ജപമാല മധുരം ഒക്ടോബർ 27: ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കൾ

തീരം തേടി..

ഫാ. അജോ രാമച്ചനാട്ട്

മഗല്ലൻ – ഒരുപക്ഷേ, ജീവിതത്തിൽ ആദ്യമായി ഒരു ആരാധന തോന്നിയത് അയാളോടാണെന്നു തോന്നുന്നു. ഭൂമി മുഴുവൻ കപ്പലിൽ ചുറ്റിയെത്തിയ ഈ  പോർച്ചുഗീസ് നാവികനാണ് ഭൂമി ഉരുണ്ടതാണെന്ന് ശാസ്ത്രീയമായി തെളിയിച്ചത് (അദ്ദേഹത്തിന് ആ യാത്ര പൂർത്തീകരിക്കാൻ സാധിച്ചില്ല; കൂടെയുള്ളവരാണ് തീർത്തത് എന്ന് പിന്നീട് വായിച്ചറിഞ്ഞു).

ഒരു യാത്ര തുടങ്ങിയിട്ട്, തുഴഞ്ഞു തുഴഞ്ഞ്, അലഞ്ഞലഞ്ഞ് വീണ്ടും അവിടെത്തന്നെ തിരിച്ചെത്തുക. എങ്ങനെയുണ്ട്? മനോഹരമായ പറുദീസയിൽ നിന്ന് പുറത്താക്കപ്പെടുന്ന ഹവ്വായും മക്കളും. നോക്കണേ, വീണ്ടും പറുദീസയിലേയ്ക്ക് തിരിച്ചെത്തുകയാണ് ഹവ്വയുടെ മക്കൾ – മഗല്ലനെപ്പോലെ..

ജപമാല – ഒരു magical loop ആണ് ചങ്ങാതീ. സർവവും നഷ്ടപ്പെട്ടിടത്തു നിന്ന് എന്നെയും നിന്നെയും ഉണ്മയിലേയ്ക്ക്‌ എത്തിക്കാൻ കഴിവുള്ള ദുർബലരുടെ ആയുധം. മറിയത്തെ സഭാപിതാക്കന്മാർ രണ്ടാം ഹവ്വയെന്നാണ് വിളിക്കുന്നത്. അനുസരണക്കേട് കൊണ്ട് ആദ്യഹവ്വാ പറുദീസ നഷ്ടപ്പെടുത്തിയെങ്കിൽ, മറിയം അനുസരണവും വിധേയത്വവും കൊണ്ട് നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കുകയാണ്.

നഷ്ടപ്പെട്ട പറുദീസയുടെ മുന്നിൽ നിന്ന് കണ്ണീർ വാർക്കരുത്. എല്ലാം തീർന്നുവെന്ന് പറഞ്ഞ് തോറ്റു പിന്മാറുകയുമരുത്. കാരണം, മറിയം എന്നു പേരുള്ള ആ ധീരനാവിക തുഴയുന്നത് സ്വർഗത്തിലേയ്‌ക്കാണ്! അതെ. ആബേലച്ചൻ കുരിശിൻ്റെ വഴിയിൽ എഴുതിയ “കണ്ണുനീരിന്റെയും, രക്തത്തിന്റെയും ആ വഴിയിൽക്കൂടി തന്നെയാണ് ഈ യാത്ര. അങ്ങ് സ്വർഗ്ഗവാതിലെത്തുവോളം തകരാത്ത കപ്പൽ – മറിയം !

അമ്മേ, നിന്റെ സ്നേഹത്തിന്റെ നീലയങ്കി കൊണ്ട് പൊതിഞ്ഞ് ഞങ്ങളെ സ്വർഗതീരത്തണയുവോളം നഷ്ടപ്പെടാതെ കാക്കണേ. ആമ്മേൻ.

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവം..
ഫാ. അജോ രാമച്ചനാട്ട്