മുഖ്യദൂതന്മാരെ ഓർമ്മിക്കുമ്പോൾ…

മാലാഖമാർ എന്ന് വിശുദ്ധ ഗ്രന്ഥം വിളിക്കുന്ന അരൂപികളും അശരീരികളുമായ സൃഷ്ടികളുടെ അസ്തിത്വം കത്തോലിക്കാ വിശ്വാസത്തിലെ ഒരു സത്യമാണ് (CCC-328). കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം 334 നമ്പറിൽ മാലാഖമാരുടെ രഹസ്യാത്മകവും സുശക്തവുമായ സഹായം സഭാജീവിതത്തിനു മുഴുവൻ പ്രയോജനപ്പെടുന്നുവെന്നു പഠിപ്പിക്കുന്നു. സെപ്റ്റംബർ മാസം ഇരുപത്തി ഒമ്പതാം തീയതി തിരുസഭ, മുഖ്യദൂതന്മാരായ വി. മിഖായേൽ, ഗബ്രിയേൽ, റഫായേൽ എന്നിവരുടെ തിരുനാൾ ആലോഷിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ പേര് പരാമർശിക്കപ്പെട്ട മൂന്നു മാലാഖമാരാണിവർ.

1. മുഖ്യദൂതൻ

ഗ്രീക്ക് ഭാഷയിൽ Αρχάγγελος archangelos എന്നു പറഞ്ഞാൽ ഉയർന്ന ശ്രേണിയിലുള്ള ദൂതൻ അഥവാ പ്രധാന ദൂതൻ എന്നാണ് അർത്ഥം. മെത്രാൻ, മെത്രാപ്പോലീത്താ എന്നൊക്കെ പറയുന്നതുപോലെ. വിശുദ്ധ ഗ്രന്ഥത്തിൽ മിഖായേൽ മാലാഖയെ മാത്രമേ മുഖ്യദൂതനായി പ്രതിപാദിക്കുന്നുള്ളൂ; യൂദാസിന്റെ ലേഖനം ഒൻപതാം വാക്യത്തിൽ. “പ്രധാന ദൂതനായ മിഖായേല്‍ 1 (യൂദാസ്‌ 1:9) എങ്കിലും ഗബ്രിയേലിനെയും റഫായേലിനെയും മുഖ്യദൂതന്മാരായി സഭ വണങ്ങുന്നു.

മുഖ്യദൂതന്മാരെ വിശുദ്ധർ എന്നു വിളിക്കുന്നത് എന്തിന്?

വിശുദ്ധർക്കുള്ള ഗ്രീക്ക് വാക്ക് ഹാഗിയോസ് (χαγιος hagios) എന്നാണ്. അതിന് മനുഷ്യരായ വിശുദ്ധ വ്യക്തികൾ എന്നു മാത്രം അർത്ഥമില്ല. അതിനാൽ മനുഷ്യരല്ലാത്ത വിശുദ്ധജന്മങ്ങളെയും വിശുദ്ധർ എന്നു വിളിക്കാം. മുഖ്യദൂതന്മാരായ മിഖായേൽ, ഗബ്രിയേൽ, റഫായേൽ എന്നിവർ തിന്മയുടെ പക്ഷം ചേരാതെ ദൈവത്തോടൊപ്പം നിലകൊണ്ടവരാണ്. സാത്താന്റെ കുടിലതന്ത്രങ്ങൾക്ക് വശംവദരാകാതെ ദൈവത്തോടൊപ്പം നിന്ന എല്ലാ മാലാഖമാരും വിശുദ്ധരാണ്.

വി. മിഖായേൽ മാലാഖയുടെ തിരുനാൾ ദിനം അല്ലങ്കിൽ മിഖായേൽ മാലാഖയെ അനുസ്മരിച്ചു കൊണ്ടു നടത്തുന്ന വിശുദ്ധ കുർബാനക്ക് ഇംഗ്ലീഷിൽ ‘Michaelmas’ എന്നാണ് പറയുക.

2. മിഖായേൽ മാലാഖ

മിഖായേൽ എന്ന പേരിന്റെ അർത്ഥം ‘ദൈവത്തെപ്പോലെ ആരുണ്ട്’ എന്നാണ്. “Who is like God?” എന്താണ് ഇത് അർത്ഥമാക്കുക? ദൈവമാണ് ഏറ്റവും മഹോന്നതൻ എന്നാണ്. വിശുദ്ധ ഗ്രന്ഥത്തിലെ മൂന്നു പുസ്തകങ്ങളിൽ മിഖായേൽ എന്ന പേരിനെപ്പറ്റി പരാമർശമുണ്ട്.

