പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കായുള്ള പ്രാര്‍ത്ഥന 

    വരുംദിവസങ്ങളില്‍ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന അനേകം കുട്ടികള്‍ ഉണ്ട്. പ്രത്യേകിച്ച് പത്താം ക്ലാസ്, യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുട്ടികള്‍. വളരെ നാളത്തെ കഠിനമായ അധ്വാനത്തിനും പഠനത്തിനും ശേഷമാണു കുട്ടികള്‍ പരീക്ഷാഹാളിലേക്ക് എത്തുന്നത്.

    ഈ നിമിഷം പഠിച്ചതൊക്കെ ഓര്‍ത്തിരിക്കുവാനും ടെന്‍ഷന്‍ കൂടാതെ പരീക്ഷ എഴുതുവാനും കുട്ടികളെ സഹായിക്കട്ടെ എന്ന് നമുക്കും പ്രാര്‍ത്ഥിക്കാം. നന്നായി പരീക്ഷ എഴുതുവാന്‍ പരിശുദ്ധാത്മാവിന്റെ സഹായം കുഞ്ഞുങ്ങള്‍ക്ക് ആവശ്യമാണ്. പരിശുദ്ധാത്മാവിന്റെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് പരീക്ഷയ്ക്ക് മുന്‍പായി കുട്ടികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ ഒരു കുഞ്ഞുപ്രാര്‍ത്ഥന ഇതാ:

    ‘പരിശുദ്ധാത്മാവേ എന്നില്‍ വന്നു നിറയണമേ. അങ്ങയുടെ ദാനങ്ങളും വരങ്ങളും എന്നിലേയ്ക്കും പരീക്ഷ എഴുതുന്ന എല്ലാവരിലേക്കും ധാരാളമായി വര്‍ഷിക്കണമേ. ഇന്നത്തെ പരീക്ഷയ്ക്കായി ഞാന്‍ പഠിച്ച കാര്യങ്ങള്‍ എല്ലാം ഓര്‍മ്മയില്‍ നില്‍ക്കുവാന്‍ എന്നെ സഹായിക്കണമേ. എന്റെ ചിന്തകളെ നയിക്കുകയും എന്റെ മനസിനെ ക്രമബദ്ധമായി ഉത്തരങ്ങള്‍ എഴുതുവാന്‍ തക്കവിധം ആശയങ്ങള്‍ കൊണ്ട് നിറയ്ക്കുകയും ചെയ്യേണമേ.

    എന്റെ മനസിനെ പ്രകാശിപ്പിക്കുകയും ഓരോ ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം  വ്യക്തമായി അവതരിപ്പിക്കുവാന്‍ അനുഗ്രഹിക്കുകയും ചെയ്യേണമേ. ഓരോ ഉത്തരങ്ങള്‍ എഴുതുമ്പോഴും കൃത്യമായും ചുരുക്കിയും എഴുതുവാന്‍ എന്നെ സഹായിക്കണമേ. പരീക്ഷകളെ പറ്റിയുള്ള എന്റെ ആശങ്കകളെ അകറ്റുകയും സമാധാനം നല്‍കുകയും ചെയ്യേണമേ. പരീക്ഷാസമയം മുഴുവന്‍ എന്നെ സഹായിക്കുവാന്‍ അങ്ങ് കൂടെയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ഒപ്പം ആയിരിക്കുക. ആമ്മേന്‍.’

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.