ആഫ്രിക്കയിലെ ബൈബിൾ അച്ചൻ

മരിയ ജോസ്

ആവേശപൂർവം ഉള്ള പ്രസംഗത്തിനിടയിൽ ആ അച്ചൻ പറഞ്ഞു “എല്ലാവർക്കും സ്വന്തമായൊരു ബൈബിൾ വേണം. വചനം പഠിക്കണം.” ആ വാക്കുകൾക്ക് പ്രത്യുത്തരം ഞങ്ങൾക്ക് ബൈബിൾ വാങ്ങിക്കാൻ നിവർത്തിയില്ലച്ചാ എന്നതായിരുന്നു. ആ ഉത്തരത്തിൽ നിന്നാണ് വിനീഷ് എന്ന വൈദികൻ ബൈബിൾ ഫോർ ആഫ്രിക്ക എന്ന സംരംഭം തുടങ്ങിയത്.

ആഫ്രിക്കയിലെ മൊസാംബിക് എന്ന മിഷൻ മേഖലയിൽ സേവനം ചെയ്യുന്ന ഫാ. വിനീഷ് തോമസ് ചെമ്പകശ്ശേരി തന്റെ മിഷൻ അനുഭവങ്ങളും ബൈബിൾ ഫോർ ആഫ്രിക്കയുടെ  വിവരങ്ങളുമായി ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ്.

മിഷൻ പ്രവർത്തനത്തിനായുള്ള തീക്ഷണതയിൽ തിളങ്ങിയ ബാല്യം

വിനീഷ് അച്ചന്റെ ഉള്ളിൽ മിഷൻ പ്രവർത്തനത്തിന്റെ വിത്തുകൾ മുളച്ചു തുടങ്ങിത് ചെറുപ്പത്തിലേ തന്നെയാണ്. വിനീഷച്ചൻ വളരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ പിതാവ് മരിച്ചു. പിന്നീടുള്ള കാലം കൈപിടിച്ചു നടത്തിയത് ദൈവത്തിൽ ആഴമായി വിശ്വസിച്ചിരുന്ന അമ്മയായിരുന്നു. അമ്മ പാകിയ വിശ്വാസത്തിന്റെ അടിത്തറയിൽ നിന്ന് പള്ളിയിലേയ്ക്കും തുടർന്ന് പട്ടക്കാരനിലേയ്ക്കും നടത്തിയ ഒരു യാത്രയായിരുന്നു തന്റേതെന്ന് അച്ചൻ ഓർക്കുന്നു.

ചെറുപ്പത്തിൽ അൾത്താരബാലനായി പ്രവർത്തിച്ചിരുന്ന കുഞ്ഞു വിനീഷ് ഇടവകയിലെ വികാരിയച്ചനും  കൊച്ചച്ചനും ഒക്കെയായി നല്ല സൗഹൃദത്തിലായി. അങ്ങനെ ഇവരിക്കുമ്പോഴാണ് മിഷൻ മേഖലയിൽ പ്രവർത്തിക്കുന്ന അച്ചന്മാരുടെ അവധിക്കു വരവ്. അവർ പറയുന്ന മിഷൻ അനുഭവങ്ങൾ ആ കുഞ്ഞിന്റെ മനസ്സിൽ ആഴമായി പതിഞ്ഞു. ആ കഥകൾ സ്വപ്നങ്ങളായി മുന്നിലെത്തി. അവ മിഷൻ പ്രവർത്തനത്തിനായി ആ കുഞ്ഞിനെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. കുറച്ചു മുതിർന്നപ്പോൾ മിഷൻ ലീഗിന്റെ നേതൃസ്ഥാനത്തേയ്‌ക്ക്‌ ഉയർന്ന വിനീഷ് അച്ചന് അപ്പോഴാണ് ക്രിസ്തുവിന്റെ മിഷൻ പ്രവർത്തനത്തിൽ പങ്കാളിയാവുക എന്നതിനെ അർത്ഥവും ആഴവും മനസിലാകുന്നത്. അങ്ങനെ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എം.എസ്.എഫ്.എസ് സഭയിൽ ചേർന്നു.

മിഷനായി പോകുന്നോ?

