ഷിജിക്കും കനകദാസിനും കാരുണ്യത്തിന്റെ കൂടൊരുക്കി ചങ്ങനാശ്ശേരി രൂപത

ശില്പാ രാജന്‍ 

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ രാവെളുക്കുവോളം ചക്രങ്ങളുമായി മലിടുന്ന ഷിജി. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഭര്‍ത്താവ് കനകദാസിന്റെ വരുമാനവും ചേര്‍ത്ത് വെച്ച് ഇവര്‍ കണ്ടിരുന്നത് കണ്ണഞ്ചിപ്പിക്കുന്ന നിറമുള്ള സ്വപ്നങ്ങള്‍ ആയിരുന്നില്ല. മൂന്ന് നേരം മുടങ്ങാതെ അന്നം ലഭിക്കണം എന്ന അടിസ്ഥാന സ്വപ്നം മാത്രമായിരുന്നു.  ജീവിതത്തിന്റെ നൂല്‍പാലത്തിലൂടെ അങ്ങനെ സഞ്ചരിക്കവെയാണ് പ്രളയമെന്ന പ്രതിനായകന്‍ കടന്നു വരുന്നത്. കുട്ടനാട്ടുകാരായ ഷിജിക്കും കനകദാസിനും മഴയും വെള്ളപ്പൊക്കവും ഒന്നും പുതുമായായിരുന്നില്ല. എന്നാല്‍ ഈ മഴ കവര്‍ന്നത് റോഡ്‌ അരുകിലുള്ള അവരുടെ ചെറിയ കൂര കൂടിയാണ്.

ബാംഗ്ലൂര്‍ ആസ്ഥാനമായ പ്രൊജക്റ്റ്‌ വിഷന്റെ ‘ബാംഗ്ലൂര്‍ കെയര്‍സ് ഫോര്‍ കേരള’ എന്ന പദ്ധതിയിലൂടെ താത്കാലിക വീട് ലഭിച്ച കുട്ടനാട്ടിലെ ആദ്യ കുടുംബമാണ് ഷിജി- കനകദാസിന്റെത്. ചങ്ങനാശ്ശേരി അതിരൂപത നല്‍കിയ മൂന്ന് സെന്റ്‌ ഭൂമിയില്‍ അങ്ങനെ ഒരു കുഞ്ഞന്‍ വീട് തയ്യാറായി. പ്രളയം കവര്‍ന്ന അവരുടെ ജീവിതവും, ദൈവദൂതരെ പോലെ സഹായവുമായി വന്ന ഒട്ടേറെ ആളുകളും, പ്രളയം സമ്മാനിച്ച അനുഭവങ്ങളും ഒക്കെ ഷിജി കനകദാസ് ലൈഫ്ഡേയുമായി പങ്ക് വയ്ക്കുന്നു.

ജീവിതത്തിന്റെ ചക്രങ്ങള്‍ കറക്കി

ചങ്ങനാശ്ശേരി – ആലപ്പുഴ റോഡില്‍ ഉള്ള എസി കോളനിയില്‍ തന്റെ അപ്പന്‍ ഗോപി തന്ന മൂന്ന് സെന്റ്‌ പുറമ്പോക്ക് ഭൂമിയാണ് ഇവര്‍ക്ക് ആകെയുള്ള സമ്പാദ്യം. റോഡരികിലുള്ള ആ ഭൂമിയില്‍ രണ്ടു മുറിയും അടുക്കളയും വെച്ച് താമസിക്കാന്‍ തുടങ്ങിയിട്ട് 32 വര്‍ഷമാകുന്നു. രണ്ടു പെണ്‍മക്കളെ കെട്ടിച്ചു അയച്ചു. ആകെ അറിയാവുന്ന തൊഴില്‍ തയ്യലാണ്. സ്വന്തമായി ഒരു തയ്യല്‍ മെഷിനും ഉണ്ട്. പിന്നെ ഇടയ്ക്കിടെ അയല്‍പക്കത്തുള്ള പാടത്തെ നെല്ലിന്റെ ചെറിയ ജോലികള്‍ക്കും കൂടും. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഭര്‍ത്താവ് കനകദാസിനൊപ്പം അന്നത്തിനുള്ള മാര്‍ഗം കണ്ടെത്തുന്നതും ഈ ചക്രങ്ങള്‍ ഉരുട്ടി തന്നെയാണ്. രാവെളുക്കുവോളം തയ്യല്‍ മെഷിനിനൊപ്പം അവര്‍ ജീവിതത്തിന്റെ ചക്രങ്ങള്‍ കൂടിയാണ് ചവിട്ടുന്നത്. ജീവിതത്തെ മുന്നോട്ട് നീക്കാന്‍.

