ബ്രസീലിലെ ജനതയ്ക്ക് ഫ്രാന്‍സിസ് പാപ്പായുടെ സ്വാന്തനം

40,000-ലധികം പേരുടെ ജീവന്‍ നഷ്ടമായ വേദനയും രോഗക്ലേശങ്ങളും അനുഭവിക്കുന്ന ബ്രസീലിലെ ജനങ്ങളെ തന്റെ പ്രാര്‍ത്ഥനാസാമീപ്യവും സാന്ത്വനവും അറിയിക്കണമെന്ന് ബ്രസീലിലെ വിഖ്യാതമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമുള്ള അപ്പരെസീദാ അതിരൂപതയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ഒര്‍ലാന്തോ ബ്രാന്തസിനോട് ഫ്രാന്‍സിസ് പാപ്പാ അഭ്യര്‍ത്ഥിച്ചു. ജൂണ്‍ 10-ാം തീയതി ബുധനാഴ്ച വൈകുന്നേരം ടെലിഫോണിലൂടെയാണ് തന്റെ സാന്ത്വനവാക്കുകള്‍ ജനങ്ങളെ അറിയിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചത്.

വേദനിക്കുന്ന ബ്രസീലിയന്‍ ജനതയെ തന്റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നതോടൊപ്പം, ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ദേശീയ മദ്ധ്യസ്ഥയായ അപ്പരെസീദായിലെ കന്യകനാഥ ജനങ്ങളെ സഹായിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായി പാപ്പാ അറിയിച്ചു. അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥ്യം തേടാന്‍ ജനങ്ങളെ തന്റെ പേരില്‍ അനുസ്മരിപ്പിക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു. അന്നുതന്നെ രാത്രി ദേശീയ ടെലിവിഷന്‍ ശൃംഖലയില്‍ നടത്തിയ അഭിമുഖത്തിലൂടെയാണ് ആര്‍ച്ചുബിഷപ്പ് ഒര്‍ലാന്തോ ക്ലേശിക്കുന്ന ബ്രസീലിയന്‍ ജനതയെ പാപ്പായുടെ സാന്ത്വനവാക്കുകള്‍ അറിയിച്ചത്.

അയല്‍രാജ്യമായ അര്‍ജന്റീനയിലെ ബ്യൂനസ് ഐരസില്‍ മെത്രാപ്പോലീത്ത ആയിരിക്കെ 2007-ലും, സഭാനേതൃത്വം ഏറ്റെടുത്തതില്‍ പിന്നെ 2013-ല്‍ ബ്രസീലില്‍ നടന്ന ആഗോള യുവജനസംഗമത്തില്‍ പങ്കെടുക്കുന്നതിനിടയിലും അപ്പരെസീദായിലെ തീര്‍ത്ഥാടനത്തിന്റെ തിരുനടയില്‍ വന്നു പ്രാര്‍ത്ഥിച്ചിട്ടുള്ളത് ടെലിഫോണ്‍ സംഭാഷണത്തിനിടെ പാപ്പാ അനുസ്മരിച്ചതായി ആര്‍ച്ചുബിഷപ്പ് ഒര്‍ലാന്തോ ടെലിവിഷന്‍ അഭിമുഖത്തില്‍ ജനങ്ങളുമായി പങ്കുവച്ചു.

2016-ല്‍ ബ്രസീലിന്റെ ദേശീയ മദ്ധ്യസ്ഥയായ അപ്പരെസീദായിലെ കന്യകനാഥയുടെ വെങ്കലശില്പം പാപ്പായുടെ സാന്നിധ്യത്തില്‍ വത്തിക്കാന്‍ തോട്ടത്തില്‍ സ്ഥാപിച്ചത് ബ്രസീലിയന്‍ ജനതയോടുള്ള ആത്മീയബന്ധത്തിന്റെ പ്രതീകമായി നില്‍ക്കുന്നു. ബ്രസീലിന്റെ തെക്കുകിഴക്കന്‍ തീരത്ത് അപ്പരെസീദാ എന്ന സ്ഥലത്ത് 1717-ല്‍ കടലില്‍ മീന്‍ പിടിക്കുകയായിരുന്ന മുക്കുവന്മാര്‍ക്കു കിട്ടിയ ഓടുകൊണ്ടു നിര്‍മ്മിതമായ അമലോത്ഭവനാഥയുടെ ശില്പമാണ് ദേശീയ മദ്ധ്യസ്ഥയായി രൂപംകൊണ്ട അപ്പരെസീദായിലെ കന്യകാനാഥ.

ധൈര്യമായിരിക്കുവാനും പ്രത്യാശ കൈവെടിയരുതെന്നും ജനങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടും അപ്പസ്‌തോലിക ആശീര്‍വ്വാദം നല്കുന്നതായി അറിയിച്ചുകൊണ്ടുമാണ് പാപ്പാ ടെലിഫോണ്‍ സംഭാഷണം ഉപസംഹരിച്ചതെന്ന് ആര്‍ച്ചുബിഷപ്പ് ഒര്‍ലാന്തോ ജനങ്ങളെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.