അക്കാദമിക് ഡിസൈനറായി മാറിയ പ്രിൻസിപ്പലച്ചൻ

മരിയ ജോസ്

“ഞാനൊരു അധ്യാപകനാണ്. എന്നാൽ അതിലുപരി ഒരു വൈദികനായി അറിയപ്പെടുവാൻ ആഗ്രഹിക്കുന്നു.” അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ മുൻ പ്രിൻസിപ്പലും ഇന്ന് കാണുന്ന വിധത്തിൽ ആ കലാലയത്തെ പ്രശസ്തിയുടെ പടികൾ ചവിട്ടി കയറുവാൻ പ്രാപ്തമാക്കിയ ഫാ. ജോസ് കണ്ണമ്പുഴയുടെ വാക്കുകൾ ആണ് ഇത്. വൈദികനായ ശേഷം എൻജിനീയറിങ്‌ പഠിക്കുവാൻ പോയി. പഠന ശേഷം എൻജിനീയറിങ്‌ കോളേജിന്റെ പ്രിൻസിപ്പലായി. നിരവധി കോളേജുകളെ വിജയകുതിപ്പിലേയ്ക്ക് നയിക്കുന്നതിൽ ചുക്കാൻ പിടിച്ചു. തിരക്കുകൾക്കിടയിലും ജപമാലയും ദിവ്യകാരുണ്യത്തോടുള്ള ഭക്തിയും നെഞ്ചോട് ചേർത്തു പിടിച്ചു. പ്രാർത്ഥനയും പ്രവർത്തനവും കൊണ്ട് അനേകരുടെ മനസ്സിൽ ഒരു മികച്ച ‘അക്കാദമിക് ഡിസൈനർ’ ആയി മാറിയ ഫാ. ജോസ് കണ്ണമ്പുഴ ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ്…

“തിരക്കുകൾ ഉണ്ട്. ഒഴിവുസമയം അല്ല. എങ്കിലും നമുക്ക് സംസാരിക്കാം. ഇടക്ക് ഒന്ന് ഹോൾഡ് ചെയ്യേണ്ടിവരും” വിദ്യാർത്ഥികളുടെ മനസുകൾ കീഴടക്കിയ ആ പ്രിൻസിപ്പൽ അച്ചൻ ലാളിത്യമാർന്ന ഭാഷയിൽ സംസാരിച്ചു തുടങ്ങി. ചെറിയ ഒരു കുശലാന്വേഷണത്തിനു ശേഷം അച്ചൻ തന്റെ ജീവിതം ലൈഫ് ഡേയോട് പങ്കുവയ്ക്കുവാൻ ആരംഭിച്ചു.

ദൈവവിളിക്കു പ്രചോദനമായി നിന്നിരുന്ന കുടുംബം

തൃശൂർ ജില്ലയിലെ മാളയ്ക്ക് അടുത്തു കുഴിക്കാട്ടുശേരി എന്ന ഗ്രാമത്തിലാണ് ഫാ. ജോസ് കണ്ണമ്പുഴയുടെ ജനനം. വിശുദ്ധ മറിയം ത്രേസ്യയുടെ ഭൗതിക ശരീരം നിലകൊള്ളുന്ന വിശുദ്ധിയുടെ പരിമളം പറക്കുന്ന നാട്. ജോസഫ്- മേരി ദമ്പതികളുടെ നാലുമക്കളിൽ രണ്ടാമൻ. ചെറുപ്പം മുതൽ പ്രാർത്ഥനയിൽ വളർന്നു വന്ന കുടുംബം. ദൈവികകാര്യങ്ങളിൽ അത്യന്തം തീക്ഷണത പുലർത്തിയിരുന്ന മാതാപിതാക്കളിൽ നിന്നും വിശുദ്ധിയുടെ പാതയിൽ ചരിക്കുന്നതിനുള്ള പാഠങ്ങൾ വളരെ ചെറുപ്പത്തിലേ അച്ചനിലേയ്ക്ക് പകർന്നു കിട്ടിയിരുന്നു. കൂടാതെ അപ്പന്റെ അഞ്ചു സഹോദരിമാരിൽ മൂന്നു പേരും സന്യാസിനിമാരും ആയിരുന്നു. ഹോളി ക്രോസ്സ് സന്യാസ സമൂഹത്തിലെ അംഗങ്ങളായിരുന്നു ഇവർ. ഇതിൽ ഒരാൾ സന്യാസ പരിശീലനത്തിനിടെ മരണപ്പെട്ടിരുന്നു. ഈ സന്യാസിനിമാരുടെ ആത്മീയതയും അനുഭവങ്ങളും, കൂടെ ഉണ്ടായിരുന്ന മുതിർന്നവരിൽ പലരും അടുപ്പിച്ചടുപ്പിച്ചു സെമിനാരികളിലേയ്ക്ക് പോയതും ഒക്കെ വളരെയേറെ സ്വാധീനം അച്ചനിൽ ചെലുത്തിയിരുന്നു.