ആഫ്രിക്കയിൽ മിഷൻ പ്രവർത്തനത്തിനായി പോകുന്നോ ? മിഷൻ പ്രവർത്തനം മാത്രം സ്വപ്നം കണ്ടു കിടക്കുന്ന ഒരാളോട് ഈ ചോദ്യം ചോദിച്ചാലുള്ള പ്രതികരണം ഊഹിക്കാവുന്നതേ ഉള്ളു. അച്ചന്റെടുത്ത് ഈ ഒരു ചോദ്യം ആദ്യം ചോദിച്ചത് ഫിലോസഫി പഠന കാലത്താണ്. അന്ന് എംഎസ്എഫ്എസ് സഭയുടെ കീഴിൽ ആഫ്രിക്കയിൽ മിഷൻ പ്രവർത്തനം ആരംഭിച്ചതേ ഉള്ളു. അന്ന് ആഗ്രഹം പ്രകടിപ്പിച്ചു എങ്കിലും അന്ന് അത് നടന്നില്ല. പിന്നീട് അത് നടക്കും എന്ന് കരുതിയും ഇല്ല. അങ്ങനെ പഠനം പൂർത്തിയാക്കി 2015 ഏപ്രിൽ 29 നു അച്ചൻ പൗരോഹിത്യം സ്വീകരിച്ചു. അതിനു ശേഷം അദ്ദേഹത്തെ ആഫ്രിക്കയിലെ മിഷനിലേയ്ക്ക് അയക്കുവാൻ സഭാധികാരികൾ തീരുമാനിച്ചു.

മിഷൻ മേഖല

അച്ചനെ സഭാധികാരികൾ ആഫ്രിക്കയിലെ മൊസാംബിക് എന്ന സ്ഥലത്തേയ്ക്കാണ് അയച്ചത്.  കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന  സാധുക്കളായ ആളുകൾ. അവർക്കിടയിൽ ആണ് അച്ചൻ തന്റെ പ്രവർത്തനം ആരംഭിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം പലരും കത്തോലിക്കാ വിശ്വാസികളായിരുന്നു. എന്നാൽ ദീർഘ നാളായുള്ള വിശ്വാസ പരിശീലനത്തിന്റെ അഭാവം മൂലം പലരും പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിലേയ്ക്കും മറ്റും തിരിഞ്ഞിരുന്നു.

അവരെ തിരികെ യഥാർത്ഥ വിശ്വാസത്തിലേയ്ക്ക് കൊണ്ട് വരുന്നതിനും അവരെ ഉദ്ധരിക്കുന്നതിനും ആയുള്ള പ്രവർത്തനത്തിലാണ് അച്ചൻ ഏർപ്പെട്ടിരിക്കുക. ഇടവക വികാരിയും കിൻഡർഗാർഡന്റെ ഡയറക്ടറും സെമിനാരി റെക്ടറുമായി സേവനം ചെയ്യുന്ന വിനീഷ് അച്ചൻ തന്റെ മിഷൻ പ്രവർത്തനത്തിനിടെയാണ് ആഫ്രിക്കയിലെ ജനങ്ങളുടെ ഇടയിൽ ബൈബിൾ ലഭിക്കുന്നില്ല എന്ന സത്യം തിരിച്ചറിയുന്നത്.

ബൈബിൾ ഫോർ ആഫ്രിക്ക

വിവിധ കമ്മ്യൂണിറ്റികളിൽ കൂടിയുള്ള പ്രവർത്തനം. വിശുദ്ധ കുർബാനയ്ക്കു ശേഷം അവിടുത്തെ ആളുകളുമായി സംസാരിക്കുകയും അവരുടെ വിവരങ്ങൾ ആരായുകയും ചെയ്യുന്ന പതിവ് വൈദികർക്കിടയിൽ ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ വചനം പഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു വന്നപ്പോൾ അച്ചൻ പറഞ്ഞു എല്ലാവര്ക്കും ഒരു ബൈബിൾ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ് എന്ന്. എന്നാൽ അവർ പറഞ്ഞ മറുപടി ബൈബിൾ വാങ്ങാൻ ഉള്ള പണം അവരുടെ കയ്യിൽ ഇല്ലാ എന്നാണ്. പോർച്ചുഗീസ് ഭാഷയിൽ ഉള്ള ബൈബിളിനു അവടെ ഭയങ്കര വിലയാണ്. സാധാരണക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം അത് പ്രയാസമുള്ള ഒന്നാണ്.

