ക്രിസ്തു ലഹരിയില്‍ Ex മദ്യപന്മാരുടെ വീര ജീവിതം

ക്ലിന്റന്‍ എന്‍. സി. ഡാമിയന്‍

ഒരിക്കല്‍ മദ്യപാനികളായിരുന്ന കുറേപ്പേര്‍  മദ്യപാനം നിർത്തി. ജീവിതത്തിന്റെ യഥാര്‍ത്ഥ സന്തോഷം എന്താണെന്ന് അപ്പോള്‍ അവര്‍ക്ക് മനസ്സിലായി. അവര്‍ ഓര്‍ത്തു – മറ്റ് മദ്യപരുംകൂടി മദ്യപാനം നിര്‍ത്തിയിരുന്നെങ്കില്‍ എന്ന്. അവര്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പിന്നിട് അവര്‍ ഒരുമിച്ചു പ്രാര്‍ഥിച്ചു. ഇപ്പോള്‍ അവര്‍ മദ്യപാനികള്‍ക്കായി പ്രാര്‍ത്ഥന നടത്തുന്ന ഒരു ഗ്രൂപ്പായി രൂപാന്തരപ്പെട്ടു – സെറാഫിന്‍ പ്രയർ ഗ്രൂപ്പ്. തിരുവനന്തപുരത്തെ പൂന്തുറയിലാണ് അവര്‍.

പൂന്തുറ എന്ന മത്സ്യതൊഴിലാളി ഗ്രാമം. വി. തോമാശ്ലീഹായുടെ നാമധേയത്തിലുള്ള ഇടവകയാണ് പൂന്തുറ. ഏകദേശം നാലായിരത്തിലധികം കുടുംബങ്ങൾ.  ആളുകളുടെ എണ്ണംകൊണ്ട് ഇരുപതിനായിരം പേരുടെ ഒരു വിശ്വാസ സമൂഹം. മത്സൃ തൊഴിലാളികളാണ് ഭൂരിപക്ഷവും. തിരുവനന്തപുരത്തെ ജനസാന്ദ്രതയേറെ ഇടവകളിലൊന്ന്.

ആയിടക്കാണ് ജീസസ്സ് യൂത്തിലെ സേവ്യർ ചേട്ടൻ അവിടുത്തെ വ്യത്യസ്തമായ ഒരു പ്രയർ ഗ്രൂപ്പിനെപ്പറ്റി പറയുന്നത്. മദ്യപാനം നിർത്തി, ഇപ്പോള്‍ മദ്യപാനികള്‍ക്കായി പ്രാര്‍ത്ഥന നടത്തുന്ന ഒരു ഗ്രൂപ്പ് – സെറാഫിന്‍ പ്രയർ ഗ്രൂപ്പ്. അവരുമായി ഒരു പ്രയർ മീറ്റിംഗിങ്ങിൽ പങ്കെടുക്കുവാൻ തീരുമാനിച്ചു.

അവസാനം പൂന്തുറയുടെ മടിതട്ടിലേക്ക്. ആ പ്രയർ ഗ്രൂപ്പ് ലക്ഷ്യമാക്കി നടന്നു. പോകുന്ന വഴിയിൽ ഉയർന്നു കേൾക്കുന്ന സ്തുതിപ്പിന്റെ ശബ്ദം അവരിലെക്ക് പെട്ടെന്നു തന്നെ എത്തിച്ചു. ആനിമേറ്റർ സിസ്റ്റർ വൽസയോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ എന്നെ പരിചയപ്പെടുത്തി.

വൻകരഘോഷത്തോടെയാണ് അവർ എന്നെ വരവേറ്റത്. അവരുടെ
ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കുവാൻ തുടങ്ങി. ആദ്യം പറഞ്ഞു തുടങ്ങിയത് പ്രയർ ഗ്രൂപ്പ് ലീഡർ ബ്രദര്‍ വിൽസൺ ആണ്.

“അഞ്ചാറു വർഷം ഞാൻ ഒരു ബാർ തൊഴിലാളിയായിരുന്നു. വല്ലപ്പോഴും മാത്രം മദ്യപാനം അതായിരുന്നു എന്റെ പോളിസി. ഒരു ധ്യാനം കൂടിയപ്പോൾ ഒരു വിടുതൽ വേണമെന്ന് മനസ്സിൽ തോന്നി. അങ്ങനെ മദ്യപാനം നിർത്തി. എന്നാൽ ഉള്ളിൽ ഒരു ബോധ്യം വന്നു. ഒരു ധ്യാനം കൂടി. അതിലൂടെ എന്നിൽ മാറ്റം വന്നു. എന്നാലും എന്നിൽ ഒരു തോന്നൽ. ഞാൻ മാത്രമല്ല എന്നെപ്പോലെ ഒരായിരം പേരും ഈ വിപത്തിൽ നിന്നും രക്ഷ നേടണമെന്ന ചിന്ത ഉള്ളിൽ അലയടിച്ചിരുന്നു. ആദ്യം ഒരു ഭയം മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ യേശുവിന്റെ കൃപയാൽ ഈ ശ്രൂശൂഷ ഭംഗിയായി നടന്നു വരുന്നു.”

ഏതാണ്ട് 50 ഓളം പേർ ഉണ്ട് ഈ സെറാഫിന്‍ പ്രയർ ഗ്രൂപ്പിൽ. സെറാഫിൻ എന്ന പേരു നിർദ്ദേശിച്ചത് സിസ്റ്റർ വൽസ തന്നെയാണ്. അതിനെപ്പറ്റി സിസ്റ്ററുടെ വാക്കുകൾ ഇങ്ങനെ “ആദ്യം ഞാൻ ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. ദൈവത്തെ അകമറിഞ്ഞ് സ്തുതിക്കുകയും നൻമ മാത്രം ചെയ്യാൻ കൊതിക്കുന്നവരുമാണ് ഇവര്‍. ശരിക്കും മാലാഖമാർ തന്നെയാണ് ഇവർ. അങ്ങനെ സെറാഫിൻ എന്ന മാലാഖകളുടെ പേരിട്ടു.”