എങ്കിലും പത്താം ക്ലാസ് കഴിഞ്ഞ സമയത്ത് സെമിനാരിയിൽ പോകണം എന്ന് തോന്നിയില്ല. ശേഷം പ്രീഡിഗ്രിക്കു ചേർന്നു. ആ സമയത്ത് വൈദികനാകുവാൻ ഉള്ള ആഗ്രഹം കുറെകൂടി ശക്തമായി. അങ്ങനെ സെമിനാരിയിൽ പോകുവാൻ സ്വയം തീരുമാനമെടുത്തു, സെമിനാരിയിൽ ചേർന്നു. 1977 മാർച്ച് ഇരുപത്തിരണ്ടാം തീയതി പൗരോഹിത്യം സ്വീകരിച്ചു. പൗരോഹിത്യം സ്വീകരിച്ച ശേഷം ഇടവക സേവനവുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് എൻജിനീയറിങ്‌ പഠിക്കുവാനായി പോകുന്നത്.

എൻജിനീയറിങ്‌ പഠനത്തിലേയ്ക്ക് വഴിതിരിച്ചു വിട്ട ദൈവിക പദ്ധതി

സ്കൂൾ സമയത്തും കൂടാതെ സെമിനാരി പരിശീലന കാലഘട്ടത്തിലും പഠന കാര്യങ്ങളിൽ മുൻപന്തിയിലായിരുന്നു അച്ചൻ. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അച്ചന്റെ ബാച്ചുകാരനായിരുന്നു. പൗരോഹിത്യം സ്വീകരിച്ച ശേഷം ആദ്യം അപ്പോയിൻമെന്റ് ലഭിച്ചത് ലൂർദ്ദ് കത്തീഡ്രൽ പള്ളിയുടെ അസിസ്റ്റന്റ് ആയി ആയിരുന്നു. കൂടാതെ നന്നായി പഠിക്കുന്ന വ്യക്തിയായതിനാൽ തന്നെ തുടർന്നും പഠിക്കാനുള്ള ഒരു അവസരവും അതിരൂപത മുന്നോട്ട് വച്ചു. അങ്ങനെ റോമിലേക്ക് ബൈബിളിൽ ഉന്നതപഠനത്തിനായി സ്‌കൂളർഷിപ്പ് അപേക്ഷ സമർപ്പിച്ചു. എന്നാൽ എന്തുകൊണ്ടോ ആ വർഷം തൃശൂർ രൂപതയ്ക്ക് ആ കോഴ്‌സിനു സ്‌കോളർഷിപ്പ് ലഭ്യമായില്ല. പിന്നീടാണ് ഇരിഞ്ഞാലക്കുട രൂപത സ്ഥാപിതമാകുന്നതും അച്ചൻ അങ്ങോട്ട് മാറുന്നതും. അതിനു ശേഷം ഇരിഞ്ഞാലക്കുട രൂപതയിലെ ആദ്യ ബിഷപ്പ് മാർ ജെയിംസ് പഴയാറ്റിലിന്റെ സെക്രട്ടറിയായി നിയമിതനായി.

