നിക്കരാഗ്വയിലെ ഏറ്റവും പ്രിയപ്പെട്ട ജനതയ്ക്കുവേണ്ടി, ജനാധിപത്യത്തിലേക്കുള്ള അവരുടെ പ്രവർത്തനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ഇതിന് നേതൃത്വം നല്‍കുന്ന മതനേതാക്കളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായും മാർപ്പാപ്പ പറഞ്ഞു.
ഏയ്ഞ്ചലസ് പ്രാർത്ഥനയ്ക്കായി സെന്റ് പീറ്റേഴ്സ് സ്വകയറിൽ എത്തിയ തീർത്ഥാടകരോട് സംസാരിക്കവെയാണ് മാർപ്പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്.
നിക്കരാഗ്വ
രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനും തർക്കങ്ങൾ പരിഹരിക്കുന്നതിനുമായുള്ള ശ്രമങ്ങൾ ഏറെനാളുകളായി നിക്കരാഗ്വൻ മെത്രാന്മാർ നടത്തി വരികയാണ്.
സിറിയ
സിറിയയിൽ ഇക്കഴിഞ്ഞ നാളുകളിൽ സ്കൂളുകളും ആശുപത്രികളും വരെ ആക്രമണത്തിന് ഇരയായിരുന്നു. പല അഭയാർത്ഥികൾക്കും തങ്ങളുടെ വീടുവിട്ട് പോവേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. എന്റെ പ്രാർഥനകളോടൊപ്പം ഈ ജനത്തിന്റെ ദുരിതങ്ങളെയും കാഴ്ച വയ്ക്കുന്നു. മാർപ്പാപ്പ കൂട്ടിച്ചേർത്തു.
എത്യോപ്യ, എറിത്രിയ
ഈ സംഘർഷങ്ങൾക്കിടയിലും ഒരു സദ്വാർത്ത പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. ഇരുപത് വർഷത്തെ ഇടവേളയ്ക്കുശേഷം എത്യോപ്യയും എറിത്രിയയും സമാധാന ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നു. 1998 മുതൽ ശത്രുതയിൽ കഴിയുന്നവരാണ് ഇരുകൂട്ടരും. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ മുഴുവൻ നന്മയ്ക്ക് ഇവരുടെ കൂടിച്ചേരൽ കാരണമാകുമെന്നും പരിശുദ്ധ പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു.
തായ് ബാലന്മാർക്കായി പ്രാർത്ഥിക്കുന്നു
തായ്ലൻഡിലെ ഒരു ഭൂഗർഭ ഗുഹയിൽ കുടുങ്ങിപ്പോയ ബാലന്മാർക്കായി പ്രാർത്ഥിക്കുന്നതായും മാർപ്പാപ്പ പറഞ്ഞു. പന്ത്രണ്ട് കുട്ടികളും അവരുടെ സോക്കർ കോച്ചുമാണ് ഗുഹയിൽ കുടുങ്ങിയത്. വെള്ളപ്പൊക്കവും മറ്റ് പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ തടസപെടുത്തുകയാണ്.
ബാരി അപ്പസ്തോലിക സന്ദർശനം
ജൂലൈ എട്ടാം തിയതി സഭാ നേതാക്കളോടും വിശ്വാസ സംഘടനാ നേതാക്കളോടും ചേർന്ന് ഇറ്റാലിയൻ പട്ടണമായ ബാരി സന്ദർശിക്കുന്നതിനെക്കുറിച്ചും മാർപ്പാപ്പ സൂചിപ്പിച്ചു. വിവിധ കഷ്ടപ്പാടുകളിലൂടെ കടന്നുപോവുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും പരിശുദ്ധ പിതാവ് അറിയിച്ചു. ലോകം മുഴുവനുമുള്ള വിശ്വാസികളോടും തന്റെ പ്രാർത്ഥനയിൽ പങ്കുചേരണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു.




