ഓരോ ദിവസവും ഞങ്ങളിൽ ഒരാൾ മരിക്കുന്നു; സഹായം ആവശ്യമാണ്- സവേരിയന്‍ മിഷനറി വൈദികര്‍

ഓരോ ദിവസവും ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വാർത്തകൾ കരളലിയിക്കുന്നവയാണ്. “എല്ലാ ദിവസവും ഞങ്ങളിൽ ഒരാൾ വച്ച് മരിക്കുന്നു, ദയവായി  ഇപ്പോൾ ഞങ്ങളെ സഹായിക്കൂ”  വടക്കൻ ഇറ്റലിയിലെ പാർമയിലെ സാവേരിൻ സഭയിലെ വൈദീകർ:

പാർമയിലെ സവേറിയൻ മിഷനറി വൈദീകരുടെ ആസ്ഥാനത്ത് 15 ദിവസത്തിനുള്ളിൽ 13 വൈദീകർ മരിച്ചു. “രക്തപരിശോധന ഇല്ല, ഓരോ ദിവസവും ഞങ്ങൾ രോഗികളാകുന്നു,  മരിക്കുന്നു. പുറംലോകവുമായി ഒരു ബന്ധവും ഇല്ല” സെന്റ് ഫ്രാൻസിസ് സേവ്യറിന്റെ പയസ് സൊസൈറ്റിയുടെ റീജിയണൽ മേധാവി ഫാദർ Rosario Giannattasio ഇറ്റാലിയൻ മാധ്യമങ്ങളെ ഫോണിൽ വിളിച്ചറിയിച്ചതാണ് ഈ വിവരങ്ങൾ.

തങ്ങളിലൊരാൾ, രണ്ടാഴ്‌ചയായി മിക്കവാറും എല്ലാ ദിവസവും തങ്ങളുടെ മുറിയിലെ കട്ടിലിൽ മൗനമായി മരിക്കുന്നു. ആഫ്രിക്ക, ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ തീക്ഷ്ണതയോടെ സേവനം ചെയ്ത ശേഷം   തിരിച്ചെത്തിയ ഈ വൈദീകർ താമസിക്കുന്ന ഭവനം ഇപ്പോൾ ഒരു മരണ വീടായി മാറിയിരിക്കുന്നു. “മരണത്തിനായി കാത്തു ഒരു  മതിൽ കെട്ടിനുള്ളിൽ അടക്കപ്പെട്ടിരിക്കുന്നവരായിരിക്കുന്നു ഇപ്പോൾ ഞങ്ങൾ”.

വിവിധ രാജ്യങ്ങളിലെ സേവനത്തിനായി തങ്ങളുടെ ജീവിതം മുഴുവൻ സമർപ്പിച്ച വൈദീകരാണ് ഇപ്പോൾ കൊറോണ ബാധിച്ച് കടുത്ത ദുരിതത്തിലായിരിക്കുന്നത്. “ഇത് സാധാരണമല്ല; എല്ലാം ദിവസങ്ങൾക്ക് മുമ്പാണ് തുടങ്ങിയത്,  സാധാരണയായി ഒരു വർഷം, 4-5 മരണങ്ങൾ പരമാവധി 6 അത്രയുമേയുള്ളൂ. അൻപതോളം പേരാണ് ഇവിടെ ഉള്ളത്. ഇപ്പോൾ 15 ദിവസത്തിനുള്ളിൽ ഞങ്ങളിൽ 13 പേർ മരിച്ചു. രണ്ടാഴ്ചമുമ്പ് ചെറിയ ഒരസുഖത്തോടെയായിരുന്നു തുടക്കം. പിന്നെ ആദ്യയാൾ മരിച്ചു.  എനിക്ക് എന്ത് പറയണമെന്ന് അറിയില്ല. മിക്കവാറും എല്ലാവരും ഇവിടെ തന്നെ  മരിച്ചു, ആശുപത്രിയിൽ രണ്ടുപേരും”.