വീണ്ടും പഠിക്കുവാൻ ഉള്ള അവസരം രൂപത മുന്നോട്ട് വച്ചിരുന്നു. ഈ സമയം വിദേശ പഠനത്തിന് പോകുന്നതിനെ കുറിച്ച് അത്ര താല്പര്യം അച്ചനും തോന്നിയില്ല. സെക്രട്ടറിയായിരിക്കെ തന്നെ ഒരു ഇടവകയുടെ ചുമതലകൂടെ ജോസ് അച്ചന് നൽകപ്പെട്ടു. സജീവമായ ഇടവക പ്രവർത്തനത്തിനിടെ ഇടവകകളിലെ തനതു വ്യവസായങ്ങൾ വളർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒരു സർക്കുലർ രൂപത ഇറക്കിയിരുന്നു. ഈ സമയം അച്ചനും ഇടവക ജനങ്ങളെ പുതിയ എന്തെങ്കിലും സംരംഭം തുടങ്ങുവാൻ പ്രചോദിപ്പിച്ചു. ഒപ്പം നാട്ടുകാരുടെ പിന്തുണയും കൂടെ ആയപ്പോൾ സംഗതി ഓക്കേ ആയി. അങ്ങനെ ഒരു ബുക്ക് ബൈൻഡിങ് യൂണിറ്റ് ആരംഭിച്ചു. ബൈൻഡ് ചെയ്ത ബുക്കുകൾ സൈക്കിളിൽ വച്ച് അച്ചൻ തന്നെ ഇരിഞ്ഞാലക്കുട ടൗണിൽ കൊണ്ടുവന്നു കട്ട് ചെയ്തു കൊണ്ട് വരും. പിന്നീട് കടകളിൽ കൊണ്ട് കൊടുത്തു. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ചു പിന്നീട് ഡിസൈനും കവറും ഒകെ ചെയ്തു. 10 ടൺ, 50 ടൺ പേപ്പർ എന്നിങ്ങനെ ഓരോ വർഷവും വർക്ക് കൂടി വന്നു. അങ്ങനെ ഒന്നുരണ്ടു വർഷം കൊണ്ട് അൻപതോളം ആളുകൾക്ക് ജോലി കൊടുക്കാവുന്ന ഒരു സംവിധാനമായി ഈ ബുക്ക് ബൈൻഡിങ് യൂണിറ്റ് വളർന്നു വന്നു. ഈ വളർച്ച കണ്ടപ്പോൾ കുറച്ചുകൂടെ ടെക്നിക്കൽ ആയി പഠിച്ചാൽ ഈ സംരംഭത്തെ നന്നായി വളർത്തുവാൻ കഴിയും എന്ന് തോന്നി. പലരുടെയും അഭിപ്രായങ്ങൾ സ്വീകരിച്ചുകൊണ്ട് മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുവാൻ തീരുമാനിച്ചു. ഒരു നിയോഗം പോലെ അച്ചൻ എഞ്ചിനീയറിംഗ് കോളേജിന്റെ മെക്കാനിക്കൽ ഡിപ്പാർട്ടുമെന്റിൽ എത്തി.

എഞ്ചിനീയറിംഗ് കോളേജിലെ അച്ചൻ

പ്രീഡിഗ്രി മാർക്കിന്റെ അടിസ്ഥാനത്തിൽ അച്ചന് എൻജിനീയറിങ്‌ കോളേജിൽ അഡ്മിഷൻ ലഭിച്ചു. അന്ന് ഇന്നത്തെ പോലെ എൻട്രൻസ് ഒന്നും വന്നിട്ടില്ല. അങ്ങനെ പ്രീഡിഗ്രി കഴിഞ്ഞു 12 വർഷം കഴിഞ്ഞു അച്ചൻ വീണ്ടും കോളേജിലേക്ക് യാത്രതിരിച്ചു. അപ്പോഴേയ്ക്കും മുൻപ് പഠിച്ച അടിസ്ഥാനങ്ങളൊക്കെ മറന്നിരുന്നു. അതിന്റേതായ പ്രശ്നങ്ങൾ തുടക്കത്തിൽ ഉണ്ടായിരുന്നു. ആദ്യം തിരിച്ചു പോന്നാലോ എന്നു പോലും തോന്നി പോയി. “എനിക്ക് ഒന്നും മനസിലാകുന്നില്ല. ബാക്കിയുള്ളവർക്ക് മനസ്സിലാകുന്നുണ്ട് താനും. അപ്പോൾ എന്റെ ആധി ഒന്നുകൂടെ വർധിച്ചു. പക്ഷെ രണ്ടാഴ്ചകൊണ്ട് ആ പ്രയാസങ്ങളൊക്കെ ഞാൻ അതിജീവിച്ചു.” -അച്ചൻ പറയുന്നു.

പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കോഴ്സ് കഴിഞ്ഞിറങ്ങുമ്പോൾ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് റാങ്ക് അച്ചന്റെ കയ്യിൽ ഭദ്രമായിരുന്നു. ഇന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ആ റെക്കോർഡ് മാർക്ക് ആർക്കും തകർക്കാൻ കഴിഞ്ഞിട്ടില്ല. അതിനു പിന്നിൽ ഒരു നിശ്ചയദാർഢ്യം ഉണ്ടായിരുന്നു. തന്നെയുമല്ല മാർക്ക് വാങ്ങാൻ മാത്രമായിരുന്നില്ല അച്ചൻ പഠിച്ചത്. അതിനു പിന്നിൽ ഒരു ലക്‌ഷ്യം ഉണ്ടായിരുന്നു.

ഇപ്പോ നിങ്ങൾ ഓർക്കും, അച്ചൻ അല്ലെ വേറെ പണിയൊന്നും ഉണ്ടാവില്ലല്ലോ. വെറുതെ ഇരുന്നു പഠിച്ചാൽ പോരേ എന്ന്. അവിടെയാണ് സംഗതികളുടെ കിടപ്പ് മാറുന്നത്. എഞ്ചിനീയറിംഗ് പഠിക്കുന്ന സമയത്ത് തന്നെ അച്ചനു ഒരു പള്ളിയുടെ ചാർജ്ജും ഉണ്ടായിരുന്നു. എന്നാൽ പഠനത്തിന്റെ പേരിൽ ഇടവകയുടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നതിനോ ഇടവക പ്രവർത്തനങ്ങളുടെ പേരിൽ കോളേജിലെ കാര്യങ്ങൾ താമസിപ്പിക്കുന്നതിനോ അച്ചൻ തയ്യാറായില്ല. എല്ലാം അതിന്റെ പൂർണ്ണതയിൽ നിർവഹിച്ചു. അതും സമയബന്ധിതമായി തന്നെ. കോളേജിലെ അസൈന്മെന്റുകളും പ്രോജക്ടുകളും ഒക്കെ ആദ്യ സമർപ്പിക്കുന്നത് ഫാ. ജോസ് കണ്ണമ്പുഴ ആയിരുന്നു. അതിനു പിന്നിൽ സഹൃദയരുടെ സമ്മർദ്ദവുമുണ്ടായിരുന്നു എന്ന് അച്ചൻ ഓർക്കുന്നു. കാരണം ആദ്യം എഴുതുന്ന അച്ചന്റെ പേപ്പറുകൾ അവർക്കു കോപ്പി ചെയ്യാൻ വേണമല്ലോ? അച്ചനെഴുതാതെ ഇരുന്നാൽ അവർ എങ്ങനെ എഴുത്തും? ഒരു ചെറു ചിരിയോടെ തന്റെ കോളേജ് അനുഭവങ്ങൾ ജോസച്ചൻ പങ്കുവച്ചു.

ബി. ടെക് കഴിഞ്ഞു ഗേറ്റ് എക്സാം എഴുതി. കിട്ടി. അങ്ങനെ എം. ടെക് ഖോരക്പൂരിൽ ആയിരുന്നു. അവിടെയും റാങ്കോടെ പാസാകുവാൻ അച്ചന് കഴിഞ്ഞു. എം.ടെക് കഴിഞ്ഞപ്പോൾ താൻ തുടങ്ങി വച്ച വ്യവസായത്തിലേയ്ക്ക് തിരികെ പോകുവാൻ അച്ചന് കഴിഞ്ഞില്ല. അതിനാൽ പാലക്കാട് എൻ.എസ്.എസിൽ പഠിപ്പിക്കുവാനായി തുടങ്ങി.

