ആലയത്തിലെത്താൻ ആഗ്രഹം

എമിലി വിനോദ് മാത്യു
എമിലി വിനോദ് മാത്യു

കോവിഡ് 19-നെ ചെറുക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണിന്റേയും മറ്റ് വിലക്കുകളുടേയും ഭാഗമായി ദേവാലയങ്ങള്‍ അടച്ചിടപ്പെട്ടതിനേയും വിശുദ്ധ കുര്‍ബാനയോ മറ്റ് കൂദാശകളോ കൈക്കൊള്ളാനാകാത്ത സാഹചര്യത്തേയും ഓര്‍ത്ത് വേദനിക്കുകയാണ് ഒത്തിരി വിശ്വാസികളും.

സ്വന്തം ഭവനങ്ങളെ ദേവാലയങ്ങളാക്കി, അരൂപിയിലുള്ള വിശുദ്ധ കുര്‍ബാന സ്വീകരണം നടത്തി ഈ സാഹചര്യത്തിൽ താത്കാലികമായി തൃപ്തിയടയുമ്പോഴും ദേവാലയത്തിലെത്താൻ വെമ്പൽ കൊള്ളുന്ന വിശ്വാസിയുടെ ഉള്ളിന്റെ പ്രാർത്ഥനയാണ് ഇത്.

ദേവാലയമണികൾ മുഴങ്ങുന്നില്ലിന്നിവിടെ
എങ്ങും തഴുതിട്ട വാതായനങ്ങൾ മാത്രം
എങ്കിലും നാഥാ, നിൻ സ്നേഹം നുകരുവാൻ
ആകാശയാനങ്ങൾ നീ തുറന്നു

മറ നീക്കിയെത്തുന്ന കരുണതൻ
കിരണങ്ങൾ മങ്ങാതെ മായാതെ
മക്കളിലെത്തുവാൻ ദൂര നേത്രങ്ങൾ
നീ തന്നു ഞങ്ങൾക്കായ്

ഭവനങ്ങളിന്നിതാ ദേവാലയങ്ങളായ്
അൾത്താരയിൽ നിന്നു നീ ഉറ്റുനോക്കീ
ആത്മാവിൽ നിന്നെ ഞാൻ സ്വീകരിച്ചു.
അകതാരൊരുക്കി ഞാൻ നിന്നാത്മ നിറവാൽ

അത്യുന്നതൻ തൻ്റെ സിംഹാസനം
എങ്കിലും നാഥാ മിഴിക്കോണിലുറയുന്നു നിൻ
ദേവാലയത്തിൻ പടികൾ
കയറുവാൻ കഴിയാത്തതിൻ വ്യഥ

എന്നു തീരുമീ ദു:ഖമെൻ നാഥ
ഞങ്ങൾ എന്നു നിൻ ആലയവാതിൽ ഗമിച്ചിടും?
ആളിപ്പടരും മഹാമാരി തൻ നാവുകൾ
പിഴുതെറിഞ്ഞെന്നു നീ കരുണ കാട്ടും?!

നന്ദി നാഥ നിനക്കു നന്ദി മാത്രം
നേരുന്നു ഞങ്ങൾ എന്നുമെന്നും
ഉൾക്കാഴ്ച തന്നു നീ ഉള്ളിന്നുണർവേകി
ഉണ്മയാം ഉലകമേ നന്ദി ചൊൽക .!!

എമിലി വിനോദ് മാത്യു

1 COMMENT

Leave a Reply to AnonymousCancel reply