പ്രളയം തകര്‍ത്ത ചക്രങ്ങള്‍

രണ്ടു ദിവസമായി നിര്‍ത്താതെ  പെയ്ത മഴ. ജല നിരപ്പ് പതിവിലും കൂടുതല്‍ ഉയരാന്‍ തുടങ്ങിയപ്പോള്‍, ഷിജിക്ക് ഈ മഴ അത്ര പന്തി അല്ലെന്നു തോന്നി തുടങ്ങി. വീട്ടില്‍ പ്രസവത്തിനായി എത്തിയതായിരുന്നു അവരുടെ മകള്‍. ജല നിരപ്പ് ഉയരുന്നു എന്ന് തോന്നിയപ്പോള്‍ തന്നെ മകളുടെ ഭര്‍ത്താവിനെ കാര്യം അറിയിച്ചു മകളെ വീട്ടില്‍ നിന്നും മാറ്റി. അത് വലിയ ഒരു ഭാഗ്യമായി എന്ന് ഷിജി പറയുന്നു. അടുത്ത ദിവസം രാവിലെ 10:30 തോടെ വെള്ളം പൊങ്ങി. “അദ്ദേഹം എന്നെയും അദ്ദേഹത്തെയും ചേര്‍ത്ത് ഒരു മുണ്ടില്‍ കെട്ടി. ഇല്ലായിരുന്നെങ്കില്‍ ആ ഒഴുക്കുള്ള വെള്ളത്തില്‍ എല്ലാം അവസാനിച്ചേനേ,” വേദനയും ആശ്വാസവും സ്നേഹവുമൊക്കെ ഷിജിയുടെ ആ വാക്കുകളില്‍ ഒഴുകുന്നുണ്ടായിരുന്നു. ഇരമ്പി എത്തിയ വെള്ളത്തില്‍ നിന്നും രക്ഷപെട്ടു ക്യാമ്പിലെത്തിയ കാര്യമാണ് അവര്‍ പറയുന്നത്. അരയ്ക്കു മീതെ വെള്ളം പൊങ്ങിയപ്പോള്‍ വേദനയോടെയാണ് വീട് വിട്ടു ഇറങ്ങിയത്. വീട്ടില്‍ നിന്നും ഇറങ്ങുന്നതിന് രണ്ടു ദിവസം മുമ്പ് അടുത്തുള്ള ക്യാമ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ റേഷന്‍ കാര്‍ഡ് നല്‍കിയത് കൊണ്ട് അത് മാത്രം സുരക്ഷിതമായി ഉണ്ട്. ബാക്കി എല്ലാം വെള്ളത്തില്‍ ഒലിച്ചു പോയി.

താങ്ങായി ചങ്ങനാശ്ശേരി അതിരൂപതയും പ്രോജക്ക്റ്റ് വിഷനും  

ഓഗസ്റ്റ്‌ 15 മുതല്‍ ദമ്പതികള്‍ മകള്‍ക്കൊപ്പം ക്യാമ്പില്‍ കഴിയുകയായിരുന്നു. വീട് വിട്ടിറങ്ങുമ്പോള്‍ വീടിനു തകരാര്‍ ഒന്നും സംഭവിച്ചിരുന്നില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ വീട് പൂര്‍ണമായും നശിച്ചു. ക്യാമ്പിലെ വിവരങ്ങള്‍ അറിഞ്ഞെത്തിയ ഒരു പ്രമുഖ മാധ്യമത്തിലെ മാധ്യമ പ്രവര്‍ത്തകനാണ് വീട് നശിച്ചതിന്റെ ദയനീയ ചിത്രം ലോകത്തെ അറിയിച്ചത്. അങ്ങനെ ആ വിവരം ചങ്ങനാശ്ശേരി അതിരൂപതയുടെ ശ്രദ്ധയില്‍പെട്ടു. ജാതിയോ മതമോ ഒന്നും അവരുടെ നിഘണ്ടുവില്‍ അപ്പോള്‍ ഉണ്ടായിരുന്നില്ല. അന്യമതസ്ഥരാണെങ്കിലും വേദന എല്ലാവര്‍ക്കും  ഒരേ പോലെയാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു.