കേരളത്തിന്റെ ആദ്യ ബൈബിൾ ക്വിസും ജീവൻ ടിവിയും

പാലക്കാട് കോളേജിൽ പഠിപ്പിക്കുന്നതിനൊപ്പം അവിടെ ഇടവകയിലെ അച്ചൻ സേവനം ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ഇടവകയിലെ വിശ്വാസികൾ പൊതുവായി എന്തെങ്കിലും ചെയ്യണം എന്ന് അച്ചനോട് ആവശ്യപ്പെടുന്നത്. ആ പ്രചോദനം എത്തി നിന്നത് കേരളത്തിലെ ആദ്യത്തെ ബൈബിൾ ക്വിസിൽ. ആദ്യം ഇടവക തലത്തിൽ നടത്തിയ ക്വിസ് മത്സരം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ മൾട്ടി മീഡിയയുടെ സഹായത്തോടെ റിക്കോർഡ് ചെയ്തു. ബൈബിൾ, സഭാ ചരിത്രം തുടങ്ങിയവയുമായി ബന്ധപ്പെട്ടു നടത്തിയ ആ ക്വിസ് മത്സരം പിന്നീട് രൂപതാ തലത്തിലേയ്ക്കും രൂപതകൾ തമ്മിലുള്ള മത്സരത്തിലേക്ക് വളർന്നു. അതിന്റെ അവസാന മത്സരം ചാനലിൽ കൊടുക്കാം എന്ന ആശയം കടന്നുവന്നതിന്റെ ഫലമായി മൾട്ടി ക്യാം ഷൂട്ടിങ് നടത്തി. ചാനലിൽ കൊടുക്കാൻ ഉള്ള ക്വാളിറ്റി അതിനു ഉണ്ടെന്നു മനസിലാക്കി. അതിനു പ്രചോദനമായത് അന്ന് ഇന്ത്യ ക്വിസ് എന്ന പേരിൽ ദൂരദർശനിൽ നടന്നിരുന്ന പരിപാടിയായിരുന്നു. ഈ സമയം ആണ് ഏഷ്യാനെറ്റ് വരുന്നത്. അന്ന് ചാനലിനെ സമീപിച്ചപ്പോൾ അവർ സെക്കുലർ ആയ മനോഭാവം ആണ് സ്വീകരിച്ചത്. ദൂരദർശനും തഴഞ്ഞു. ഈ ഒരു സാഹചര്യത്തിൽ ആണ് നമ്മുടേതായ ഒരു ചാനലിന്റെ പ്രാധാന്യം മനസിലാകുന്നത്. അന്നുമുതൽ ഒരു ക്രിസ്തീയമായ ചാനൽ ആയിരുന്നു അച്ചന്റെ സ്വപ്നം. അതിനായി ഉള്ള സ്വപ്‌നങ്ങൾ ആണ് ജീവൻ ടിവി എന്ന ചാനലിലൂടെ പൂവണിഞ്ഞത്.

ഈ ഒരു ചാനൽ രൂപീകരിക്കുന്നതിനായി തന്റെ ജോലി രാജി വച്ചു. തുടർന്ന് ജീവൻ ടിവി വെളിച്ചം കാണുന്നത് വരെ രാപകൽ ഇല്ലാതെ അധ്വാനിച്ചു. ഒടുവിൽ അത് വെളിച്ചം കാണാൻ തുടങ്ങിയതോടെ ഉത്തരവാദിത്വങ്ങൾ ഒക്കെയും കൈമാറി തിരികെ തന്റെ പ്രിയപ്പെട്ട അധ്യാപനത്തിലേയ്ക്ക് തിരിഞ്ഞു. ഒരുപാട് മുറിവുകൾ അതിനിടയിൽ സംഭവിച്ചു എങ്കിലും തന്റെ സംരംഭത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത് എന്ന് ഈ വൈദികൻ വെളിപ്പെടുത്തുന്നു.

അധ്യാപനം എളുപ്പമാക്കിയ സാമൂഹിക ജീവിതം

കോളേജിൽ പഠിപ്പിച്ചു കൊണ്ടിരുന്ന സമയത്തും തുടർന്നും ഇടവക പ്രവർത്തനങ്ങളിലും മറ്റു സംരംഭങ്ങളിലേക്കുള്ള കടന്നു വരവിലും ഒരു അധ്യാപകൻ എന്ന നിലയിലെ അനുഭവസമ്പത്ത് അച്ചനെ ഒരുപാട് സഹായിച്ചിരുന്നു. പ്രാഥമികമായി ഞാൻ ഒരു വൈദികനാണ്. രണ്ടാമതായി ഞാൻ ഒരു അധ്യാപകനും. പല തലങ്ങളിൽ ഉള്ള ആളുകളുമായും പല മാധ്യമങ്ങളിലൂടെയും തനിക്കു സംസാരിക്കുവാനും ഇടപെടാനും സാധിക്കുന്നത് ഈ രണ്ടു ഘടകങ്ങൾ കൊണ്ടാണ് എന്ന് അച്ചൻ പറയുന്നു.

