തെരുവിന്റെ മക്കള്‍ക്കൊപ്പം ഒരു വൈദികന്റെ വ്യത്യസ്ത പിറന്നാള്‍ ആഘോഷം 

    മരിയ ജോസ്

    ‘അവര്‍ക്ക് ഭക്ഷണം നല്‍കിയത് ആരാണെന്നോ, ഞാന്‍ ഭക്ഷണം നല്‍കിയത് ആര്‍ക്കെന്നോ അറിയില്ല. അവര്‍ ഭക്ഷണം കഴിച്ചു നടന്നു നീങ്ങി.’ തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളെ കുറിച്ച് ഓര്‍ത്തഡോക്‌സ് വൈദികനായ ഡോ. ബേബി വര്‍ഗീസ് പറഞ്ഞു തുടങ്ങി. ആ അവിസ്മരണീയമായ മുഹൂര്‍ത്തം അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷം തന്നെയായിരുന്നു.

    ബനാറസിലെ കാശി വിശ്വനാഥ അമ്പലത്തിനടുത്തുള്ള തെരുവിലെ യാചകരോടും തീര്‍ത്ഥാടകരോടുമൊപ്പം ആഘോഷിച്ച ആ വ്യത്യസ്തമായ പിറന്നാള്‍ ആഘോഷത്തെകുറിച്ച് ഫാ. ബേബി ലൈഫ് ഡേയോട് സംസാരിച്ചു തുടങ്ങി…

    അപ്രതീക്ഷിതമായി കൈവന്ന അവസരം 

    ബനാറസ് സന്ദര്‍ശിക്കണം എന്നത് ബേബി അച്ചന്റെ ഒരു വലിയ സ്വപ്നമായിരുന്നു. കോട്ടയം ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയിലെ അധ്യാപകനായതിനാല്‍ തന്നെ കുറച്ചു കൂടുതല്‍ ദിവസം അവധി എടുക്കാന്‍ കഴിയാഞ്ഞതിനാലും സാഹചര്യങ്ങള്‍ ഒത്തു വരായ്കയാലും ആ ആഗ്രഹം അങ്ങനെ നീണ്ടു പോവുകയായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ഈ ഒക്ടോബര്‍ മാസം കുറച്ചു ദിവസം അവധി കിട്ടുന്നത്. തന്റെ ദീര്‍ഘ നാളത്തെ ആഗ്രഹം ഈ തവണ നടപ്പിലാക്കുവാന്‍ അച്ചന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം തന്റെ യാത്ര ആരംഭിച്ചു.

    ആ ബനാറസിന്റെ സൗന്ദര്യവും സംസ്‌കാരവും ഒക്കെ ആസ്വദിച്ചുള്ള യാത്ര. ആ സംസ്‌കാരത്തെ അടുത്തറിയാനുള്ള യാത്ര. അതിനിടയിലാണ് തന്റെ പിറന്നാളും കടന്നു വരുന്നത്. ‘ പിറന്നാള്‍ ആഘോഷിക്കാനായി അല്ലെങ്കില്‍ അത്തരം ഒരു പ്രവര്‍ത്തി ചെയ്യുന്നതിനായി ബനാറസില്‍ എത്തിയതല്ല ഞാന്‍. ആ യാത്രക്കിടയില്‍ അപ്രതീക്ഷിതമായി പിറന്നാളും കടന്നു വരുകയായിരുന്നു.

    തെരുവിന്റെ മക്കള്‍ക്കൊപ്പം

    ബനാറസില്‍ കാശി വിശ്വനാഥ അമ്പലത്തിനടുത്തുള്ള തെരുവില്‍ പാവങ്ങള്‍ക്കായി ഭക്ഷണ വിതരണവും ഭക്ഷണം നല്‍കാനുള്ള സൗകര്യവും ഉണ്ടെന്ന് അച്ചന്‍ അറിയുന്നത് ആ യാത്രക്കിടയില്‍ സുഹൃത്തില്‍ നിന്നുമാണ്. തെരുവില്‍ കഴിയുന്ന ധാരാളം ആളുകള്‍ക്ക് ദിവസേന ഭക്ഷണം നല്‍കുന്ന ആ പ്രവര്‍ത്തിയിലെ നന്മ മനസിലാക്കിയ അച്ചന്‍ അടുത്തു വരുന്ന പിറന്നാള്‍ ദിവസം അവര്‍ക്കൊപ്പമാകാന്‍ തീരുമാനിച്ചു. അത് സുഹൃത്തിനെ അറിയിക്കുകയും അവര്‍ വഴി അതിനുള്ള പണമടയ്ക്കുകയും മറ്റും ചെയ്തു.