പ്രളയത്തില്‍ നിന്നും ഇന്നും കരകയറാന്‍ സാധിച്ചിട്ടില്ലാത്ത  കുട്ടനാട്ടിലെ ജനങ്ങളെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുക എന്ന ലക്ഷ്യവുമായി ചങ്ങനാശ്ശേരി അതിരൂപത, 100 കോടി രൂപയുടെ  പദ്ധതിക്ക് തുടക്കമിട്ടു.

ബാംഗ്ലൂര്‍ ആസ്ഥാനമായ പ്രൊജക്റ്റ്‌ വിഷന്റെ ‘ബാംഗ്ലൂര്‍ കെയര്‍സ് ഫോര്‍ കേരള’ എന്ന പദ്ധതിയിലൂടെ താത്കാലിക വീടുകള്‍ കേരളത്തിന് നല്‍കുന്നു എന്ന് അറിഞ്ഞപ്പോഴാണ് അതിരൂപത ഒരു തീരുമാനം എടുക്കുന്നത്. വീട് വെച്ച് നല്‍കാനുള്ള ഭൂമി രൂപത തന്നെ നല്‍കാമെന്നു അറിയിച്ചു. അങ്ങനെ ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തില്‍ വീടിനായുള്ള സ്ഥലം ലഭിച്ചു. ഒപ്പം പ്രൊജക്റ്റ്‌ വിഷന്റെ നേതൃത്വത്തില്‍ താത്കാലിക വീടും ലഭിച്ചു.

മകളുടെ പ്രസവവും കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു എത്തുമ്പോള്‍ അവിടെ ഒന്നും ഉണ്ടാവില്ല. എന്നാല്‍ തിരിച്ചു പോകാന്‍ ഒരു വീടെങ്കിലും ഉണ്ടല്ലോ എന്ന ആത്മവിശ്വാസത്തിലാണ് ഇവര്‍. തന്റെ തയ്യല്‍ മെഷീന്‍ ഉള്‍പ്പടെ ഇനി ഒന്നും ബാക്കി ഇല്ലമെങ്കിലും അവര്‍ക്ക് ജീവിതം ഇനിയും മുന്നോട്ട് നയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ട്. “ഒരുപാട് പേര് ഈ ദിവസങ്ങളില്‍ സഹായിച്ചിട്ടുണ്ട്. വിശപ്പിന്റെ രൂക്ഷമായ മുഖം അറിഞ്ഞ ദിവസമായിരുന്നു 15-ാം തീയതി. രാത്രി 12:30 വരെ വിശന്നിരുന്നപ്പോള്‍ റൊട്ടിയും വെള്ളവുമായി വന്ന പാര്‍ട്ടി പ്രവര്‍ത്തകരും, ഓരോ ആവശ്യവും ചോദിച്ച് അറിഞ്ഞ വില്ലേജ് ഓഫിസറും, ആവശ്യപ്പെടാതെ കേറി കിടക്കാന്‍ ഒരു ഇടം തന്ന പെരുന്തോട്ടത്തില്‍ അച്ചനും…” ഷിജി സന്തോഷത്തോടെ പറഞ്ഞു.

സാധാരണക്കാരാണ്. അന്നന്നത്തെ അന്നത്തിനു വേണ്ടി വിയര്‍പ്പൊഴുക്കുന്ന സാധാരണക്കാര്‍. എല്ലാം നഷ്ടപ്പെട്ടു. വേദന ഉണ്ടെങ്കിലും എല്ലാം നേടിയെടുക്കാം എന്ന വിശ്വാസത്തിലാണ് ഇവര്‍. ജീവിതത്തിന്റെ ചക്രങ്ങള്‍ ഇനിയും ഉരുളും. രണ്ടറ്റം കൂട്ടി നെയ്യാന്‍!

ശില്പാ രാജന്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.