏതെങ്കിലും പ്രവൃത്തിയിലുള്ള ദേഷ്യം മനസ്സില്‍ വച്ച് പെരുമാറാതിരിക്കുക. പകരം, ഏതെങ്കിലും കാര്യത്തില്‍ അനിഷ്ടമുണ്ടെങ്കില്‍ അത് ശാന്തമായി തുറന്നുപറയുക.

ദിവസം അര മണിക്കൂറെങ്കിലും ജീവിതപങ്കാളിയുമായി തുറന്നു സംസാരിക്കുക. ഒരുമിച്ച് ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ ടിവി കാണരുത്.
സ്വാര്‍ത്ഥത വെടിയുക. എന്റെ കാര്യം മാത്രം എന്നു ചിന്തിക്കാതെ കുടുംബത്തിന്റെ ഒട്ടാകെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുക. മറ്റ് കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കുക.

ജീവിതപങ്കാളിക്കു വേണ്ട പരിഗണനയും ബഹുമാനവും നല്‍കുക.

വിവാഹേതര ബന്ധങ്ങളില്‍ ചെന്നുചാടാതിരിക്കാന്‍ ശ്രദ്ധിക്കുക. അല്‍പസുഖത്തിനായി നിങ്ങള്‍ ചെന്നുവീഴുന്ന കെണികള്‍ ജീവിതം തകര്‍ത്തേക്കാം.

ദാമ്പത്യജീവിതത്തില്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യാന്‍ കഴിയണം. അതിനര്‍ത്ഥം ജീവിതപങ്കാളിയുടെ എല്ലാ തെറ്റുകളെയും അംഗീകരിക്കുക എന്നല്ല. മറിച്ച്, തെറ്റുകളും കുറവുകളും ചൂണ്ടിക്കാട്ടി തിരുത്താന്‍ തയ്യാറാകണം. അതോടൊപ്പം സ്വന്തം പോരായ്മകളും തിരിച്ചറിയണം. കുറവുകള്‍ സ്വയം അംഗീകരിക്കുന്നവര്‍ക്കു മാത്രമേ അത് തിരുത്താനും ജീവിതത്തെ കൂടുതല്‍ മെച്ചപ്പെടുത്താനും കഴിയൂ.

ഞാന്‍ ചെയ്യുന്നതാണ് ശരി, എന്നെ ആര്‍ക്കും തിരുത്താന്‍ അവകാശമില്ല എന്ന ചിന്താഗതി മാറ്റുക. ഒഴുക്കില്‍പ്പെട്ട് അനേകകാലത്തെ ഉരസലുകളിലൂടെയാണ് പരുക്കനായ പാറക്കല്ല് മിനുസ്സവും ഭംഗിയുമുള്ള ഒരു വെള്ളാരംകല്ലായി തീരുന്നത്. അതുപോലെ നിങ്ങളുടെ മോശം ചിന്താഗതികളും മനോഭാവങ്ങളും തെറ്റായ ധാരണകളും മോശം പെരുമാറ്റങ്ങളും മാറ്റാന്‍ നിങ്ങളെ വിമര്‍ശിക്കുന്നവര്‍ സഹായിക്കുകയാണെന്ന് തിരിച്ചറിഞ്ഞാല്‍ കുറ്റപ്പെടുത്തലുകളെ സഹിഷ്ണുതയോടെ സ്വീകരിക്കാന്‍ കഴിയും.

നിങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള ഉപകരണങ്ങളായി മക്കളെ കാണാതിരിക്കുക. അവരുടെ താല്‍പര്യവും അഭിരുചികളും മനസ്സിലാക്കി ആ മേഖലയില്‍ ആവശ്യമായ പ്രോത്സാഹനം കൊടുക്കുക.

മൂടിവയ്ക്കാനുള്ളതല്ല സ്‌നേഹം. അത് പ്രകടിപ്പിക്കുക. ജീവിതപങ്കാളിയെ പണമെടുക്കാനുള്ള എ.ടി.എം മെഷീനായി മാത്രം കാണാതെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുക.

കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍ ദമ്പതികള്‍ തന്നെ പരസ്പരം പറഞ്ഞു തീര്‍ക്കുക. അത് മൂന്നാമതൊരാളിലേയ്ക്ക് എത്താതിരിക്കാന്‍ ശ്രദ്ധിക്കുക.

ശരിയായ മണി മാനേജ്‌മെന്റ് കുടുംബജീവിതത്തില്‍ നടപ്പാക്കുക. വരുമാനത്തേക്കാള്‍ കൂടിയ ചെലവും അമിത കടബാധ്യതയും കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ സൃഷ്ടിക്കുമെന്ന് ഓര്‍ക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