അമൽ ജ്യോതിയുടെ തലപ്പത്തേയ്ക്ക്

കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ ഏതാണ്ട് പന്ത്രണ്ടു വർഷത്തിലധികം പ്രിൻസിപ്പലായി സേവനം ചെയ്ത വ്യക്തിയാണ് ജോസച്ചൻ. ഈ കലാലയത്തിലേക്കുള്ള കടന്നു വരവുമൊരു ദൈവനിയോഗമായിരുന്നു എന്ന് അച്ചൻ വിശ്വസിക്കുന്നു. 2001 -ൽ തുടങ്ങിയ പുതിയ എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായിരുന്നു അമൽ ജ്യോതി. 2003 ഒക്കെ ആയപ്പോഴാണ് അച്ചൻ അങ്ങനെ ഒരു കോളേജിനെ കുറിച്ച് കേൾക്കുന്നത്. അങ്ങനെ ഇരിക്കുമ്പോഴാണ് അമൽജ്യോതിക്ക് കോളേജിൽ തന്നെ താമസിക്കുന്ന ഒരു പ്രിൻസിപ്പലിനെ ആവശ്യമായി വന്നത്. ഈ സമയം ഫാ. ജോസ് കണ്ണമ്പുഴ അച്ചനെ കുറിച്ച് കാഞ്ഞിരപ്പളി രൂപതാധികൃതർ അറിയുന്നത്. എഞ്ചിനീയറിംഗ് പഠിച്ച ഒരാൾ, അതും ഒരു വൈദികൻ. അങ്ങനെ ഒരാൾ എഞ്ചിനീയറിംഗ് കേളേജിന്റെ നേതൃസ്ഥാനത്തേയ്‌ക്ക്‌ വരുന്നത് എന്തുകൊണ്ടും നല്ലതാണെന്നു അവർക്കു തോന്നി. വൈകാതെ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ ജോസച്ചനെ വിളിച്ചു. ആദ്യം വിളിച്ചപ്പോൾ അച്ചൻ സൗമ്യമായി ഒഴിഞ്ഞു മാറി. എന്നാൽ പിതാവ് അങ്ങനെ വിടുവാൻ ഒരുക്കമായിരുന്നില്ല. മൂന്നും നാലും അഞ്ചും പ്രാവശ്യം വിളിച്ചു. ആ വിളികൾ ഒക്കെയും വെളുപ്പിനെ അഞ്ചുമണിക്കായിരുന്നു എന്ന് ജോസച്ചൻ ഓർക്കുന്നു.

മുൻപുണ്ടായിരുന്ന തിക്താനുഭവങ്ങളുടെ ഫലമായി നിരാശയിൽ ആയിരുന്ന സമയം ആയിരുന്നു അത്. അതിനാൽ തന്നെ പിതാവിന്റെ വിളികളോട് താൻ വരുന്നില്ല എന്ന മറുപടിയാണ് നൽകിയത്. എന്നാൽ പിതാവ് അതൊന്നും കാര്യമാക്കിയില്ല. വിളിച്ചു. ആ വിളികൾ മൂന്നും നാലും മാസം തുടർന്നു. ഒടുവിൽ അമൽജ്യോതിയിലേയ്ക്ക് പോകുവാൻ അച്ചൻ തീരുമാനിച്ചു. അതും പിതാവിന്റെ നിർബന്ധത്തിനു വഴങ്ങി തന്നെ. അങ്ങനെ 2004 ജൂലൈ മാസം അവിടെ എത്തി പ്രിൻസിപ്പലായി ചാർജ്ജെടുത്തു. പിന്നീടുള്ള 12, 13 വർഷം അമൽ ജ്യോതി കോളേജിന്റെ ജീവനാഡിയായി പ്രവർത്തിക്കുവാൻ അച്ചന് കഴിഞ്ഞു. ജോസ് അച്ചൻ പ്രിൻസിപ്പലായി ചാർജ്ജ് എടുത്ത ശേഷം ആറോളം പുതിയ ബ്രാഞ്ചുകൾ കോളേജിൽ കൊണ്ടുവന്നു. പുതിയ എം ടെക്ക് കോഴ്സുകൾ ആരംഭിച്ചു. ഫാ. വർഗ്ഗീസ് പരുന്തിരിക്കൽ അച്ചനുമായുള്ള കൂട്ടുകെട്ടിൽ നിന്നുകൊണ്ട് അമൽജ്യോതിയെ ഇന്ന് കാണുന്ന വിധത്തിൽ പ്രശസ്തിയുടെ ഉന്നതിയിലേക്ക് എത്തിക്കുവാൻ ജോസച്ചന് കഴിഞ്ഞു. നാക് അക്രഡിറ്റേഷനിൽ ആദ്യമായി ‘എ’ കിട്ടിയ എൻജിനീയറിങ് കോളേജ് ആയി മാറി അമൽ ജ്യോതി. എംബിഎ അക്രഡിറ്റേഷൻ ലഭിച്ചു. അങ്ങനെ വളർച്ചയുടെ, വികസനത്തിന്റെ പാതയിലേക്ക് അമൽജ്യോതി കോളേജിനെ കൈപിടിച്ചു നടത്തി. 2017 -ൽ അമൽ ജ്യോതിയി എഞ്ചിനീയറിംഗ് കോളേജിൽ നിന്നും തിരിച്ചു പോന്നു.

