ചലനമറ്റ ശരീരത്തോടെ കർത്താവിനെ പ്രഘോഷിച്ച നീനോ ബഗ്ലിയേരി

യുവത്വത്തിന്റെ ചുറുചുറുക്കോടെ പതിനേഴാം വയസ്സിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ വലിയൊരു വീഴ്ചയെ തുടർന്നാണ് നീനോയുടെ ശരീരം തളർന്നു പോകുന്നത്. കഴുത്തിനു താഴേക്ക് പൂർണ്ണമായും തളർന്ന ശരീരത്തോടെ 40 വർഷത്തോളം നീനോ ഈ ഭൂമിയിൽ ജീവിച്ചിരുന്നു. ആ നാളുകളിൽ തന്റെ ദൗത്യം ക്രിസ്തുവിനെ ലോകത്തിന് പരിചയപ്പെടുത്തുക എന്നതാണെന്ന് തിരിച്ചറിഞ്ഞ നീനോ തന്റെ ജീവിത സാക്ഷ്യത്തിലൂടെ ക്രിസ്തുവിനെ പങ്കുവച്ചു. ദീർഘനാളത്തെ കഷ്ടപ്പാടുകൾക്കൊടുവിൽ 2007 മാർച്ച് രണ്ടിന് മരണമടഞ്ഞ അദ്ദേഹത്തെ ഇന്ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിനുള്ള നാമകരണ നടപടികൾ ആരംഭിച്ചിരിക്കുകയാണ്‌. ഈ അവസരത്തിൽ അറിയാം നീനോ ബഗ്ലിയേരിയുടെ ജീവിതത്തെ.

ജീവനെ സംരക്ഷിച്ച അമ്മ

“ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാൻ അവനെ പരിപാലിക്കും” എന്നായിരുന്നു നീനോയുടെ ക്ലേശങ്ങൾ കണ്ട് ദയാവധം നിർദേശിച്ചവരോട് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞ മറുപടി. ഒരു ജീവൻ സംരക്ഷിക്കുന്നതിലൂടെ ഒരുപാട് ജീവിതങ്ങളെ ക്രിസ്തുവിലേക്കു നയിക്കുന്ന ഒരു വിശുദ്ധനെയായിരുന്നു ആ അമ്മ സംരക്ഷിച്ചത്.

പത്തുവർഷത്തിനൊടുവിലെ ദൈവാനുഭവം

1968 മെയ് ആറിന് വിശുദ്ധ ഡോമിനിക്കിന്റെ തിരുനാൾ ദിനത്തിലാണ് ഇഷ്ടിക പണിക്കാരനായി ജോലി ചെയ്തിരുന്ന നീനോ അപ്രതീക്ഷിതമായി വീഴുന്നത്. വീഴ്ചയെ തുടർന്ന് കിടപ്പിലായ നീനോ മാനസികവും ശാരീരികവും ആയി വലിയ ക്ലേശങ്ങളിലൂടെയാണ് കടന്നുപോയത്. പത്തുവർഷത്തിനുശേഷം 1978 -ലെ ഒരു ദുഃഖവെള്ളിയാഴ്ച ‘റിന്യൂവൽ ഇൻസ്പിരിറ്റ്’ എന്ന പ്രാർഥനാ ഗ്രൂപ്പിലെ അംഗങ്ങൾ അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കാനായി വീട്ടിലെത്തി. “പഴയതെന്തോ എന്നിൽ നിന്നും പുറത്തു പോയി, ഒരു പുതിയ ശക്തി എന്നിൽ പ്രവേശിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഞാൻ ‘യെസ്’ എന്ന് യേശുവിനോട് പറഞ്ഞുകൊണ്ട് എന്റെ കുരിശ് സ്വീകരിച്ചു.” എന്നാണ് നീനോ ആ പ്രാർഥനാനിമിഷത്തെക്കുറിച്ച് പങ്കുവച്ചത്.

സുവിശേഷ പ്രഘോഷണത്തിന്റെ ആരംഭം

ശാരീരിക സൗഖ്യത്തേക്കാൾ ആത്മീയ സൗഖ്യം പ്രാപിച്ച നീനോ തന്റെ വായ ഉപയോഗിച്ച് എഴുതാൻ പഠിച്ചു. തുടർന്ന് തന്റെ ഓർമ്മക്കുറിപ്പുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകൾക്ക് കത്തുകളും എഴുതി അയക്കാൻ തുടങ്ങി. കൂടാതെ ടെലിഫോണിൽ നമ്പറുകൾ ഡയൽ ചെയ്ത് നിരവധി രോഗികളുമായി നേരിട്ട് ഇടപെടുകയും അവരിൽ പ്രത്യാശ പകരുകയും ചെയ്തു. സഹനങ്ങളിൽ മാറ്റുരയ്ക്കപ്പെട്ടതു കൊണ്ടാകാം നീനോയുടെ ശാന്തമായ വാക്കുകൾ അനേകരെ ആശ്വസിപ്പിച്ചിരുന്നു. സലേഷ്യൻസിന്റെ നേതൃത്വത്തിലുള്ള ഡോൺ ബോസ്കോയുടെ വോളണ്ടിയർമാരുടെ കൂട്ടായ്മയിൽ ചേർന്ന് കൂടുതൽ സജീവമായി ക്രിസ്തുവിനെ പങ്കുവച്ചു.

ഷൂസ് ധരിച്ച് നിത്യതയിലേക്ക്

“ദൈവത്തിലേക്കുള്ള എന്റെ അവസാന യാത്രയിൽ അവിടത്തെ അരികിലേക്ക് വേഗം ഓടിയെത്താൻ കഴിയണം” എന്ന പറഞ്ഞിരുന്ന നീനോയുടെ ആഗ്രഹപ്രകാരം ഷൂസുകൾ ധരിച്ചാണ് അവനെ അടക്കം ചെയ്തത്. 1951- ൽ സിസിലിയിലെ പട്ടണമായ മോഡിക്കയിൽ ആരംഭിച്ച നീനോ ബഗ്ലിയേരിയുടെ ജീവിതം ദീർഘനാളത്തെ സഹനങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ചുകൊണ്ട് 2007 മാർച്ച് രണ്ടിന് അവസാനിക്കുന്നത്. സഹനങ്ങളുടെയും ക്ലേശങ്ങളുടെയും നടുവിലും പ്രകാശം പരത്തുന്ന ഒരു വിളക്കുപോലെ ഇദ്ദേഹം അനേകം ഹൃദയങ്ങളെ പ്രത്യാശയിലേക്കും നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.