‘ലസ്സാര്‍’ പ്രസ്ഥാനത്തിന്റെ പത്താം വാര്‍ഷികത്തില്‍ പാപ്പാ നല്‍കിയ സന്ദേശം

പാര്‍പ്പിടരഹിതര്‍ക്ക് അഭയം നല്‍കുന്നതിന് അവരെ ജോലിക്കാരായ യുവതയുമായി ഒരുമിപ്പിക്കുകയും അങ്ങനെ ഒരു സമൂഹമായി ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന, 2011 -ല്‍ ഫ്രാന്‍സില്‍ ജന്മം കൊണ്ട ‘ലസ്സാര്‍’ അഥവാ, ലാസര്‍ എന്ന പ്രസ്ഥാനത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസ്തുത സംഘടനയുടെ പ്രതിനിധികളെ ഫ്രാന്‍സിസ് പാപ്പാ ശനിയാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ സ്വീകരിച്ചു.

നിസ്സംഗതയും വ്യക്തിമാഹാത്മ്യവാദവും സ്വാര്‍ത്ഥതയും നിറഞ്ഞ ഒരു അന്തരീക്ഷത്തില്‍ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതിലും മാനവാന്തസ്സ് ആദരിക്കുന്നതിലും അപരനെ ശ്രവിക്കുന്നതിലും അപരനോട് കരുതല്‍ കാട്ടുന്നതിലും ഏറ്റം എളിയവരെ സേവിക്കുന്നതിലുമാണ് ജീവിതത്തിന്റെ മൂല്യം കണ്ടെത്താനാവുകയെന്ന് ഈ സമൂഹം നമുക്ക് മനസ്സിലാക്കിത്തരുന്നു എന്ന് പാപ്പാ പറഞ്ഞു.

അനുദിനം ഒരുമയോടെ സാഹോദര്യത്തില്‍ വസിക്കുന്ന അവരെപ്രതി ദൈവത്തോടു നന്ദി പറഞ്ഞ പാപ്പാ, ലാസര്‍ സമൂഹം എന്നാല്‍ നാമെല്ലാവരും ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന സാമൂഹ്യമൈത്രിയുടെ മാതൃകയാണ് നല്‍കുന്നത് എന്ന് പ്രസ്താവിച്ചു. സമൂഹത്തില്‍ ഏകാന്തതയുടെയും തിരസ്‌കരണത്തിന്റെയും പുറംന്തള്ളലിന്റെയും അനുഭവമുണ്ടാകുമ്പോഴും നഷ്ടധൈര്യരാകാതെ എന്നും നിലനില്‍ക്കുന്ന ഒരു ആനന്ദത്തെക്കുറിച്ചുള്ള പ്രത്യാശയോടെ മുന്നേറാന്‍ പാപ്പാ അവര്‍ക്ക് പ്രചോദനം പകരുകയും ചെയ്തു.

ഇത്തരം ബന്ധങ്ങള്‍ ഊട്ടിവര്‍ത്തുന്നതിലൂടെ മാത്രമേ സമൂഹ്യമൈത്രിയും സകലരോടും തുറവുള്ള സാഹോദര്യവും സാദ്ധ്യമാക്കിത്തീര്‍ക്കാനാകൂ എന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ദരിദ്രരാണ് യഥാര്‍ത്ഥ സുവിശേഷപ്രഘോഷകര്‍ എന്ന് ലാസര്‍ സമൂഹത്തിന്റെ ജീവിതസാക്ഷ്യം ഓര്‍മ്മപ്പെടുത്തുന്നുവെന്നും കാരണം ദരിദ്രരാണ് ആദ്യം സുവിശേഷവത്ക്കരിക്കപ്പെടുകയും കര്‍ത്താവിന്റെയും അവിടത്തെ രാജ്യത്തിന്റെയും ആനന്ദത്തില്‍ പങ്കുചേരാന്‍ വിളിക്കപ്പെടുകയും ചെയ്തതെന്നും പാപ്പാ പറഞ്ഞു. സൗഹൃദത്തിന്റെയും പങ്കിടലിന്റെയും ജീവിതം സ്വന്തം സമൂഹത്തിലെ അംഗങ്ങള്‍ക്കിടയില്‍ മാത്രം ഒതുക്കാതെ അതിനപ്പുറത്തേക്ക് കടക്കാനും പാപ്പാ സംഘടനയിലെ അംഗങ്ങളെ ക്ഷണിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.