ജീവിതത്തിലെ ചില ‘ഓട്ടങ്ങള്‍ക്ക്’ അവധി കൊടുക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ

യേശു ഒരിക്കലും ജനക്കൂട്ടത്തിന്റെ ആവശ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയിരുന്നില്ലെന്നും എന്നാല്‍ പലപ്പോഴും അവിടുന്ന് ഏകനായി പ്രാര്‍ത്ഥനാനിരതനായിരുന്നുവെന്നും നിശബ്ദതയിലും പിതാവിനോടുള്ള സ്‌നേഹത്തിലുമാണ് ചെലവഴിച്ചിരുന്നതെന്നും ശ്രദ്ധിക്കണമെന്ന് മാര്‍പാപ്പ. അതുകൊണ്ട് നാം നടത്തുന്ന തൊഴില്‍പരമായ ഓട്ടങ്ങള്‍ക്ക് ഇടയ്‌ക്കെങ്കിലും അവധി കൊടുത്ത് നിശ്ചലരാകാനും മൗനം പാലിക്കാനും പ്രാര്‍ത്ഥിക്കാനും കഴിയണം – പാപ്പാ കൂട്ടിച്ചേര്‍ത്തു.

ജീവിതത്തിലെ ഭ്രാന്തമായ ഓട്ടങ്ങള്‍ നമുക്ക് അവസാനിപ്പിക്കാം. പ്രകൃതിയെക്കുറിച്ച് ധ്യാനിക്കുന്നതിനും ദൈവവുമായുള്ള സംഭാഷണത്തിലൂടെ പുതിയ ഊര്‍ജ്ജം കൈവരിക്കുന്നതിനും നമുക്ക് കഴിയണം. അതിനുവേണ്ടി ഓട്ടം താത്കാലികമായി നിര്‍ത്താനും സാധിക്കണം – പാപ്പാ പറഞ്ഞു.

അനുകമ്പ ദൈവത്തിന്റെ രീതിയാണ്. സാമീപ്യവും അനുകമ്പയും ആര്‍ദ്രതയും ദൈവത്തിന്റെ ശൈലിയാണ്. അനുകമ്പയുള്ളവരാകാനും പ്രാര്‍ത്ഥനയും ധ്യാനവും ഊട്ടിവളര്‍ത്താനും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.