ലോകത്തെക്കുറിച്ചുള്ള ദൈവിക പദ്ധതി വ്യക്തമാണ്: ഫ്രാൻസിസ് പാപ്പാ

ദൈവത്തിന് ലോകത്തെക്കുറിച്ചുള്ള പദ്ധതി വ്യക്തമാണെന്നും മനുഷ്യന് മുന്നേ ലോകത്തെ പരിപാലിക്കുന്ന ദൃശ്യം സൃഷ്ടി മുതൽക്കെ പ്രകടമാണ് എന്നും ഫ്രാൻസിസ് പാപ്പാ. ബുധനാഴ്ചകളിൽ പതിവുള്ള ജനറൽ ഓഡിയൻസിൽ ആണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.

ദൈവത്തിന്‍റെ കാര്യത്തില്‍ അവ്യക്തതയില്ല. അവിടുന്ന് സമസ്യകള്‍ക്ക് പിറകില്‍ ഒളിക്കുന്നില്ല. ദൈവം ലോകത്തിന്‍റെ ഭാവി അസ്പഷ്ടമായ വിധത്തിലല്ല സംവിധാനം ചെയ്തിരിക്കുന്നത്. അവിടുത്തെ പദ്ധതി സുവ്യക്തമാണ്. ഇത് നാം മനസ്സിലാക്കിയില്ലെങ്കില്‍ കര്‍ത്തൃപ്രാര്‍ത്ഥനയിലെ മൂന്നാമത്തെ അപേക്ഷയുടെ പൊരുള്‍ നമുക്ക് അഗ്രാഹ്യമാകുന്ന അപകടമുണ്ടാകും.

ആകയാല്‍ “അവിടത്തെ തിരുഹിതം നിറവേറട്ടെ” എന്ന് നാം പറയുമ്പോള്‍ പാദസേവകരെപ്പോലെ അല്ലെങ്കില്‍ അടിമകളെപ്പോലെ തല കുനിക്കാനല്ല ആഹ്വാനം ചെയ്യപ്പെടുന്നത്. വാസ്തവത്തില്‍ “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്നത് അടിമകളുടെ അല്ല പ്രത്യുത മക്കളുടെ – തങ്ങളുടെ പിതാവിന്‍റെ ഹൃദയം അറിയുന്ന – അവിടത്തെ സ്നേഹപദ്ധതിയെക്കുറിച്ച് ഉറച്ച ബോധ്യമുള്ള മക്കളുടെ പ്രാര്‍ത്ഥനയാണ്. പാപ്പാ വ്യക്തമാക്കി.

“സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥന പിതാവിന്‍റെ ഹിതത്തോട് യേശുവിനുണ്ടായിരുന്ന അതേ സ്നേഹം നമ്മില്‍ ജ്വലിപ്പിക്കുന്ന പ്രാര്‍ത്ഥനയാണ്. ലോകത്തെ സ്നേഹംകൊണ്ട് രൂപാന്തരപ്പെടുത്താന്‍ പ്രചോദനമേകുന്ന ഒരു നാളമാണ് അത്. നാം പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കില്‍ നാം വിശ്വസിക്കുന്നു. തിന്മയെ നന്മയാല്‍ ജയിച്ചുകൊണ്ട് യാഥാര്‍ത്ഥ്യത്തെ രൂപാന്തരപ്പെടുത്താന്‍ ദൈവത്തിന് സാധിക്കുമെന്നും അവിടുന്ന് അത് ആഗ്രിഹിക്കുന്നുണ്ടെന്നും കഠിന പരീക്ഷണവേളയിലും ആ ദൈവത്തോട് വിധേയത്വം പുലര്‍ത്തുകയും അവിടുത്തേയ്ക്ക് പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും ചെയ്യുന്നതിന് അര്‍ത്ഥമുണ്ട് എന്നും പാപ്പാ തന്റെ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.