ഇറാഖിലെ തകർക്കപ്പെട്ട ദൈവാലയത്തിൽ നിന്നും വീണ്ടെടുത്ത പ്രാർത്ഥന ഫ്രാൻസിസ് പാപ്പായ്ക്ക് കൈമാറി

വടക്കൻ ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് അഗ്നിക്കിരയാക്കിയ ബക്ദിദയിലെ ഗ്രേറ്റ് അൽ താഹിറ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ ദൈവാലയത്തിൽ നിന്നും വീണ്ടെടുത്ത ചരിത്ര പ്രധാനമായ അറമായ പ്രാർത്ഥനയുടെ കൈയ്യെഴുത്തുപ്രതി ഫ്രാൻസിസ് പാപ്പയ്ക്ക് കൈമാറി. പതിനാലാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലുള്ള ഈ പുസ്തകത്തിൽ സിറിയൻ പാരമ്പര്യത്തിലുള്ള അറമായ ഭാഷയിലെ ആരാധനാ പ്രാർത്ഥനകൾ ഉൾക്കൊണ്ടിരിക്കുന്നു.

2014 മുതൽ 2016 വരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന ദൈവാലയത്തിൽ നിന്നും 2017-ലാണ് പ്രാർത്ഥനാപുസ്തകം കണ്ടെത്തുന്നത്. ഇറ്റലിയിലെ സാംസ്കാരികപൈതൃക മന്ത്രാലയം ധനസഹായം നൽകിക്കൊണ്ട് റോമിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൺസർവേഷൻ ഓഫ് ബുക്ക്സ് (ഐ സി പി എൽ) ഈ പുസ്തകം പുനർനിർമ്മിച്ചു. പത്തു മാസത്തോളം എടുത്ത ഈ പ്രക്രിയയിൽ പ്രാർത്ഥനകൾ നിലനിർത്തിക്കൊണ്ട് പുസ്തകത്തിലെ അധ്യായങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഘടകങ്ങൾ മാത്രമാണ് കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളത്. അപ്പസ്തോലിക് പാലസ് ലൈബ്രറിയിൽ നിന്നും പുനഃക്രമീകരിച്ച പുസ്തകങ്ങൾ ഐ സി പി എൽ പ്രതിനിധി സംഘമാണ് ഫ്രാൻസിസ് പാപ്പയ്ക്ക് കൈമാറിയത്.

“ബക്ദിദയിലെ ദൈവാലയങ്ങളിൽ സ്ഥാപിച്ചിരിക്കുന്നതിലും വച്ച് ഏറ്റവും പഴയ കൈയ്യെഴുത്തുപ്രതികളിലൊന്നായ ഈ പുസ്തകം വീണ്ടെടുക്കുവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അടയാളമായി ഈ പുസ്തകം തിരികെ നൽകുന്നതിന്റെ പ്രതീകമായി, പരിശുദ്ധ പിതാവിന്റെ കരങ്ങളില്‍ നൽകുവാൻ കഴിഞ്ഞതിൽ ഇന്ന് ഞങ്ങൾക്ക് അതിയായ ആനന്ദമുണ്ട്” – പ്രതിനിധി സംഘാംഗം ഇവാന ബോർസോട്ടോ പറഞ്ഞു. അടുത്ത മാസം ഇറാഖിലേയ്ക്കുള്ള പാപ്പായുടെ അപ്പസ്തോലിക സന്ദർശനവേളയിൽ ഈ പുസ്തകം ഫ്രാൻസിസ് പാപ്പാ തിരികെ ദൈവാലയത്തിൽ എത്തിക്കുമെന്നും പുനഃസ്ഥാപനം നടത്തുമെന്നും കരുതപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.