രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട ചരിത്രരേഖകള്‍ തുറന്നുനല്‍കാന്‍ ഫ്രാന്‍സിസ് പാപ്പാ അനുമതി നല്‍കി

രണ്ടാം ലോകമഹായുദ്ധ കാലത്തെ ഏതാനും വിവാദങ്ങളുമായി ബന്ധപ്പെട്ട് വ്യക്തത നല്‍കുന്ന രേഖകളും ലേഖനങ്ങളും വത്തിക്കാന്‍ പൊതുദര്‍ശനത്തിനായി സമര്‍പ്പിച്ചു. യുദ്ധക്കാലത്ത് ജൂതരെ സംരക്ഷിക്കാന്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ വേണ്ട നടപടികള്‍ സ്വീകരിച്ചില്ല എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തിലും വ്യക്തത നല്‍കാനുതകുന്ന രേഖകളാണ് വത്തിക്കാന്‍ പുറത്തു കാട്ടിയിരിക്കുന്നത്.

യഹൂദസമുദായങ്ങളും പഠിതാക്കളും നിരന്തരമായി ആവശ്യപ്പെട്ടിരുന്നതാണ് 1939- 1958 കാലഘട്ടത്തില്‍ പന്ത്രണ്ടാം പീയൂസ് പാപ്പായുടെ കത്തുകളും പ്രസ്താവനകളും മറ്റും ചര്‍ച്ചയ്ക്കും പഠനത്തിനുമായി ലഭ്യമാക്കണമെന്നത്. എന്നാല്‍, പന്ത്രണ്ടാം പാപ്പായുടെ മരണത്തിന് 70 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോഴാണ് ഫ്രാന്‍സിസ് പാപ്പായുടെ അനുമതിപ്രകാരം അവയെല്ലാം പുറംലോകത്തിന് വെളിപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെയൊരു തീരുമാനമെടുത്തതില്‍ ഫ്രാന്‍സിസ് പാപ്പായോടുള്ള ആദരവും നന്ദിയും ആഗോള ജ്യുയിഷ് കൗണ്‍സില്‍ അറിയിക്കുകയും ചെയ്തു. ‘ചരിത്രത്തെ സഭ ഭയക്കുന്നില്ല’ എന്ന പ്രസ്താവനയോടെയാണ് പാപ്പാ രേഖകള്‍ തുറന്നുകാട്ടുന്നതിന് അനുമതി നല്‍കിയത്.