    പിറന്നാള്‍ ദിവസം അവിടെ എത്തിയ അച്ചനോട് ഭക്ഷണം നല്‍കുവാന്‍ ആവശ്യപ്പെടുകയും അദ്ദേഹം പാവങ്ങള്‍ക്കായി ഭക്ഷണം വിതരണം ചെയ്യുകയുമായിരുന്നു. കിച്ചടി എന്ന അവിടുത്തെ ഭക്ഷണമാണ് വിളമ്പിയത്. വളരെ ആരോഗ്യകരമായ ആഹാരമാണ് കിച്ചടി. അരിയും ധാന്യങ്ങളും ഒക്കെ ഇട്ട് തയ്യാറാക്കിയ ഒരു വിഭവമാണ് കിച്ചടി. വളരെ വൃത്തിയായി തയ്യാറാക്കി പാത്രങ്ങളില്‍ വിളമ്പി നല്‍കുന്ന ആ ഭക്ഷണ വിതരണ കര്‍മ്മം നേര്‍ച്ച ഭക്ഷണം എങ്ങനെയാണോ വിളമ്പുന്നത് അത്രയും പവിത്രതയോടെയാണ് അവര്‍ നിര്‍വഹിക്കുന്നത്. അത്, തന്നെ ഏറെ അത്ഭുതപ്പെടുത്തി എന്ന് അച്ചന്‍ പറയുന്നു. കാരണം ബനാറസ് പോലെ ആളുകള്‍ വന്നു കൂടുന്ന ഒരു സ്ഥലത്ത് ഇത്രയും വൃത്തിയോടെ തെരുവില്‍ കഴിയുന്നവര്‍ക്കും മറ്റും ആഹാരം നല്‍കുക എന്നത് അസാധ്യമായ കാര്യമാണ്. ആ സാഹചര്യത്തിലും ഇത്രയേറെ ത്യാഗം സഹിച്ചു അവര്‍ ചെയ്യുന്നത് വളരെ വലിയ ഒരു കാര്യമാണ് എന്ന് ബേബി അച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു.

    പരസ്പരം അറിയാത്തവര്‍ക്കിടയില്‍ ഒരു ദിനം

    എന്തുകൊണ്ട് അത്തരം ഒരു സ്ഥലം തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ഉത്തരമായി അച്ചന്‍ പറഞ്ഞത് ഇങ്ങനെയാണ്. ‘ബനാറസ് പോലെ ആളുകള്‍ വന്നുകൂടുന്ന ഒരു സ്ഥലം. അവിടെ ആ തെരുവിന്റെ മക്കള്‍ക്കൊപ്പം ഭക്ഷണം വിളമ്പിയപ്പോള്‍ ആരാണ് വിളമ്പിയത് എന്ന് അവര്‍ക്കറിയണ്ടായിരുന്നു. ആര്‍ക്കാണ് ഞാന്‍ ഭക്ഷണം നല്‍കിയതെന്നും അറിയില്ല. അവിടെ പരിചയമുള്ള ഒരു മുഖം പോലും ഞാന്‍ കണ്ടില്ല. അന്ന് ഭക്ഷണം കഴിച്ചവര്‍ക്കിടയില്‍ ഉണ്ടായിരുന്നത് വിശപ്പ് എന്ന ഒരു വികാരം മാത്രം ഉള്ളവരായിരുന്നു. അവരില്‍ ക്രിസ്ത്യാനി ഉണ്ടാകാം, ഹിന്ദുമത വിശ്വാസികള്‍ ഉണ്ടാകാം, ഇസ്ലാം മത വിശ്വാസികള്‍ ഉണ്ടാകാം. അവരാരും, തങ്ങള്‍ക്ക് ഭക്ഷണം നല്‍കിയത് ഒരു വൈദികനാണെന്ന് അറിയില്ല. അവര്‍ അത് ചോദിക്കുകയുമില്ല. ഭക്ഷണം കഴിച്ച് അവര്‍ മടങ്ങി. ആരാലും അറിയപ്പെടാതെ ഒരു നന്മ ചെയ്യുമ്പോള്‍ കിട്ടുന്ന ആന്തരികമായ സന്തോഷം അത് വേറെ തന്നെയാ.’ പക്ഷെ ഇപ്പോള്‍ ഇങ്ങനെ പ്രസിദ്ധീകരിക്കുമ്പോള്‍ അത് താന്‍ ചെയ്ത നന്മയുടെ മൂല്യം കുറഞ്ഞു പോകുകയാണോ എന്നും അച്ചന്‍ സംശയം പ്രകടിപ്പിച്ചു.

    എങ്കിലും സമൂഹത്തിന് ഒരു സന്ദേശം നല്‍കുകയല്ലേ ഇത്തരം പ്രവര്‍ത്തികളിലൂടെ എന്ന ചോദ്യത്തിന് മുന്നില്‍ സമൂഹത്തിനായി ഒരു ഓര്‍മപ്പെടുത്തല്‍ കൂടി അച്ചന്‍ നല്‍കി. ‘ നമ്മള്‍ പിറന്നാളും മറ്റും ആഘോഷിച്ചു ധാരാളം പണം ആവശ്യമില്ലാതെ കളയുന്നുണ്ട്. ആ സമയങ്ങളില്‍ കേരളത്തിന്റെ , ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഒരു നേരത്തെ ആഹാരത്തിനായി അനേകര്‍ക്ക് മുന്നില്‍ കൈനീട്ടേണ്ടി വരുന്ന ആയിരങ്ങള്‍ ഉണ്ട് എന്ന് ഓര്‍ക്കണം. ആ മുഖങ്ങളിലെ വിശപ്പിന്റെ തീവ്രത കുറയ്ക്കുക എന്നതില്‍ കവിഞ്ഞ  പുണ്യം ഇല്ല’. അച്ചന്‍ പറഞ്ഞവസാനിപ്പിച്ചു.

    ശരിയാണ്, ഈ ലോകത്തില്‍ മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യം വിശപ്പകറ്റുക എന്നതാണ്. അത് കഴിഞ്ഞേ മറ്റെന്തും അവന്റെ ജീവിതത്തില്‍ ഒരു പ്രശ്‌നമായി വരുന്നുള്ളൂ. അതിനാല്‍ തന്നെ ഒരുവന്റെ വിശപ്പിനെ ശമിപ്പിക്കുന്നിടത്തോളം വലിയ പുണ്യം വേറെ ഇല്ല. ഈ വൈദികന്റെ മാതൃക അനേകര്‍ക്ക് ഒരു പ്രചോദനമായി മാറട്ടെ.

    മരിയ ജോസ്

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.