പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ ചില ആത്മീയ നിര്‍ദ്ദേശങ്ങള്‍

ഈശോയുടെ ജനനത്തിനായി ഒരുങ്ങുന്ന നിമിഷങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. വിശുദ്ധിയിലേയ്ക്കുള്ള ഒരു യാത്രയിലാണ് നാം. ഈ നിമിഷം നാം നമ്മുടെ ചിന്തകളെയും വാക്കുകളെയും പ്രവര്‍ത്തികളെയും വിശുദ്ധമായി സൂക്ഷിക്കേണ്ടതുണ്ട്.

ഒരു തെറ്റിലേയ്ക്ക് നമ്മെ നയിക്കുന്ന ധാരാളം കാര്യങ്ങളുണ്ട്. ചിന്തകളായും വാക്കുകളായും പ്രവര്‍ത്തികളായും നമ്മുടെ മുന്നില്‍ എത്തുന്ന ധാരാളം കാര്യങ്ങള്‍ ഉണ്ട്. അവയൊക്കെ തെറ്റുകളിലേയ്ക്ക് നമ്മെ നയിക്കുന്ന പ്രേരണകളായി ഭവിക്കാം. ഇത്തരം പ്രേരണകളെ അതിജീവിക്കുവാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇതാ :

1 . ദൈവസ്നേഹത്താല്‍ നിറയാന്‍ പ്രാര്‍ത്ഥിക്കുക

തെറ്റായ ചിന്തകള്‍ ഉണ്ടാകുമ്പോള്‍, തെറ്റ് ചെയ്യാന്‍ പ്രേരണ ഉണ്ടാകുമ്പോള്‍ ദൈവമേ എന്നെ അങ്ങയുടെ സ്നേഹത്താല്‍ നിറയ്ക്കണമേ എന്ന് പ്രാര്‍ത്ഥിക്കാം. ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു ദൈവമേ അങ്ങയുടെ സ്നേഹത്താല്‍ നിറയ്ക്കണമേ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ തെറ്റായ ചിന്തകള്‍ നമ്മില്‍ നിന്ന് വിട്ടകലും.

2 . മറ്റു പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാം

തിന്മ ചെയ്യാനുള്ള പ്രേരണ ഉണ്ടാകുമ്പോള്‍ അവയില്‍ നിന്നും അകന്നിരിക്കുവാനായി മറ്റു കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കാം. കൂടുതല്‍ ആക്ടീവായി നില്‍ക്കേണ്ടി വരുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാം. മറ്റുള്ളവരുമായി സംസാരിക്കാം. നല്ല പ്രവര്‍ത്തികള്‍ ചെയ്യാം.

3 . എന്റെ ചിന്തകള്‍ എന്റെ ശരീരത്തിനു നല്‍കുന്ന ബഹുമാനത്തെ ഹനിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം

നമ്മുടെ ചിന്തകള്‍ പ്രവര്‍ത്തികള്‍, കാഴ്ച്ചകള്‍ ഇവയൊക്കെ നമ്മുടെ ശരീരത്തിന് നാം നല്‍കേണ്ടതയുള്ള ബഹുമാനത്തെ ഹനിക്കുന്നുണ്ടോ എന്ന് ആത്മശോധന ചെയ്യാം. ദൈവം നമുക്ക് ദാനമായി നല്‍കിയ നമ്മുടെ ശരീരത്തെ ദൈവത്തിന്റെ ആലയമാക്കിയാണോ നാം സൂക്ഷിക്കുന്നത് എന്ന് ചിന്തിക്കാം. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാം.

4 . അനാവശ്യ ദേഷ്യത്തെ നിയന്ത്രിക്കാം 

അനാവശ്യമായ ദേഷ്യം അത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്യും. അങ്ങനെ ഉള്ള അവസരത്തില്‍ ദൈവമേ എന്റെ ഉള്ളില്‍ ശാന്തത നിറയ്ക്കണമേ എന്ന് ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കാം. സ്വസ്ഥമായി ഇരിക്കുവാനും നമ്മുടെ പ്രവര്‍ത്തികള്‍ മറ്റുള്ളവരെ എത്രത്തോളം വേദനിപ്പിക്കുന്നു എന്ന് ചിന്തിക്കുവാനും ശ്രമിക്കുക. തുടര്‍ന്ന് മാറ്റങ്ങള്‍ വരുത്തുക.

5 . കൊതിയെ അതിജീവിക്കാം

ഭക്ഷണത്തോടുള്ള അമിതമായ ആസക്തി ശരിയല്ല. നമുക്ക് ആവശ്യമുള്ളതില്‍ കവിഞ്ഞുള്ള ഭക്ഷണം അത് വിശക്കുന്നവന്റെ അവകാശമാണ് എന്ന് തിരിച്ചറിയുക. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി അത് വിശക്കുന്നവര്‍ക്കായി നല്‍കുക. ഒപ്പം അവരുടെ സങ്കടങ്ങളും വേദനകളും കേള്‍ക്കാന്‍ ശ്രമിക്കാം. അപ്പോള്‍ നാം എത്രത്തോളം അനുഗ്രഹിക്കപ്പെട്ടവരാണെന്ന് മനസിലാകും.

6 . മടിയെ ഇല്ലാതാക്കാം

മടി. അത് വലിയ ഒരു പ്രശ്നമാണ്. പല തെറ്റുകളിലേയ്ക്കും നമ്മെ നയിക്കുന്ന ഒരു വലിയ തിന്മയാണ് മടി. ദൈവം നമുക്ക് അനുവദിച്ചിരിക്കുന്ന സമയം വളരെ ചുരുങ്ങിയതാണ് എന്ന് തിരിച്ചറിയുക. അലസമായി ഇരിക്കാതെ ജീവിതത്തില്‍ ചെയ്തു തീര്‍ക്കേണ്ട കടമകളെയും ഉത്തരവാദിത്വങ്ങളെയും ഓര്‍ക്കുക. അവയൊക്കെ ശരിയായി ചെയ്തു തീര്‍ക്കുവാനുള്ള കൃപയ്ക്കായി ദൈവത്തോട് യാചിക്കുക.

7 . മറ്റുള്ളവരെ കുറ്റം പറയാതിരിക്കാം 

മറ്റുള്ളവരെ കുറ്റം പറയുന്നതും അകാരണമായി കുറ്റപ്പെടുത്തുന്നതും കൊലപാതകം തന്നെയാണ്. മറ്റുള്ളവരുടെ തെറ്റുകള്‍ തിരുത്താം അവരെ രഹസ്യത്തില്‍ വിളിച്ച്. എന്നാല്‍ ഒരാളുടെ അസാന്നിധ്യത്തില്‍ അയാളെ കുറിച്ചു ശരിയോ തെറ്റോ എന്നറിയാത്ത കാര്യങ്ങള്‍ പറയുന്നത് തെറ്റാണു. അങ്ങനെ പറയണം എന്ന് തോന്നുമ്പോള്‍ അവരിലെ നല്ല വശങ്ങളെ കുറിച്ച് ചിന്തിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.