കൊറിയയ്ക്ക് പാപ്പായുടെ വീഡിയോ സന്ദേശം

ക്ഷമയോടും സ്ഥൈര്യത്തോടും കൂടിയ പരിശ്രമങ്ങളും ഏകതാനതയ്ക്കും പരസ്പരധാരണയ്ക്കുമായുള്ള ഉദ്യമവും വഴി ഭിന്നിപ്പിനെയും എതിര്‍പ്പിനെയും തരണം ചെയ്യാന്‍ സാധിക്കുമെന്ന് മാര്‍പ്പാപ്പാ.

2018 ഏപ്രില്‍ 27-ന് ഉത്തര കൊറിയയിലെ പാന്‍മുഞ്ചോമില്‍ വച്ച് അന്നാടിന്‍റെ പരമോന്നത നേതാവ് കിം ജോംഗ് ഉനും (Kim Jong-un) ദക്ഷിണ കൊറിയയുടെ പ്രസിഡന്‍റ് മൂണ്‍ ജെ ഇനും (Moon Jae-in) ഒപ്പുവച്ച കൊറിയ ഉപദ്വീപിന്‍റെ സമാധാനത്തിനും ക്ഷേമത്തിനും ഏകീകരണത്തിനും വേണ്ടിയുള്ള പ്രഖ്യാപനത്തിന്‍റെ പ്രഥമ വാര്‍ഷികദിനത്തില്‍, അതായത്, ശനിയാഴ്ച (27/04/2019) നല്കിയ ഒരു വീഡിയോ സന്ദേശത്തിലാണ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

ഐക്യത്തിലും സംഭാഷണത്തിലും സാഹോദര്യൈക്യദാര്‍ഢ്യത്തിലും അധിഷ്ഠിതമായ ഒരു ഭാവി തീര്‍ച്ചയായും സാധ്യമാണ് എന്ന പ്രത്യാശ പകരുന്നതാകട്ടെ ഈ വാര്‍ഷികമെന്ന് പാപ്പാ സന്ദേശത്തില്‍ ആശംസിക്കുന്നു. പാന്‍മുഞ്ചോം പ്രഖ്യാപനത്തിന്‍റെ ഈ വാര്‍ഷികം കൊറിയക്കാരായ സകലര്‍ക്കും സമാധാനത്തിന്‍റെ ഒരു പുതുയുഗത്തിന്‍റെ പിറവിയാകട്ടെയെന്നും ആശംസിച്ച പാപ്പാ സകലര്‍ക്കും ദൈവികാനുഗ്രഹങ്ങള്‍ സമൃദ്ധമായി ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.