ദാനിയേൽ പ്രവാചകന്റെ പുസ്തകത്തിൽ “പ്രധാന ദൂതന്മാരില്‍ ഒരാളായ മിഖായേല്‍ എന്റെ സഹായത്തിനെത്തി” (ദാനി. 10:13) എന്നു കാണാം. ദാനിയലിന്റെ പന്ത്രണ്ടാം അദ്ധ്യായത്തിൽ മിഖായേൽ, “നിന്റെ ജനത്തിന്റെ ചുമതല വഹിക്കുന്ന മഹാപ്രഭുവായ മിഖായേല്‍” (ദാനി. 12:1) എന്നാണ് മിഖായേലിനെപ്പറ്റി പറയുക. അതുവഴി ഇസ്രായേൽ ജനത്തിന്റെ കാവൽമാലാഖയായി മിഖായേലിനെ ചിത്രീകരിച്ചിരിക്കുന്നു. ഈ വചനഭാഗങ്ങളെല്ലാം ഇസ്രായേലിലെ ആത്മീയശക്തിക്കെതിരെ പടവെട്ടുന്നവരെ എതിർക്കുന്ന യോദ്ധാവായി മിഖായേലിനെ കാണുന്നു.

വെളിപാടിന്റെ പുസ്തകത്തിൽ മിഖായേലും മാലാഖമാരും പിശാചിനെതിരെ പടവെട്ടുകയും അവരെ സ്വർഗ്ഗത്തിൽ നിന്നു പുറത്താക്കുന്നതായും കാണാൻ കഴിയും (വെളി. 12:7-8). മിഖായേലിന്റെ പേര് പരാമർശിക്കുന്നില്ലങ്കിലും വെളിപാടിന്റെ ഇരുപതാം അദ്ധ്യായത്തിൽ സാത്താനെ ബന്ധിച്ച് പാതാളത്തിലേക്കു വലിച്ചെറിഞ്ഞ് ആയിരം വർഷത്തേക്ക് മുദ്ര ചെയ്യുന്ന മാലാഖയായി ചിത്രീകരിച്ചിരിക്കുന്നു (വെളി. 20:1-3).

സഭാപാരമ്പര്യമനുസരിച്ച് മിഖായേൽ മാലാഖ, മരണസമയത്ത് നമ്മുടെ ആത്മാക്കളെ സംരക്ഷിക്കുകയും ശുദ്ധീകരണസ്ഥലത്തു നിന്ന് ആത്മാക്കളെ രക്ഷിക്കുകയും ചെയ്യുന്നു.

3. ഗബ്രിയേൽ മാലാഖ

ഗബ്രിയേൽ എന്ന പേരിന്റെ അർത്ഥം ‘ദൈവം എന്റെ യോദ്ധാവ്’ എന്നാണ്. അതായത്, അടിസ്ഥാനപരമായി ദൈവം എന്റെ സംരക്ഷകൻ എന്നർത്ഥം. ബൈബളിലെ രണ്ടു ഗ്രന്ഥങ്ങളിൽ ഗബ്രിയേലിനെപ്പറ്റി പരാമർശമുണ്ട്.

ഒന്നാമതായി, ദാനിയേൽ കണ്ട ദർശനത്തിന്റെ അർത്ഥം മനസ്സിലാക്കാൻ സഹായിക്കാനായി ദൈവം നിയോഗിച്ച വ്യക്തിയാണ് ഗബ്രിയേൽ (ദാനി. 8:16). പിന്നീട് ദാനിയേൽ സായാഹ്നബലി അർപ്പിക്കുമ്പോൾ ഗബ്രിയേൽ പറന്നുവരുകയും (ദാനി. 9:21) ഇസ്രായിലെ ഭാവിയെ സംബന്ധിച്ച് വർഷത്തിലെ എഴുപത് ആഴ്ചകളെക്കുറിച്ചുള്ള പ്രവചനം നടത്തുകയും ചെയ്യുന്നു (ദാനി. 9:24-27).

ലൂക്കാ സുവിശേഷത്തിൽ സ്നാപകയോഹന്നാന്റെ ജനനത്തെപ്പറ്റി അറിയിക്കാൻ പുരോഹിതനായ സഖറിയാക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നതും (ലൂക്കാ 1:13-19) പരിശുദ്ധ കന്യകാമറിയത്തെ രക്ഷകന്റെ ജനനത്തെക്കുറിച്ച് മംഗളവാർത്ത അറിയിക്കുന്നതും (ലൂക്കാ 1:26-33) ഗബ്രിയേൽ ദൂതനാണ്.

രക്ഷാകരചരിത്രത്തിലെ സുപ്രധാനമായ രണ്ട് ജനനങ്ങളെപ്പറ്റി അറിയിക്കാൻ ഭാഗ്യം ലഭിച്ച ദൂതനാണ് പുതിയ നിയമത്തിൽ ആദ്യം പേര് പരാമർശിക്കുന്ന ഗബ്രിയേൽ ദൂതൻ.

