സാർവ്വത്രിക സഭയെ കൂടുതൽ നന്നായി മനസിലാക്കുന്നതിന് ‘ലൊസ്സെർവത്തോരെ റൊമാനൊ’ സഹായകമെന്ന് പാപ്പാ

‘ലൊസ്സെർവത്തോരെ റൊമാനൊ’ യുടെ ജർമ്മൻ ഭാഷാ വാരപ്പതിപ്പിന്റെ അമ്പതാം വാർഷികദിനത്തിലെ പാപ്പായുടെ ആശംസാ സന്ദേശം.

സാർവ്വത്രികസഭയെ കൂടുതൽ നന്നായി മനസിലാക്കുന്നതിന് പ്രാദേശികസഭയെ പ്രാപ്തമാക്കുന്നതാണ് പരിശുദ്ധ സിംഹാസനത്തിന്റെ ദിനപത്രമായ ലൊസ്സെർവത്തോരെ റൊമാനൊയുടെ (L’Osservatore Romano) പ്രാദേശികഭാഷകളിലുള്ള ആഴ്ചപ്പതിപ്പെന്ന് മാർപ്പാപ്പാ. ലൊസ്സെർവത്തോരെ റൊമാനൊയുടെ ജർമ്മൻ ഭാഷാ വാരപ്പതിപ്പിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് പ്രസ്തുത ഭാഷയിൽ വെള്ളിയാഴ്ച (08/10/21) നല്‍കിയ ആശംസാസന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. ഈ സുവർണ്ണജൂബിലി ആനന്ദപ്രദായകമാണെന്ന് അറിയിക്കുന്ന പാപ്പാ, ജർമ്മൻ ഭാഷാ പതിപ്പ് തയ്യാറാക്കുന്നതിനായി പ്രവർത്തിക്കുന്നവർക്കും അനുവാചകർക്കും തന്റെ പ്രാർത്ഥനാസഹായം ഉറപ്പു നല്‍കുന്നു.

അര നൂറ്റാണ്ടായി ഈ ആഴ്ചപ്പതിപ്പ് റോമിലും സാർവ്വത്രികസഭയിലും സംഭവിക്കുന്ന കാര്യങ്ങൾ ദീർഘവീക്ഷണത്തോടു കൂടി വായനക്കാരെ ധരിപ്പിക്കുന്നുണ്ടെന്നും പത്രോസിന്റെ പിൻഗാമിയുടെ വാക്കുകൾ രേഖപ്പെടുത്തി വയ്ക്കുകയും വൈവിധ്യസമ്പന്നതയാർന്ന സാംസ്കാരിക സംഭാവനയേകുകയും ചെയ്യുന്നുണ്ടെന്നും പാപ്പാ അനുസ്മരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.