ദൈവികമായ സംരക്ഷണത്താല്‍ നിറയാനുള്ള പ്രാര്‍ത്ഥന

‘നിങ്ങളുടെ ശത്രുവായ പിശാച്, അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു’ ( 1 പത്രോസ് 5:8) എന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. നാം ദൈവത്തോട് കൂടുതല്‍ അടുക്കുന്നുവെന്ന് തോന്നുന്ന സമയത്തു തന്നെ, നമ്മെ പാപത്തിന്റെ കുഴിയില്‍ ചാടിക്കാനും അതുവഴി നിരാശയുടെ ആഴങ്ങളിലേയ്ക്ക് തള്ളിയിടാനും പിശാച് ശ്രമങ്ങള്‍ നടത്തും.

നമ്മെ തകര്‍ക്കാന്‍ നോക്കുന്ന സാത്താനെ നേരിടേണ്ട വിധവും വിശുദ്ധ ഗ്രന്ഥം പറഞ്ഞുതരുന്നുണ്ട്. ‘വിശ്വാസത്തില്‍ ഉറച്ചുനിന്നു കൊണ്ട്, അവനെ എതിര്‍ക്കുവിന്‍. ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരില്‍ നിന്ന് ഇതേ സഹനം തന്നെ ആവശ്യപ്പെട്ടിരിക്കുന്നെന്ന് അറിയുകയും ചെയ്യുവിന്‍’ (1 പത്രോസ് 5:9). ദൈവത്തിന്റെ കവചം എടുത്തണിഞ്ഞ്, ഏതാവശ്യത്തിലും സഹായിക്കാന്‍ സന്നദ്ധരായിരിക്കുന്ന അസഖ്യം മാലാഖമാരെയും കൂട്ടുപിടിച്ച് മുന്നേറുക എന്നതാണ് ചെയ്യേണ്ടത്.

ഇത്തരത്തില്‍ പിശാചിനാല്‍ പരീക്ഷപ്പെടുന്നുവെന്ന് തോന്നുന്ന സമയങ്ങളില്‍ സ്വയം പ്രതിരോധം എന്ന നിലയില്‍ ചൊല്ലാവുന്ന ഒരു പ്രാര്‍ത്ഥനയിതാ… ദൈവത്തിലുള്ള വിശ്വാസം ഉറപ്പിക്കുന്നതും സ്വയം ധൈര്യപ്പെടുത്തുന്നതുമാണ് ഈ പ്രാര്‍ത്ഥന..

‘ഓ ദൈവമേ, പാപിയായ എന്നോട് കരുണ തോന്നണമേ. ജീവിക്കുന്ന ദൈവത്തിന്റെ പുത്രാ, അനന്തമായ നന്മയേ, ഈശോയേ, എന്നോട് കരുണ തോന്നണമേ. സാത്താനേയും അവന്റെ എല്ലാ പ്രവര്‍ത്തികളെയും ആശയങ്ങളെയും പ്രലോഭനങ്ങളെയും ഈ നിമിഷം ഞാന്‍ നിരാകരിക്കുന്നു, വെറുത്തുപേക്ഷിക്കുന്നു. കര്‍ത്താവേ, ഈ നിമിഷത്തിലോ എന്റെ അന്ത്യനിമിഷത്തിലോ എന്റെ ആത്മാവിനെ തൊടാന്‍ എന്റെ ശത്രുവിന് സാധിക്കാതിരിക്കട്ടെ. അന്ധകാരശക്തികളില്‍ നിന്ന് എന്നെ കാത്തുരക്ഷിക്കാന്‍ അങ്ങയുടെ പരിശുദ്ധദൂതരെ അയയ്ക്കണമേ.

ദൈവം എനിക്കായി നല്‍കിയിരിക്കുന്ന കാവല്‍മാലാഖയേ, ഏറ്റവും മോശമായ ഈ അവസ്ഥയില്‍ എന്നെ സഹായിക്കണമേ. അന്ധകാരശക്തികളില്‍ നിന്ന് എന്നെ പൊതിഞ്ഞുപിടിക്കണമേ. എന്റെ ശത്രുക്കളില്‍ നിന്ന് എന്നെ കാത്തുകൊള്ളണമേ. ആമ്മേന്‍.’