4. റഫായേൽ മാലാഖ

‘ദൈവം സുഖപ്പെടുത്തുന്നു’ എന്നാണ് റഫായേൽ എന്ന പേരിന്റെ അർത്ഥം. വിശുദ്ധ ഗ്രന്ഥത്തിലെ ഒരു പുസ്തകത്തിലേ റഫായേലിനെക്കുറിച്ചുള്ള പരാമർശമുള്ളൂ.

തോബിത്തിന്റെ പുസ്തകത്തിൽ, അന്ധനായ തോബിത്തും അസ്‌മോദേവൂസ്‌ എന്ന ദുഷ്‌ടപിശാചിനാല്‍ ഏഴു ഭർത്താക്കന്മാർ വധിക്കപ്പെട്ടവളുമായ സാറയും ദൈവത്തോടു പ്രാർത്ഥിക്കുന്നു. ഇരുവരുടെയും പ്രാർത്ഥന അത്യുന്നതനായ ദൈവത്തിന്റെ സന്നിധിയിലെത്തുന്നു. രണ്ടു പേർക്കും സൗഖ്യം നൽകാൻ ദൈവം റഫായേൽ ദൂതനെ അയക്കുന്നു.

“ഇരുവരുടെയും പ്രാര്‍ത്ഥന ദൈവത്തിന്റെ മഹനീയസന്നിധിയിലെത്തി. അവര്‍ ഇരുവര്‍ക്കും ഉപശാന്തി നല്‍കാന്‍ – തോബിത്തിന്റെ കണ്ണുകളിലെ വെളുത്തപടലം നീക്കം ചെയ്യാനും റഗുവേലിന്റെ പുത്രി സാറായെ തോബിത്തിന്റെ പുത്രന്‍ തോബിയാസിന് വധുവായി നല്‍കാനും അസ്‌മോദേവൂസ്‌ എന്ന ദുഷ്‌ടഭൂതത്തെ ബന്ധിക്കാനും – റഫായേല്‍ നിയുക്‌തനായി” (തോബിത്‌ 3:16- 17).

റഫായേൽ, അനനിയാസിന്റെ പുത്രന്‍ അസറിയാസ്‌ എന്ന ധാരണയിൽ തോബിയാസിന്റെ സഹയാത്രികനായി (തോബിത്‌ 5:12). ക്രമേണ റഫായേൽ പിശാചിനെ ബന്ധിക്കുകയും തോബിയാസിന് സാറായെ സുരക്ഷിതമായി വിവാഹം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. തോബിത്തിന്റെ അന്ധത മാറ്റാനുള്ള മാർഗ്ഗവും ദൈവദൂതൻ പറഞ്ഞുകൊടുക്കുന്നു. അവസാനം താൻ ആരാണെന്ന് റഫായേൽ തന്നെത്തന്നെ അവർക്കു വെളിപ്പെടുത്തിക്കൊടുക്കുന്നു.

“ഞാന്‍ റഫായേലാണ്‌; വിശുദ്ധരുടെ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുകയും പരിശുദ്ധനായവന്റെ മഹത്വത്തിന്റെ സന്നിധിയില്‍ പ്രവേശിക്കുകയും ചെയ്യുന്ന ഏഴു വിശുദ്ധ ദൂതന്മാരില്‍ ഒരുവന്‍” (തോബിത്‌ 12:15).

സഭാപാരമ്പര്യമനുസരിച്ച് യോഹന്നാന്റെ സുവിശേഷം അഞ്ചാം അദ്ധ്യായത്തിൽ, ബെത്‌സയ്ദ കുളത്തിലെ വെള്ളം ഇളക്കുന്ന, പേര് പരാമർശിക്കാത്ത വ്യക്തി, റഫായേൽ ദൈവദൂതനാണന്നു പറയപ്പെടുന്നു. ഏറ്റവും എളുപ്പത്തിൽ സമീപിക്കാൻ കഴിവുള്ള മുഖ്യദൂതനാണ് റഫായേൽ മാലാഖ.

മുഖ്യദൂതന്മാരുടെ തിരുനാൾ ദിനത്തിൽ, ‘ദൈവത്തെപ്പോലെ ആരുണ്ട്’ എന്ന ചോദ്യത്തോടെ ദൈവമഹത്വം പ്രഘോഷിക്കുന്നവരും ദൈവത്തിന്റെ ശക്തിയായ ഗബ്രിയേലിനെപ്പോലെ സത്യവിശ്വാസം സംരക്ഷിക്കുന്നവരും ദൈവത്തിന്റെ ഔഷധമായ റഫായേലിനെപ്പോലെ ലോകത്തിന് സൗഖ്യം പകരുന്നവരുമാകാം…

ഫാ. ജയ്‌സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.