പാപ്പയുടെ നോമ്പ് സന്ദേശം 40 – യേശുവിനെ അനുഗമിക്കാനുള്ള സമയം

ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ ( ലൂക്കാ: 9:23)

ഒലിവിന്‍ ചില്ലകള്‍ ഉയര്‍ത്തി, ഓശാന പാടി യേശുവിനെ സ്വാഗതം ചെയ്തുകൊണ്ടാണ് വിശുദ്ധ വാരത്തിന് തുടക്കമാവുന്നത്. പിന്നീട് ഈയാഴ്ചയില്‍ കാണുന്നത് ഈശോയുടെ പീഡാനുഭവ, മരണ, ഉത്ഥാന രഹസ്യങ്ങളാണ്. എന്നാല്‍ നമ്മുടെ അനുദിന ജീവിതത്തിലെ വിശുദ്ധ വാരമെന്നാല്‍ എന്താണ്. കാല്‍വരിയിലേയ്ക്കും കുരിശിലേക്കും ഉത്ഥാനത്തിലേക്കുമുള്ള യാത്രയില്‍ യേശുവിനെ പിഞ്ചെല്ലുക എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്. ഭൂമിയിലായിരുന്നപ്പോള്‍ വിശുദ്ധ നാടുകളിലെ പാതകളിലൂടെയാണ് യേശു സഞ്ചരിച്ചത്. യാത്രയില്‍ പങ്കുകാരാകാനും തന്റെ ദൗത്യം തുടരാനുമായി 12 പേരെ അവിടുന്ന് സ്ഥിരമായി കൂടെക്കൂട്ടുകയും ചെയ്തിരുന്നു.

ദൈവത്തിന്റെ വാഗ്ദാനങ്ങളില്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നവരില്‍ നിന്നാണ് അവിടുന്ന് അവരെ തെരഞ്ഞെടുത്തത്. യാതൊരു വേര്‍തിരിവുമില്ലാതെയാണ് അവിടുന്ന് എല്ലാവരോടും സംസാരിച്ചത്. വലിയവനോടും, ചെറിയവനോടും, സമ്പന്നനോടും, ദരിദ്രനോടും, വിധവകളോടും, ശക്തരോടും, അവശരോടുമെല്ലാം അവിടുന്ന് സംസാരിച്ചു. ദൈവത്തിന്റെ കരുണയും അനുകമ്പയുമെല്ലാം അവിടുന്ന് ഭൂമിയിലേക്ക് കൊണ്ടുവന്നു. അവിടുന്ന് സുഖപ്പെടുത്തി, ആശ്വസിപ്പിച്ചു, പഠിപ്പിച്ചു, പ്രത്യാശ നല്‍കി, നല്ല പിതാവും നല്ല മാതാവും എപ്രകാരമാണോ തങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത്, അതേ സ്‌നേഹം മക്കളിലേക്ക് ചൊരിയുന്ന ദൈവത്തെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. നാം ദൈവത്തിന്റെ അടുത്തേക്ക് ചെല്ലുന്നതിന് മുമ്പുതന്നെ അവിടുന്ന് നമ്മെത്തേടി വരുമെന്നും, അവിടുത്തെ സ്‌നേഹത്തിന് പരിധികളോ തടസങ്ങളോ ഇല്ലെന്നും ഈശോ പഠിപ്പിച്ചു. അനുരജ്ഞനത്തിനായി ആദ്യം മുന്‍കൈയെടുക്കുന്നതും ദൈവമാണെന്നും ഈശോ പഠിപ്പിച്ചു. അതുകൊണ്ട് ചിന്തിക്കാം…ഏത് കുരിശാണ് എന്റെ ജീവിതത്തില്‍ വഹിക്കാനായി ഈശോ എന്നോട് ആവശ്യപ്പെടുന്നതെന്ന്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.