കോവിഡ് വാക്‌സിന്റെ പേറ്റന്റ് ഒഴിവാക്കണമെന്ന് മാര്‍പാപ്പ

കോവിഡ് വാക്‌സിന്റെ പേറ്റന്റ് ഒഴിവാക്കണമെന്ന ആഹ്വാനത്തിന് പിന്തുണയുമായി ഫ്രാന്‍സിസ് പാപ്പാ. വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിനുകളുടെ ബൗദ്ധിക സ്വത്തവകാശം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും ആഗോളമായി ഇവ ലഭ്യമാക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. സ്വാര്‍ത്ഥത എന്ന വൈറസ് നമ്മെ നിസ്സംഗരാക്കുമെന്നും അത് വലിയ ദുരന്തത്തിലേയ്ക്ക് നമ്മെ നയിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

നേരത്തെ യുഎസ്, ഫ്രാന്‍സ്, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പേറ്റന്റ് ഒഴിവാക്കുന്നതിനെ പിന്തുണച്ചിരുന്നു. വിഷയം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കിയിരുന്നു. പേറ്റന്റ് ഒഴിവാക്കുന്നത് ആഗോളതലത്തില്‍ വാക്‌സിന്‍ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുമെന്നു കാട്ടി കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാരസംഘടനയെ സമീപിച്ചത്.

വത്തിക്കാനില്‍ പല ഘട്ടങ്ങളിലായി പാവപ്പെട്ടവരും ഭവനരഹിതരുമായവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ വിതരണം നടത്തുകയും പാപ്പാ നേരിട്ട് അവരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.