ഇറ്റലിയിലെ കേബിള്‍ കാര്‍ അപകടം: പാപ്പാ അനുശോചനം അറിയിച്ചു

വടക്കന്‍ ഇറ്റലിയിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ കേബിള്‍ കാര്‍ താഴേയ്ക്കു പതിച്ച് 14 പേര്‍ മരിച്ച സംഭവത്തില്‍ ഫ്രാന്‍സിസ് പാപ്പാ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി. ബിഷപ്പ് ഫ്രാങ്കോ ജൂലിയോ ബ്രാംബിലയ്ക്ക് അയച്ച ടെലഗ്രാം സന്ദേശത്തിലാണ് പാപ്പാ അനുശോചനം അറിയിച്ചത്. അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട അഞ്ച് വയസുള്ള കുട്ടിയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും പാപ്പാ സന്ദേശത്തില്‍ പറഞ്ഞു. ഇസ്രയേലി സ്വദേശിയായ എയ്ഡന്‍ എന്ന കുട്ടിയാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. പരിക്കുകള്‍ ഉള്ളതിനാല്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തില്‍ ഇരകളായവരുടെ കുടുംബാംഗങ്ങളെ തന്റെ സാന്നിധ്യം അറിയിക്കുന്നുവെന്നും ദുഃഖം മറികടക്കാനുള്ള കരുത്ത് അവര്‍ക്ക് ലഭിക്കുന്നതിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും പാപ്പാ അറിയിച്ചു.

സ്‌ട്രെസ-ആല്‍പൈന്‍ മോട്ടോറോണ്‍ കേബിള്‍ കാറാണ് അപകടത്തില്‍പെട്ട് തകര്‍ന്നുവീണത്. വിനോദസഞ്ചാര കേന്ദ്രമായ സ്‌ട്രെസയില്‍ നിന്ന് മജോറി തടാകത്തിനു മുകളിലൂടെ 1,400 മീറ്റര്‍ ഉയരത്തിലുള്ള മോട്ടറോണ്‍ മലയുടെ മുകളിലേയ്ക്ക് 20 മിനിറ്റില്‍ എത്താവുന്നതാണ് കേബിള്‍ കാര്‍. 2016 -ല്‍ നവീകരണജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കുശേഷം അടുത്തിടെയാണ് വീണ്ടും തുറന്നത്. പൈന്‍ മരങ്ങളുടെ ഇടയിലേയ്ക്കു വീണ കാര്‍ നിശ്ശേഷം തകര്‍ന്നു. അപകടകാരണം വ്യക്തമായിട്ടില്ലെങ്കിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.