ഇപ്പോൾ ഒരു വർഷമായി തൃശൂർ രൂപതയുടെ കീഴിൽ ഉള്ള ചെറുതുരുത്തി ജ്യോതി എഞ്ചിനീറിങ് കോളേജിൽ ഡയറക്ടർ അക്കാദമിക് ആയി സേവനം ചെയ്യുകയാണ്. അതിനു മുൻപ് പല കോളേജുകളിലും തന്റെ വിശിഷ്ടമായ സേവനം നൽകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

പ്രാർത്ഥനയെ ചേർത്തുപിടിച്ചു ജീവിതം

ഇങ്ങനെ വിജയങ്ങൾ കൊയ്ത്തു മുന്നോട്ട് പോകുമ്പോഴും എല്ലാം ദൈവത്തിന്റെ ദാനമാണെന്നു വിശ്വസിക്കുകയായിരുന്നു അച്ചൻ. ദിവസത്തിൽ ഒരു മണിക്കൂർ അച്ചൻ വിശുദ്ധ ഗ്രന്ഥം വായിക്കുവാനായി ചിലവിടുകയാണ്. ഇത് ഒരു പുരോഹിതൻ എന്ന നിലയിലുള്ള പ്രാർത്ഥനകൾക്ക് ഉപരിയായി ആണ് എന്ന് ഓർക്കണം. വെളുപ്പിനെ മൂന്നുമണിക്ക് എഴുന്നേൽക്കും. തുടർന്ന് ഒരു പ്രഭാത നടത്തം. നടക്കുന്ന സമയം മുഴുവൻ ജപമാലമണികൾ ആ കൈകളിൽ ചലിച്ചുകൊണ്ടിരിക്കും. മനസ്സിൽ പ്രാർത്ഥനകളും. തിരികെ വന്നു ഫ്രഷ് ആയശേഷം പ്രഭാതപ്രാർത്ഥന. തുടർന്ന് ഒരുമണിക്കൂറോളം നേരം വിശുദ്ധ ഗ്രന്ഥം വായിക്കും. പിന്നീട് വിശുദ്ധ കുർബാന. ഇങ്ങനെ പോകുകയാണ് ഈ വൈദികന്റെ ആത്മീയ ജീവിതം. ദൈവത്തിന്റെ ഇടപെടൽ ഇല്ലാതെ ഒന്നും നടക്കില്ല. ഇന്നുവരെയുള്ള തന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന ഏകബലം ദൈവം കൂടെ ഉണ്ടായിരുന്നത് മാത്രമാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ഏത് വിഭാഗത്തിൽ ഉള്ള പ്രേക്ഷകരെയും അഭിമുഘീകരിക്കുന്നതിനുള്ള ശക്തി ദൈവം അദ്ദേഹത്തിന് നൽകി.

അന്ന് ബൈബിളിൽ ഉപരിപഠനം നടത്തുന്നതിന് അവസരം നഷ്ടമായപ്പോൾ അത് തന്റെ ജീവിതത്തിൽ വലിയ നഷ്ടമാണെന്ന് കരുതിയിരുന്നു. ഇന്ന് നോക്കുമ്പോൾ അത് വലിയ ഒരു അനുഗ്രഹമാണ് എന്ന് മനസിലാക്കുവാൻ അച്ചന് കഴിയുന്നു. ദൈവം എന്നെ നയിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ ഞാൻ സ്ട്രോങ്ങ് ആണ്. അച്ചൻ പറയുന്നു. ഇതുകൂടാതെ കാര്യങ്ങൾ സമയബന്ധിതമായും കൃത്യമായും ചെയ്തു തീർക്കുക എന്നതും അച്ചനെ വിജയത്തിലേക്ക് നയിച്ചു.

