പരീക്ഷണങ്ങളില്‍ മാതാവിന്റെ സംരക്ഷണത്തിനായി സമര്‍പ്പിക്കാന്‍ ഒരു പ്രാര്‍ത്ഥന 

ക്രിസ്തീയ ജീവിതത്തില്‍ പരീക്ഷണങ്ങള്‍ സാധാരണമാണ്. ദൈവപുത്രനായ യേശു ക്രിസ്തുവിനെ പോലും സാത്താന്‍ മരുഭൂമിയില്‍ വെച്ച് പരീക്ഷിച്ചതായി ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. പഴയ നിയമത്തില്‍ നീതിമാനായ ജോബിനെയും പരീക്ഷിക്കുന്നുണ്ട്.

പരീക്ഷണങ്ങള്‍ പലപ്പോഴും പ്രലോഭനങ്ങളായി കടന്നു വരാം. മറ്റു ചിലപ്പോള്‍ ദൈവം നമ്മുടെ വിശ്വാസത്തിന്റെ ആഴം അളക്കുന്ന സന്ദര്‍ഭങ്ങളും ആകാം. അവിടെ ഒക്കെ പിടിച്ചു നില്‍കണമെങ്കില്‍ ആഴമായ വിശ്വാസവും ദൈവാശ്രയത്വവും ആവശ്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിശുദ്ധ അമ്മയുടെ മധ്യസ്ഥം നമ്മെ ഏറെ സഹായിക്കും. വിശ്വാസം പരീക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ ദൈവം സഹായത്തിനായി നല്‍കിയിരിക്കുന്ന സ്വര്‍ഗ്ഗീയ മധ്യസ്ഥയാണ് പരിശുദ്ധ കന്യാമറിയം. പ്രതിസന്ധികളില്‍ മറിയത്തോടു പ്രാര്‍ത്ഥിക്കാന്‍ ഒരു പ്രാര്‍ത്ഥന ഇതാ:

‘ ഏറ്റവും പരിശുദ്ധയും അമലോത്ഭവയുമായ കന്യകയെ, അങ്ങയുടെ മാതൃത്വപരമായ സംരക്ഷണത്തിനു കീഴില്‍ തങ്ങളെ തന്നെ സമര്‍പ്പിക്കുന്ന ക്രിസ്ത്യാനികളായ ഞങ്ങളെ സഹായിക്കണമേ. ചരിത്രത്തിലുടനീളം ക്രിസ്ത്യാനികളെ അവരുടെ പ്രലോഭനങ്ങളിലും പ്രതിസന്ധികളിലും അപകടങ്ങളിലും സഹായിച്ചത് അമ്മയാണല്ലോ. പാപികള്‍ക്ക് അഭയകേന്ദ്രവും പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ പ്രത്യാശയും വേദനിക്കുന്നവരുടെ ആശ്വാസവും മരണ നേരത്തില്‍ സഹായവും ആണെന്ന് അമ്മ കാലാകാലങ്ങളായി തെളിയിച്ചു കൊണ്ടിരിക്കുന്നല്ലോ. അങ്ങയുടെ പുത്രനായ ഈശോയുടെ വിശ്വസ്ഥ അനുയായികളായിരിക്കാമെന്നും സുവിശേഷത്തിന്റെ സ്നേഹം ലോകം മുഴുവനോടും പ്രഖ്യാപിക്കുമെന്നും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുമെന്നും ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.

അമ്മയോടൊപ്പം ചേര്‍ന്ന് ഞങ്ങള്‍ സഭയ്ക്ക് വേണ്ടിയും ഞങ്ങളുടെ ബന്ധുക്കള്‍ക്കും മിത്രങ്ങള്‍ക്കും വേണ്ടിയും പാപികള്‍ക്കും അശരണര്‍ക്കും വേണ്ടിയും മരിക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. ക്രിസ്ത്യാനികളുടെ സഹായമായ മറിയമേ , ഞങ്ങള്‍ക്ക് ആവശ്യമായ വരദാനങ്ങള്‍ വാങ്ങിത്തരണമേ. ( പ്രത്യേക ഉദ്ദേശം പറയുക…). വിശ്വസ്തതയോടും സ്നേഹത്തോടും കൂടെ മരണം വരെ ഞങ്ങള്‍ ഈശോയ്ക്ക് വിശ്വസ്തരായിരുന്നു കൊള്ളാം. സ്വര്‍ഗ്ഗസ്ഥനായ പിതാവിനൊപ്പം അനന്തമായ സന്തോഷത്തില്‍ പങ്കുചേരാന്‍ എന്നെയും എന്റെ പ്രിയപ്പെട്ടവരെയും സഹായിക്കണമേ. ആമ്മേന്‍.

ക്രിസ്ത്യാനികളുടെ സഹായമായ മറിയമേ, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.