സൗകര്യം മാത്രം നോക്കി സ്നേഹിക്കുക സാധ്യമല്ല: മാർപാപ്പ

വ്യഭിചാരം ചെയ്യരുത് എന്ന ആറാം പ്രമാണത്തിന്റെ കാതൽ, നിങ്ങളുടെ ബന്ധങ്ങളിൽ ആത്മാർത്ഥതയും വിശ്വസ്തതയും പുലർത്തുക എന്നാണെന്ന് ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി. ബുധനാഴ്ച സെന്റ് പീറ്റേഴ്സ് സ്വകയറിൽ തടിച്ചുകൂടിയ വിശ്വാസികളോടാണ് പാപ്പാ ഇക്കാര്യങ്ങൾ പറഞ്ഞത്.

സൗകര്യപ്പെടുമ്പോൾ മാത്രം ഒരാൾക്ക് ആരെയും സ്നേഹിക്കാൻ കഴിയില്ല. സ്വതന്ത്രവും പക്വവും ഉത്തരവാദിത്വപരവുമായ വിശ്വസ്തതയിലൂടെയാണ് ഒരാളോടുള്ള സ്നേഹം പ്രകടമാകേണ്ടത്. ഏത് പരീക്ഷണ ഘട്ടത്തിലും വിശ്വസ്തതയോടെ കൂടെയുണ്ടാവുന്ന സുഹൃത്തിനെപ്പോലെ ആയിരിക്കണം ദമ്പതികളും പരസ്പരം വർത്തിക്കേണ്ടത്. പാപ്പാ ഓർമിപ്പിച്ചു.

എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന പരിധികളില്ലാത്ത സ്നേഹം അന്യോന്യം നൽകണം. ഇത്തരത്തിലുള്ള സ്നേഹമല്ലെങ്കിൽ ബന്ധങ്ങളിൽ എന്തോ കുറവുള്ളതായി അനുഭവപ്പെടും. അങ്ങനെ സംഭവിച്ചാൽ അത് നികത്താനായി പുറമെ നിന്നുള്ളവരുടെ സ്നേഹം തേടിപ്പോകും. പരസ്പരമുള്ള ആകർഷണം ദൈവികമാണ്. എന്നാൽ വിശ്വസ്തവും ദൃഢവുമായ ഒരു ബന്ധത്തിലേയ്ക്ക് മാത്രമേ അത് നയിക്കപ്പെടാവൂ. പാപ്പാ വ്യക്തമാക്കി.

ഒന്നോ രണ്ടോ ദിവസത്തെ തയാറെടുപ്പിന് ശേഷം എടുത്തു ചാടി ചെയ്യേണ്ടതല്ല വിവാഹം. അതിന് ദീർഘനാളത്തെ ഒരുക്കവും പ്രാർത്ഥനയും ആവശ്യമാണ്. വിശ്വസ്തത കാത്തുസൂക്ഷിക്കുക എന്നതാണ് അതിൽ തന്നെ പരമപ്രധാനം. യേശുവിനുണ്ടായിരുന്ന വിശ്വസ്തതയാണ് നാം മാതൃകയാക്കേണ്ടത്. അതൊരു ജീവിത രീതി തന്നെയാണെന്ന് മനസിലാക്കണം. അപ്പോൾ നമ്മുടെ ചിന്തകളിലും പ്രവർത്തികളിലും ആ വിശ്വസ്തത കടന്നുവരും. പാപ്പാ പറഞ്ഞു.

നിബന്ധനകളില്ലാതെ വിശ്വസ്തതയോടെ ജീവിക്കാൻ യേശുവിന്റെ സഹായകമാണ് തേടേണ്ടത്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈക ദൈവത്തിന്റെ സഹായം വിശ്വസ്തത എന്ന പുണ്യം ലഭിക്കുന്നതിനായി യാചിക്കാം. പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.