ജപമാലഭക്തി മിശിഹാകേന്ദ്രീകൃതം

ജോസ് ക്ലെമെന്റ്

”യേശുവിലേക്ക് മറിയത്തെപ്പോലെ സുനിശ്ചിതവും അത്ര ശീഘ്രവുമായ മറ്റൊരു മാര്‍ഗം വേറെയില്ല. ലോകത്തിലാരും അവളെപ്പോലെ യേശുവിനെ അറിഞ്ഞിട്ടില്ല. യേശുവിനെ അറിയാനുള്ള ഏറ്റവും നല്ല വഴികാട്ടിയും അധ്യാപികയും ജപമാല രാജ്ഞി തന്നെ. യേശുവുമായി നമ്മെ ഒന്നിപ്പിക്കാന്‍ ഈ അമ്മയെപ്പോലെ മറ്റാര്‍ക്കും കഴിയില്ല.” വിശുദ്ധ പത്താം പീയൂസ് പാപ്പാ

ആനന്ദകരവും ആശ്വാസകരവുമായ ഒരറിവാണ് മഹാനായ ലെയോ പതിമൂന്നാമന്‍ പാപ്പാ പരിശുദ്ധ ജപമാല റാണിയെക്കുറിച്ച് പങ്കുവച്ചിട്ടുള്ളത്. ”പരിശുദ്ധ ജപമാല മാതാവ് എന്റെ അമ്മയാണ്. സ്വര്‍ഗത്തില്‍ ഉന്നതിയില്‍ അവളായിരിക്കുന്നത് എന്നെ സഹായിക്കാന്‍ വേണ്ടിയാണ്.” ദുരിതപൂര്‍ണമായ ഈ ലോകജീവിതത്തില്‍ ഓരോരുത്തരെയും സഹായിക്കാനും അവരോടൊപ്പം ആയിരിക്കാനും സ്വര്‍ഗത്തില്‍ മനുഷ്യര്‍ക്കുവേണ്ടി മാധ്യസ്ഥ്യം വഹിച്ച് പ്രാര്‍ത്ഥിക്കാനും ഈ അമ്മ എന്നും ജാഗരൂകയാണ്. മറിയത്തോടുള്ള ഭക്തിയില്‍ ആരെല്ലാം ചരിക്കുന്നുവോ അവര്‍ക്കെല്ലാം പുത്രന്റെയടുക്കല്‍ മധ്യവര്‍ത്തിയായി പരിശുദ്ധ മറിയം ഉണ്ടാകും. അതിനാല്‍ മരിയഭക്തി മിശിഹാ കേന്ദ്രീകൃതമാണ്.

ജപമാലഭക്തി ഒരു മരിയഭക്തി ആണെങ്കിലും അത് മിശിഹാ കേന്ദ്രീകൃതമാണ്. ‘നന്മനിറഞ്ഞ മറിയമേ’ എന്ന ജപം ആവര്‍ത്തിക്കുന്ന പ്രാര്‍ത്ഥനയല്ല ജപമാല. ഈശോയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ സുവിശേഷഭാഗങ്ങളുടെ ധ്യാനമാണ് ജപമാല പ്രാര്‍ത്ഥന. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ 2002 ഒക്‌ടോബര്‍ 16-ന് പ്രസിദ്ധീകരിച്ച ‘Rosarium Virginis Marie’ എന്ന ശ്ലൈഹിക തിരുവെഴുത്തില്‍ ജപമാല മിശിഹാ കേന്ദ്രീകൃത മരിയഭക്തിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജപമാലഭക്തിയെക്കുറിച്ച് രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു ശേഷമുണ്ടായ അവ്യക്തതകള്‍ക്കുള്ള മറുപടിയാണ് ഈ തിരുവെഴുത്ത്.

മറിയത്തോടുള്ള ഓരോ പ്രാര്‍ത്ഥനയും അവസാനിക്കുന്നത് ക്രിസ്തുവിലാണ്. പരിശുദ്ധ മറിയത്തില്‍ നിന്നും ക്രിസ്തുവിനെക്കുറിച്ച് പഠിക്കാനും അതുവഴി നിത്യരക്ഷയുടെ പാതയിലൂടെ സഞ്ചരിച്ച് അത് സ്വന്തമാക്കാനുമുള്ള ഓര്‍മ്മപ്പെടുത്തല്‍ ഓരോ ജപമാലയും സൂചിതമാക്കുന്നുണ്ട്. അതുകൊണ്ടാണ് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പറയുന്നത്: ”പരിശുദ്ധ മറിയത്തിന്റെ പാഠശാലയിലാണ് നാം ദിവ്യകാരുണ്യ ഭക്തി അഭ്യസിക്കേണ്ടതെന്ന്.” പരിശുദ്ധ മറിയത്തിലൂടെ സ്വായത്തമാക്കുന്ന ക്രിസ്തുവിനെക്കുറിച്ചുള്ള അറിവുകള്‍ സന്തോഷത്തിലേക്ക് നയിക്കുന്നു. മംഗളവാര്‍ത്തയ്ക്ക് പ്രത്യുത്തരവും നല്‍കി ഇളയമ്മയായ എലിസബത്തിനെ സന്ദര്‍ശിക്കാനെത്തിയ മറിയത്തെ കണ്ട് എലിസബത്തിന്റെ ഉദരത്തിലുള്ള ശിശു കുതിച്ചുചാടിയെന്നാണ് സുവിശേഷകന്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇതിനുകാരണം മറിയത്തില്‍ ദൈവത്തിന്റെ പൂര്‍ണ്ണത കുടികൊണ്ടിരുന്നു. പരിശുദ്ധ മറിയം തന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നിട്ടുള്ള മാതൃക ഇതുതന്നെയാണ്. സ്വന്തം പുത്രന്‍ പീഢകള്‍ സഹിക്കുമ്പോള്‍ ആ ദുഃഖങ്ങളെ സഹിഷ്ണുതാപൂര്‍വ്വം സഹിക്കാനും ജീവിതത്തെ വീണ്ടും സ്വര്‍ഗ്ഗോന്മുഖമാക്കാനും അതുവഴി സന്തോഷപൂര്‍ണമായ സമാധാന ജീവിതം നയിക്കാനും ഈ അമ്മയ്ക്കു സാധിച്ചു.