“യുവാക്കളെയും മറ്റുള്ളവരെയും അപകടത്തിലാക്കാതിരിക്കാൻ പുറത്തുനിന്നുള്ള സമ്പർക്കങ്ങൾ പൂർണ്ണമായും ഇല്ലാതാക്കി. പുറത്തു നിന്നും ഉണ്ടായിരുന്ന സഹായികളെപ്പോലും ഞങ്ങൾ ഒഴിവാക്കി. ഞങ്ങൾ ഒറ്റയ്ക്കാണ്. എല്ലാം ഇവിടെ അടച്ചിരിക്കുന്നു. ഭക്ഷണം ട്രോളിയിലാക്കി അകലെ വച്ചിരിക്കുന്നു. മുകൾ നിലയിൽ  ലിഫ്റ്റിൽ നിന്നാണ് ഭക്ഷണം ഞങ്ങൾക്ക് ലഭിക്കുന്നത്. പരസ്പരം രണ്ട് മീറ്റർ അകലം പാലിച്ചു ഞങ്ങൾ ഭക്ഷണം കഴിക്കുന്നു. ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഞങ്ങൾ രോഗികളായി മരിക്കുന്നു. പക്ഷേ ഇപ്പോൾ നിങ്ങൾ ആരെങ്കിലും വന്ന് ഞങ്ങളെ സഹായിക്കണം.” തകർന്ന ശബ്ദത്തിൽ ഫാദർ Rosario Giannattasio  മാധ്യമങ്ങളോട് വിവരിക്കുന്നു.

മരിച്ചവരെ കൂടാതെ ഇപ്പോൾ  ഒരു ഡസൻ രോഗികളും ഉണ്ട്. ” താഴത്തെ നിലയിലാണ് ഞാൻ. ഇവിടെ  ഇപ്പോൾ ആറോളം രോഗികളുണ്ട്, മുകൾ നിലയിൽ അഞ്ചു പേർ കൂടി ഉണ്ടെന്നു കരുതുന്നു. എനിക്കവിടെക്കു പോകാനാവില്ല . മെഡിക്കൽ ടീം ആരും ഇത് വരെ വന്നില്ല. ഞങ്ങൾ പകുതിയായി. എനിക്ക് എന്ത് പറയണമെന്നറിയില്ല, ഇവിടെ  ഓക്സിജൻ സിലിണ്ടർ ഇല്ല. രോഗികളായവർക്കു ശ്വസിക്കുവാൻ സാധിക്കുന്നില്ല. ”

നാല്പതും അമ്പതും വർഷം വിദൂര  രാജ്യങ്ങളിൽ സേവനം ചെയ്ത ശേഷം തങ്ങളുടെ ജീവിതം തുടരാനായി മടങ്ങിയെത്തിയവരാണിവർ. ഇപ്പോൾ മരണം നിശബ്ദമായി അവരുടെ മുറി വാതിക്കൽ കാത്തു നിൽക്കുന്നു.

“വാസ്തവത്തിൽ, ആദ്യത്തെ മരണശേഷം, എന്തോ കുഴപ്പം സംഭവിച്ചതായി തങ്ങൾ തിരിച്ചറിഞ്ഞു. അതിനാൽ  അപ്പോൾ തന്നെ സർവീസ് സ്റ്റാഫിനെ അവരുടെ വീടുകളിലേക്ക് അയച്ചു. ഒരുപക്ഷേ കൊറോണ വൈറസ് പോസിറ്റീവ് ആയ ഒരു നഴ്‌സും ഇവിടെ  ഉണ്ടായിരുന്നിരിക്കണം. ഇപ്പോൾ പാചകക്കാർ, സഹായികൾ, ക്ലീനിംഗ്, മറ്റു ജോലികൾ ചെയ്യുന്നവർ  ആരും ഇവിടെ ഇല്ല. അടിയന്തരാവസ്ഥ മൂലം ഓഫീസിലെ ജീവനക്കാർക്കും പ്രവേശിക്കാൻ അനുവാദമില്ല.” “ഞങ്ങൾ എല്ലാം അടച്ചു, ഇടനാഴികൾക്കും മുറികൾക്കുമിടയിൽ ഞങ്ങൾ സ്വയം അടച്ചിട്ടു,  ഒരു കാറ്ററിംഗ് കമ്പനി പാകം ചെയ്ത ഭക്ഷണം  കൊണ്ടുവന്നു തരുന്നു .