വളരെ ചെറുപ്പത്തിൽ തന്നെ മദ്യപാനം തുടങ്ങിയവരുണ്ട് ഇവര്‍ക്കിടയിൽ. കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി തുടക്കം കുറിച്ചവരും പിന്നെ തൊഴിലിന്റെ ഭാഗമായി തുടങ്ങിയവരും. കാരണം ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ തൊഴിൽ മേഖലയിൽ നിന്നുള്ളവരാണ്. അനന്തമായി വിരിഞ്ഞു കിടക്കുന്ന കടലിൽ ജീവൻ പണയം വച്ചു പോകുന്നവർ. ഒരു വൻ തിര അല്ലെങ്കിൽ കാറ്റിന്റെ വേഗത മതി ഇവരുടെ ജീവിതങ്ങളെ കാർന്നെടുക്കാൻ.

കൂട്ടത്തിൽ ഏറ്റവും സ്വാധീനിച്ചത് ജോസഫ് ചേട്ടന്റെ അനുഭവമാണ്. ” ഞാൻ മദ്യപിച്ച് വീട്ടിൽ വരുന്നത് അയൽവാസികൾ കണ്ടാൽ അവർക്ക് ഒരു രസമാണ്. ഞാൻ ഭാര്യയെയും മക്കളെയും തല്ലുന്നത് അവർ നോക്കി നിൽക്കും. പലപ്പോഴും ഞങ്ങൾ പിണങ്ങി കഴിഞ്ഞിട്ടുണ്ട്. ഇടയ്ക്ക് എനിക്ക് ലിവർ സിറോസിസ് വന്നു. ആയിടക്കാണ് വിൽസൺ എന്നെ വന്നു കാണുന്നത്. ഒന്നു മാറണമെന്ന് തോന്നി. അങ്ങനെ ഞാൻ സകല ലഹരിയും നിർത്തി. ഇന്ന് എന്റെ ജീവിതം സന്തുഷ്ടമാണ്. പ്രശ്നങ്ങളുടെ തുടക്കക്കാരൻ എന്നതിൽ നിന്നും തമ്പുരാൻ എന്നെ പ്രശ്നങ്ങൾ പരിഹരിക്കുന്നവനായി തീർത്തു.”

കടലിൽ പോയി കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ആഴ്ച്ചയിൽ രണ്ടു ദിവസം ജോസഫ് ചേട്ടന്റെ നേതൃത്വത്തിൽ ഇവര്‍ ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങൾ സഞ്ചരിക്കും. തങ്ങളുടെ വീടുകളിൽ തയ്യാറാക്കുന്ന പൊതിച്ചോറുമായി; വഴിയോരങ്ങളിൽ കിടക്കുന്ന അനാഥർക്കും അഗതികൾക്കും ഒരു നേരത്തെ പാഥേയമുമായി.

വചനം നന്നായി വായിച്ച ഒരു  ചേട്ടൻ ഒന്നാം ക്ലാസ് വരെ പഠിച്ചിട്ടുള്ളു. എന്നാൽ എങ്ങനെ ഈ ഉച്ചാരണ ശുദ്ധി എന്ന ചോദ്യത്തിന് ദിനം പ്രതി വചനം വായിക്കുന്നത് ഒരു ശീലമാക്കിതു കൊണ്ടെന്നു ചെറു പുഞ്ചിരിയാൽ പറഞ്ഞു. വളരെ രസകരവും ആത്മീയവുമായാണ് ഈ പ്രയർ ഗ്രൂപ്പിന്റെ പ്രവർത്തനം നടക്കുന്നത്- വീഡിയോ പ്രദർശനവും വചന വിചിന്തനവും കൂടുതൽ പേരുടെ മാനസാന്തരത്തിനായിയുള്ള പ്രാർത്ഥനയും. അടുത്ത 100 പേർക്കായി ധ്യാനം ബുക്ക് ചെയ്ത് ഇവർ പ്രാർത്ഥിക്കുന്നു.

ഇറങ്ങുന്നതിന് മുൻപ് മദ്യനയത്തെപ്പറ്റി ചോദിച്ചു. അവർ ഏകസ്വരത്തിൽ പറഞ്ഞു. എത്ര വലിയ ബിസിനസ്സ് ആയാലും ഇതു മൂലം കുടുംബങ്ങളുടെ കണ്ണീർ അതിന്റെ മേൽ ഉണ്ടാകും. രോഗങ്ങളും മാനസിക പ്രശ്നങ്ങളും നൽകുന്ന മദ്യത്തെ എതിർക്കേണ്ടതു തന്നെയാണ്. ഞങ്ങളുടെ നിലവിളി പ്രാർത്ഥന ഇരട്ടിയാക്കും. ദൈവം ഞങ്ങളോടൊപ്പം ഉണ്ട്, ഒരായിരം ആത്മാക്കളെ നേടാൻ. നടന്നകലുമ്പോഴും കാതുകളിൽ ഇവരുടെ ശബ്ദം കേൾക്കുന്നു; ഇസ്രായേൽ ജനത്തിന്റെ പാപങ്ങളെ പ്രതി വിലപിച്ച പ്രവാചകൻമാരുടെ ശബ്ദം പോലെ.

ക്ലിന്‍റണ്‍ എന്‍. സി. ഡാമിയന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.