പരിശുദ്ധ അമ്മയുടെ സ്തുതിക്കായി നടത്തുന്ന ജപമാല പ്രാര്‍ത്ഥനയും മറ്റ് ഭക്താനുഷ്ഠാനങ്ങളും വെറുമൊരു പ്രഹസനമാക്കി മാറ്റരുത്. കാരണം, നമ്മുടെ തലമുറയെ ക്രിസ്തുവിനെ മനസ്സിലാക്കിക്കൊടുക്കാനും അവനിലേക്ക് അടുപ്പിക്കാനുമുള്ള ഗോവണികളാണ് ജപമാലയും മറ്റു മരിയന്‍ ഭക്താനുഷ്ഠാനങ്ങളും. അതാണ് വിശുദ്ധ അംബ്രോസ് പറയുന്നത്: ”കര്‍ത്താവിനെ പ്രകീര്‍ത്തിക്കാന്‍ പരിശുദ്ധ മറിയത്തിന്റെ ആത്മാവും, രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കാന്‍ പരിശുദ്ധ മറിയത്തിന്റെ അരൂപിയും ക്രിസ്ത്യാനികള്‍ക്ക് ഉണ്ടാകണ”മെന്ന്. ആരാധനക്രമ പ്രാര്‍ത്ഥനകള്‍ കൂടാതെ വിശ്വാസികള്‍ക്ക് ഉപയോഗിക്കാവുന്ന ലളിതവും ധ്യാനാത്മകവുമായ മിശിഹാകേന്ദ്രീകൃത പ്രാര്‍ത്ഥനയാണ് ജപമാല. ഈശോയിലൂടെ സംഭവിച്ച രക്ഷാകര സംഭവം അനുസ്മരിക്കുകയും ആഘോഷിക്കുകയുമാണ് ആരാധനക്രമമെങ്കില്‍ ജപമാല ആ സംഭവം ആഘോഷിക്കാന്‍ മാനവനെ ഒരുക്കുകയും അത് ജീവിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു.

ഈശോയെ ധ്യാനിച്ചുകൊണ്ട് നാം മറിയത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ മറിയം നമുക്ക് കാണിച്ചുതരുന്നത് ഈശോയെ മാത്രമല്ല, മറിയത്തിന്റെ പ്രാര്‍ത്ഥന കൂടെ ഈശോയോടാണെന്ന് ബോധ്യപ്പെടുത്തുകയാണ്. അങ്ങനെയാകുമ്പോള്‍ ജപമാല വചനധ്യാനം മാത്രമല്ല ഇതൊരു മധ്യസ്ഥ പ്രാര്‍ത്ഥന കൂടെയായിത്തീരുന്നു. ജീവിതത്തില്‍ തളര്‍ന്നുപോയവരെയും, സഹനങ്ങളുടെ തീക്കനലിലൂടെ നടക്കുന്നവരെയും, പരാജയഭീതിയില്‍ കഴിയുന്നവരെയും, അപമാനഭാരത്താല്‍ ക്ലേശിക്കുന്നവരെയുമെല്ലാം പരിശുദ്ധ മറിയം തന്റെ ജപമാല പ്രാര്‍ത്ഥനയുടെ കവചം കൊണ്ട് സംരക്ഷിച്ച് സാന്ത്വനപ്പെടുത്തുകയാണ്. വര്‍ത്തമാനകാല സാക്ഷ്യങ്ങളായി ഒട്ടേറെ അനുഭവസാക്ഷ്യങ്ങള്‍ നമുക്കു ചുറ്റുമുണ്ട്.

വചനം ഇരുതലവാളും, കൂടവും തീയും നമ്മെ ശുദ്ധീകരിക്കുന്ന ആത്മാവും ജീവനുമാണെങ്കില്‍ ഓരോ തവണയും മിശിഹാ രഹസ്യങ്ങളുടെ ധ്യാനത്തോടെ നല്‍കപ്പെട്ട പ്രാര്‍ത്ഥനകള്‍ വിശ്വാസത്തോടെ ആവര്‍ത്തിക്കുകയും ചൊല്ലുകയും ചെയ്യുമ്പോള്‍ വചനത്തിലെ കൃപയും വചനത്തിന്റെ ശക്തിയും ജപമാലയിലൂടെ നാം സ്വന്തമാക്കുകയാണ് ചെയ്യുന്നത്.

ജോസ് ക്ലെമെന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.