അത് വിതരണത്തിനായി  ഞങ്ങൾ തമ്മിൽ ക്രമീകരണം നടത്തിയിട്ടുണ്ട്, പക്ഷേ സ്ഥിതി കൂടുതൽ വഷളായി. ഇപ്പോൾ ഞങ്ങൾക്ക് സഹായം ആവശ്യമാണ്, ആരെങ്കിലും വരണം. ഞങ്ങൾ മേയറിന് കത്തെഴുതി, അധികാരികളോട് പറഞ്ഞു. ആർക്കും ഞങ്ങളെ സഹായിക്കാനാവുന്നില്ല. ഞങ്ങൾക്ക് സമയബന്ധിതമായ ഒരു ഇടപെടൽ ഇപ്പോൾ ആവശ്യമാണ്, ഞങ്ങളെ രക്ഷിക്കുക , കാരണം ഇവിടെ വൈറസ് പടരുന്നുവെന്നു വ്യക്തമാണ്”.

“ദിവസങ്ങളായി ഞങ്ങൾ ആരെയെങ്കിലും കണ്ടിട്ട്. സഹായിക്കാൻ ആരെയും കാണുന്നില്ല. ഇവിടെ നടക്കുന്നത് എന്താണെന്ന് പറയാൻ വേണ്ടിയാണ് ഞങ്ങൾ മാധ്യമങ്ങളോട് സംസാരിക്കുന്നത്. നിങ്ങൾ പറയൂ അവരോടു ഞങ്ങൾക്ക് സഹായം ആവശ്യമുണ്ടെന്നു. അവശേഷിക്കുന്ന ഞങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഒരു സഹായം ചെയ്തു തരൂ”.

ഇന്ന് ഇറ്റാലിയൻ വാർത്താമാധ്യമങ്ങളിൽ എല്ലാം തന്നെ ഇന്ന് ഈ വാർത്ത റിപ്പോർട്ട് ചെയ്തു. അവസാനം മരിച്ച  Father Stefano Coronese സ്കൗട് പ്രസ്ഥാനങ്ങളുടെ സഹചാരിയായിരുന്ന വൈദീകൻ , Father Gerardo Caglioni (73)  Mexico യിലും  Sierra Leone തന്റെ ജീവിതം മുഴുവൻ ചിലവഴിച്ച വൈദീകൻ. കോംഗോയിലും ചൈനയിലും ഒക്കെയായി നിരവധി രക്തസാക്ഷികളെ തിരുസഭക്കു സംഭാവന ചെയ്ത സഭയാണ് സവേരിയൻ മിഷനറീസ്.
ഫാദർ Alberto Debbi  (44) എന്ന ഡോക്ടർ ആയ ഇടവക വൈദീകൻ തന്റെ ഇടവകയിൽ നിന്നും വടക്കൻ ഇറ്റലിയിലെ മോദനയിലുള്ള  സസ്സുവോളോയിലെ  ആശുപത്രിയിലെക്കു സേവനത്തിനായി മടങ്ങിയെത്തി.  ഇതേ ആശുപത്രീയിൽ  ഡോക്ടർ ആയി സേവനം ചെയ്യുമ്പോൾ   ആണ് അദ്ദേഹം സെമിനാരിയിൽ ചേർന്ന വൈദീകനായത്.

ഇറ്റലിയിൽ കൊറോണ മൂലം ഇതുവരെ മരിച്ച വൈദീകരുടെ എണ്ണം 69 ആയി. കൂടാതെ നിരവധി കന്യാസ്ത്രീകളും രോഗബാധിതരായിട്ടുണ്ട്.  മിലാൻ അതിരൂപതയുടെ മേജർ സെമിനാരി വിദ്യാർത്ഥികളും രോഗബാധിതരായവരിൽ പെടുന്നു.  മരണമടഞ്ഞ ഡോക്ടർമാരുടെ എണ്ണം 20. വൈദ്യശാസ്ത്രമേഖലയിൽ സേവനം ചെയ്യുന്നവരിൽ 4824  പേർ  രോഗബാധിതരായി.

ഫാ. സോണി ഉള്ളാട്ടിക്കുന്നേല്‍ സി.എം.ഐ.