ശ്രദ്ധിക്കാം ജപമാല ചൊല്ലുമ്പോൾ ഈ കാര്യങ്ങൾ

ജപമാല ആവർത്തന വിരസതകൊണ്ട് പലപ്പോഴും മൂല്യം കുറഞ്ഞു പോയ ഒരു പ്രാർത്ഥനയാകാം ചിലർക്കെങ്കിലും. കുടുംബപ്രാർത്ഥന തീർക്കാൻ അതിവേഗം കൊന്ത എത്തിക്കുന്നവരാണ് നമ്മൾ എങ്കിൽ അത് ഈ പ്രാർത്ഥന നമ്മുടെ ആത്മീയ ജീവിതത്തിൽ പകരുന്ന ശക്‌തിയും സംരക്ഷണവും തിരിച്ചറിയാത്തത് കൊണ്ടും ചൊല്ലുന്ന പ്രാർത്ഥനകളുടെ അർത്ഥം അറിയാത്തത് കൊണ്ടും ആണ്.

ജപമാല പ്രാർത്ഥന ഭക്തിയോടും ശ്രദ്ധയോടും അർത്ഥം അറിഞ്ഞു കൊണ്ടും ചൊല്ലാൻ നിങ്ങളെ സഹായിക്കുന്ന ഏതാനും ചില നിർദ്ദേശങ്ങൾ ഇതാ.

1. ജപമാല കയ്യിലെടുക്കാം

ജപമാല പ്രാർത്ഥനയ്ക്കായി ഇരിക്കുന്നതിന് മുൻപ് തന്നെ നമ്മുടെ കൈകളിൽ സ്ഥാനം പിടിയ്ക്കേണ്ട ഒന്നാണ് ജപമാല. ഇത് നമുക്ക് അറിയാവുന്നതാണ്. എന്നാൽ പലപ്പോഴും ജപമാല കയ്യിലേന്തുവാൻ നാം മടിക്കുന്നു. ഇത്തരത്തിൽ മടി തോന്നുന്ന അവസരങ്ങളിൽ ദൈവം നമുക്ക് നൽകിയ ഏറ്റവും വലിയ സമ്മാനമാണ് ജപമാല എന്ന് നമുക്ക് ഓർക്കാം. നമ്മുടെ കയ്യിലോ ബാഗിലോ ഉൾക്കൊള്ളുന്ന രീതിയിൽ മഹനീയമായ ഒരു പ്രാർത്ഥന നമുക്ക് നൽകിയ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് ജപമാല കൈകളിൽ എടുത്തുകൊണ്ട് തന്നെ വേണം പ്രാർത്ഥനയ്ക്കായി ഇരിക്കുവാൻ.

2. കുരിശു വരച്ചു കൊണ്ട് തുടങ്ങാം

കുരിശടയാളം വളച്ചു സ്വയം ആശീർവദിച്ചു കൊണ്ട് നമുക്ക് ജപമാല പ്രാർത്ഥന തുടങ്ങാം. കുരിശു വരയ്ക്കുമ്പോൾ ആത്മീയ ജീവിതത്തിനു ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും നമ്മിലേക്ക്‌ ചൊരിയപ്പെടുകയാണ്. അതിനാൽ കുരിശു വരച്ചു കൊണ്ട് തന്നെ ജപമാല ആരംഭിക്കാം.

3. ജപമാല വിശ്വാസത്തിന്റെ പ്രവൃത്തി

ജപമാല പ്രാർത്ഥനയിലൂടെ ക്രിസ്തുവിലേയ്ക്ക് നാം വളരുകയാണ്. ഈ പ്രാർത്ഥനയിലൂടെ സഭയും സമൂഹവും വിശ്വാസത്തിലേയ്ക്കും ക്രിസ്തുവിലേയ്ക്കും വളരുന്നു. ദൈവഹിതത്തിനു മുന്നിൽ വിധേയയായികൊണ്ട് സ്വയം സമർപ്പിച്ച മറിയം വെണ്ണേതമായ ജീവിതത്തത്തിന്റെ പ്രാധാന്യം ഓരോ ജപമണികളിലൂടെയും നമ്മെ ഓർമിപ്പിക്കുന്നു.

4. സുവിശേഷം പ്രാർത്ഥനയായി മാറുന്നു

ജപമാല പ്രാർത്ഥനയെ വിമർശിക്കുന്നവർ ഉണ്ട്. എന്നാൽ അവർ തിരിച്ചറിയാത്ത ഒരു രഹസ്യമുണ്ട്. ഒരു തവണ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന നാം ചൊല്ലുമ്പോഴും തിരുവചനം ചൊല്ലിത്തന്നെയാണ് നാം പ്രാർത്ഥിക്കുന്നത്. സുവിശേഷത്തിൽ മാതാവിനെ മംഗളവർത്ത അറിയിക്കാൻ എത്തിയ മാലാഖയുടെ അഭിസംബോധന വചനങ്ങൾ ആണ് ഓരോ നന്മ നിറഞ്ഞ മറിയമേ പ്രാർത്ഥനയിലും ചൊല്ലുന്നത്.

5. ആവർത്തന വിരസതയെ അതിജീവിക്കാം

ജപമാല പ്രാർത്ഥനയിൽ ആവർത്തന വിരസത നമുക്ക് അനുഭവപ്പെടാം. ഈ സമയങ്ങളിൽ കയ്യിൽ ഇരിക്കുന്ന ജപമാലയും ദൈവത്തിന്റെ ദാനമാണ് ഇതെന്നും ഉള്ള ചിന്ത നമ്മെ കൂടുതൽ തീക്ഷണമായ പ്രാർത്ഥിക്കുവാൻ സഹായിക്കും. ഒപ്പം ഓരോ രഹസ്യം ചൊല്ലുമ്പോഴും ഓരോ നിയോഗം വയ്ക്കാം. ആ നിയോഗം പ്രാപ്തിക്കായി ആത്മാർത്ഥതയോടെ പ്രാർത്ഥിക്കാം.  അത് കൂടുതൽ ഭക്തിയോടെ പ്രാർത്ഥിക്കുവാൻ നമ്മെ സഹായിക്കും.