മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഡിസംബർ 25

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, നിന്റെ പ്രിയപുത്രനെ ഈ ലോകത്തിനു നൽകിയ ഈ പുണ്യ ദിനത്തിൽ മാലാഖമാരോടു ചേർന്ന് ഞങ്ങളും നിന്നെ സ്തുതിക്കുന്നു ആരാധിക്കുന്നു: അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം! ദൈവം മനുഷ്യനായ ഈ പുണ്യ ദിനത്തിൽ മനുഷ്യത്വത്തിന്റെ പൂർണ്ണതയിലേക്കു വളർന്നു കൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവാൻ എന്നെ സഹായിക്കണമേ. പുൽകൂട്ടിലെ ഉണ്ണീയേശുവിന്റെ മുമ്പിൽ ജീവിതം കാഴ്ചവച്ചു സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഒരു കീർത്തനമാക്കി എന്റെ ജീവിതത്തെ മാറ്റണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ദൈവം നമ്മുടെ അനുദിന ജീവിതങ്ങളിൽ നമ്മോടൊപ്പം യാത്ര ചെയ്യാൻ മനുഷ്യനാകുന്നു.” (ഫ്രാൻസീസ് പാപ്പാ)

ഈശോയോടൊപ്പം രാത്രി

“സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ കർത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു.” (ലൂക്കാ 2: 11). ദൈവമേ, ഇന്നേ ദിനം നിന്റെ കാരുണ്യത്തിന്റെ ഏറ്റവും വലിയ സമ്മാനമായി നിന്റെ എക പുത്രനെ എനിക്കു തന്നതിനു ഞാൻ നന്ദി പറയുന്നു. ഇന്നേദിനം നിന്റെ വചനങ്ങളെക്കാൾ എന്റെ തീരുമാനങ്ങൾക്കും ഹിതങ്ങൾക്കും പ്രാമുഖ്യം നൽകിയതിന് എന്നോടു എന്നോട് ക്ഷമിക്കണമേ. നാളെ ഉണ്ണീയേശുവിന്റെ ഹിത പ്രകാരം എന്റെ  ജീവിതം ക്രമപ്പെടുത്താൻ എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.