വിദ്യാർത്ഥികളോട്

ഇന്നു പലപ്പോഴും വിദ്യാർത്ഥികളിൽ കാണുന്ന ഒന്നാണ് നാളെ, നാളെ എന്ന് മാറ്റി വയ്ക്കുന്ന ശീലം. അത് ഒട്ടും നല്ലതല്ല എന്ന് തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഈ വൈദികൻ വെളിപ്പെടുത്തുന്നു. കൃത്യമായുള്ള പ്ലാനിങ്ങിന്റെ അഭാവം, ഇനി അതുണ്ടെങ്കിൽ തന്നെ കൃത്യമായി നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ കുറവ് അതാണ് പലപ്പോഴും വിജയത്തെ കൈപ്പിടിയിൽ നിന്നും അകറ്റി നിർത്തുന്നത്. നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിൽ അതിനു ഒരു വഴിയുണ്ടാകും. ഒന്നും ചെയ്യണ്ട എന്നില്ലെങ്കിൽ അതിനു വഴിയും ഉണ്ടാകില്ല. അച്ചൻ പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്കു നൽകുന്ന മഹത്തായ ഉപദേശവും ഇതു തന്നെയാണ്.

ജ്യോതി കോളേജിലെ പ്രവർത്തനത്തിനൊപ്പം ഒഴിവു സമയങ്ങളിൽ ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ മാസികയായ ഹോളി ഫാമിലി മെസേജിൽ ലേഖനങ്ങൾ എഴുതുന്നുണ്ട് ജോസ് അച്ചൻ. കോളേജിലെ പ്രവർത്തനങ്ങൾക്കൊപ്പം ഒഴിവു സമയങ്ങളിൽ തന്റെ നിരീക്ഷണങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന ആശയങ്ങൾ എഴുതിയും അച്ചൻ മുന്നോട്ട് പോവുകയാണ്. പ്രാർത്ഥനയും ആഴമായ വിശ്വാസവും കൊണ്ട് പ്രതിസന്ധികളെ അതിജീവിച്ചു വിജയത്തിലേക്ക് സഞ്ചരിക്കുകയാണ് ഈ വൈദികൻ. തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ഒക്കെയും അതിന്റെ പൂർണ്ണതയിൽ നിർവഹിച്ചുകൊണ്ട് ഈ വൈദികൻ, വിദ്യാർത്ഥികളുടെ പ്രിയ അധ്യാപകൻ നയിക്കുന്ന ജീവിതം ഏവർക്കും മാതൃകയാകട്ടെ.

ഒരു മണിക്കൂറിലേറെ നീണ്ട സംഭാഷണം. അതിനിടയിൽ ഒരു അധ്യാപകൻ തന്റെ വിദ്യാർത്ഥിക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കുന്ന ലാളിത്യത്തോടെ ജോസ് അച്ചൻ തന്റെ ജീവിതം ലൈഫ് ഡേയോട് പങ്കുവച്ചു. ലളിതമായ വാക്കുകൾ, കഠിനമായ പദപ്രയോഗങ്ങൾ ഏതുമില്ലാതെ ഒന്നരമണിക്കൂർ പൂർത്തിയാക്കുമ്പോൾ അദ്ദേഹത്തിലെ നലം തികഞ്ഞ അധ്യാപകനെ തെളിഞ്ഞു കാണാമായിരുന്നു…

മരിയ ജോസ്

5 COMMENTS

  1. Highly motivating and always enthusiastic..It was a great opportunity to work with him in Amaljyothi.Great educationalist equally spiritual and parental.Good coverage about him.His determination and hard work makes him a roll model for many

  2. Congrats.Josacha.Kannampuzha family is really proud of you. All the best and may the Good God bless you and continue to uphold you……..Sr.Cicily

  3. Loving Fr. Kannampuzha,
    You were great during our Seminary Studies . Now too you keep up that greatness. Genius coupled with Humility, Knowledge sprinkled with Spirituality and discipline with a smile. May God bless you abundantly

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.