അവർക്കു ബൈബിൾ എത്തിക്കുന്നത്തിനുള്ള പ്രവർത്തനത്തെ കുറിച്ചു ആലോചിച്ചപ്പോഴാണ് അച്ചൻ ഫിയാത്ത് മിഷൻ കുറിച്ച് ഓർക്കുന്നത്. അവരുമായി ബന്ധപ്പെട്ടു. ബൈബിൾ ഇന്ത്യയിൽ നിന്ന് പ്രിന്റ് ചെയ്തു അയക്കാനുള്ള ധാരണ ഉണ്ടാക്കി. എന്നാൽ അതിനു കാലതാമസം എടുക്കും എന്ന് മനസിലാക്കിയ അച്ചൻ വാട്സ്ആപ്പിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കി. അതിൽ വിവിധ മലയാളികളെ അംഗങ്ങളാക്കി. അവരിൽ നിന്ന് ഫണ്ട് സ്വീകരിച്ചു. ആ തുക ഉപയോഗിച്ച് ആഫ്രിക്കയിലെ ആളുകൾക്ക് ബൈബിൾ വിതരണം ചെയ്തു.

ഏകദേശം 250 തോളം ഷോപ് ഭാഷയിലുള്ള ബൈബിളുകൾ അച്ചൻ ഇതുവരെ അവർക്കു ലഭ്യമാക്കി കഴിഞ്ഞു. 450 തോളം ബൈബിളുകൾ അടുത്ത ആഴ്ച്ച ആളുകളിലേക്ക്‌ എത്തും. അതിനായുള്ള ക്രമീകരണങ്ങൾ എല്ലാം ചെയ്തു കാത്തിരിക്കുകയാണ് അച്ചൻ.

മറക്കാൻ കഴിയാത്ത അനുഭവങ്ങൾ

മിഷൻ പ്രവർത്തനത്തിനായുള്ള തീക്ഷ്ണതയിൽ അച്ചൻ എത്തിപ്പെട്ടത് മലേറിയയുടെ കേന്ദ്രത്തിലേയ്ക്കായിരുന്നു. പത്തു തവണ അദ്ദേഹത്തിന് മലേറിയ പിടിപെട്ടു. അതിൽ രണ്ടു പ്രാവശ്യം അതീവ ഗുരുതരമായ അവസ്ഥയിലും എത്തി . അതിനെ അതിജീവിച്ച അച്ചനെ കാത്തിരുന്നത് കള്ളന്മാരായിരുന്നു. അച്ചന്മാരുടെ താമസ സ്ഥലം അതിക്രമിച്ചു കയറിയ കള്ളന്മാർ വിനീഷ് ആച്ചനെയും സഹപ്രവർത്തകരെയും മർദ്ദിക്കുകയും ചെയ്തു. കൂടാതെ കമ്പ്യുട്ടറുകളും മറ്റും മോഷ്ടിക്കുകയും ചെയ്തു. ആഫ്രിക്കയിലെ തിക്താനുഭവങ്ങളുടെ ഈ രണ്ടു ലിസ്റ്റുകൾ ഒഴിച്ചാൽ ബാക്കിയെല്ലാം അനുകൂലമായ സാഹചര്യങ്ങൾ ആയിരുന്നു എന്ന് വിനീഷ് അച്ചൻ വെളിപ്പെടുത്തുന്നു.

ഇന്ന് പുതിയ പദ്ധതികളുമായി ഓട്ടത്തിലാണ് അച്ചൻ. ഒപ്പം പുതിയ ഒരു കമ്മ്യൂണിറ്റി ആരംഭിക്കുന്നതിന്റെ തിരക്കും. ദൈവത്തിന്റെ വചനം അനേകം ആളുകളിലേക്ക്‌ എത്തിക്കുന്നതിന് അഹോരാത്രം പരിശ്രമിക്കുന്ന അച്ചന്റെ പ്രവർത്തനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ…

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.