മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഈ തിരുവചനങ്ങള്‍ പഠിപ്പിക്കുന്നു

കത്തോലിക്കാ സഭ മരിച്ച വിശ്വാസികളെ അനുസ്മരിച്ച് നവംബര്‍ മാസം പ്രത്യേകം പ്രാര്‍ത്ഥിക്കാറുണ്ട്. അവര്‍ ജീവിച്ചിരുന്നപ്പോള്‍ നമുക്ക് നല്‍കിയ നന്മകള്‍ക്ക് പ്രതിസ്‌നേഹം കാണിക്കുന്നതിന്റെ കൂടി ഭാഗമായാണ് അത്തരം പ്രാര്‍ത്ഥനകള്‍ നടത്തുന്നത്. എന്നാല്‍ ചിലര്‍ക്കെങ്കിലും സംശയമുണ്ട്, മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ, അതുകൊണ്ട് ജീവിച്ചിരിക്കുന്ന നമുക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്നൊക്കെ. അവര്‍ക്കുള്ള ഉത്തരവും തെളിവുമാണ് താഴെ പറയുന്ന തിരുവചനങ്ങള്‍…

1. ദരിദ്രരോട് ദയ കാണിക്കുന്നവന്‍ കര്‍ത്താവിനാണ് കടം കൊടുക്കുന്നത്. അവിടുന്ന് ആ കടം വീട്ടും (സുഭാ. 19:17).

2. യോഹന്നാന്റെ സുവിശേഷം 11ാം അധ്യായത്തില്‍ 38 മുതലുള്ള വചനത്തില്‍ ലാസറിനെ ഈശോ ഉയിര്‍പ്പിക്കുന്നതായി നാം വായിക്കുന്നു. ആദ്യം ഈശോ പിതാവിന്റെ സന്നിധിയിലേക്ക് കണ്ണുയര്‍ത്തി പ്രാര്‍ത്ഥിച്ചതിനു ശേഷമാണ് ‘ലാസറേ, പുറത്തു വരിക’ എന്നു പറയുന്നത്. “അപ്പോള്‍ മരിച്ചവന്‍ പുറത്തുവന്നു” (11:44). ഇതിനു മുമ്പ് ഈശോ ആത്മാവില്‍ നെടുവീര്‍പ്പെടുന്നുമുണ്ട്. ആത്മാവില്‍ കരഞ്ഞു കൊണ്ട് മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ തീര്‍ച്ചയായും ദൈവം ഉത്തരം നല്‍കും. അവരെ സ്വര്‍ഗപ്രാപ്തിയുള്ളവരാക്കുകയും ചെയ്യും.

3. “നീ പ്രാര്‍ത്ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന് അവിടുന്ന് മറുപടി തരും. മര്‍ദനവും കുറ്റാരോപണവും ദുര്‍ഭാഷണവും നിന്നില്‍ നിന്ന് ദൂരെയകറ്റുക. വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതര്‍ക്കു സംതൃപ്തി നല്‍കുകയും ചെയ്താല്‍ നിന്റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും. നിന്റെ ഇരുണ്ട വേളകള്‍ മദ്ധ്യാഹ്നം പോലെയാകും. കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്ധി നല്‍കും; നിന്റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്ത നീരുറവയും പോലെ ആകും നീ” (ഏശയ്യാ 58:9-11).

4. മക്കബായരുടെ രണ്ടാം പുസ്തകം 12ാം അധ്യായം 38 മുതലുള്ള വചനഭാഗങ്ങളില്‍ പാപം ചെയ്ത് മരിച്ച യഹൂദരുടെ പാപങ്ങള്‍ തുടച്ചുമാറ്റണമെന്ന് പ്രാര്‍ത്ഥിക്കുന്ന യൂദാസിനെയും അനുയായികളെയും നാം കാണുന്നുണ്ട്. 44, 45 വചനഭാഗം ഇങ്ങനെയാണ്. മരിച്ചവര്‍ ഉയിര്‍ക്കുമെന്ന് പ്രതീക്ഷയില്ലായിരുന്നുവെങ്കില്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവുമാകുമായിരുന്നു. അതിനാല്‍ മരിച്ചവര്‍ക്ക് പാപമോചനം ലഭിക്കുന്നതിന് അവന്‍ അവര്‍ക്കു വേണ്ടി പാപപരിഹാരകര്‍മ്മം അനുഷ്ഠിച്ചു.

5. അപ്പസ്‌തോലപ്രവര്‍ത്തനം ഒൻപതാം അധ്യായത്തില്‍ നാം വായിക്കുന്നു, മരണമടഞ്ഞ തബീത്ത എന്ന പെണ്‍കുട്ടിക്കു വേണ്ടി പത്രോസ് ശ്ലീഹ മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കുന്ന സംഭവം. പ്രാര്‍ത്ഥനക്കു ശേഷം മൃതശരീരത്തിന്റെ നേരെ തിരിഞ്ഞു ശ്ലീഹ പറയുന്നു: തബീത്ത എഴുന്നേല്‍ക്കുക. അവള്‍ കണ്ണു തുറന്നു.

അതായത്, ഈ വചനമെല്ലാം സാക്ഷ്യപ്പെടുത്തുന്നത് മരിച്ചുപോയവര്‍ക്കു വേണ്ടി ഹൃദയം നുറുങ്ങി പ്രാര്‍ത്ഥിച്ചാല്‍ തീര്‍ച്ചയായും ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്നു തന്നെയാണ്.