പോള്‍ ആറാമന്‍ പാപ്പായുടെ നാമത്തില്‍ നടന്ന അത്ഭുതം നമ്മെ പഠിപ്പിക്കുന്നത് 

    പോള്‍ ആറാമന്‍ പാപ്പാ ദീര്‍ഘ ദര്‍ശിയായ മാര്‍പാപ്പ ആയിരുന്നു. അതിലുപരി ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന വ്യക്തിയും ആഴമായ വിശ്വാസത്തിനു ഉടമയുമായിരുന്നു. ജീവനും ജീവിതത്തിനും പ്രാധാന്യം നല്‍കിയ പോള്‍ ആറാമന്‍ പാപ്പാ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുകയാണ്. അദ്ദേഹത്തെ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തുവാന്‍ കാരണമായ അത്ഭുതമാണ് ഇറ്റലിക്കാരിയായ ഒരു പെണ്‍ കുഞ്ഞിന്റെ അത്ഭുതകരമായ ജനനം.

    ഉദരത്തിലായിരുന്ന കുഞ്ഞു മരിച്ചു പോകും, അത് അമ്മയുടെ ജീവന്‍ അപകടത്തിലാക്കും, അതിനാല്‍ കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്യണം എന്ന് ശഠിച്ച വൈദ്യ ശാസ്ത്രത്തിനു മുന്നില്‍ കുട്ടിയുടെ മാതാപിതാക്കള്‍  പാപ്പായിലൂടെ ദൈവത്തില്‍ ആശ്രയിച്ചു കൊണ്ട് മുന്നോട്ട് നീങ്ങി. അമ്‌നിയോട്ടിക് ദ്രാവകമില്ലാതെ കുഞ്ഞിനു ഉദരത്തില്‍ കഴിയാന്‍ പറ്റില്ലെന്നും ഇനി കുട്ടി ഉണ്ടായാല്‍ തന്നെ അതിനു തലച്ചോറോ ശ്വാസകോശമോ ഉണ്ടാകില്ല എന്നും ഡോക്ടര്‍മാര്‍ തീര്‍ത്ത് പറഞ്ഞു. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ മധ്യസ്ഥം യാചിച്ചു കൊണ്ട് അവര്‍ പ്രാര്‍ത്ഥിച്ചു. തത്ഫലമായി 2014 ല്‍ അവര്‍ക്ക് ആരോഗ്യവതിയായ പെണ്‍കുട്ടി ജനിച്ചു.

    ഈ അത്ഭുതം ഇറ്റലിയിലെ ഒരുപാട് കുടുംബങ്ങള്‍ക്ക് വിശ്വാസം പകരുവാനും ജീവന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുവാനും ഇടയാക്കി. ജീവനും ജീവിതത്തിനും ബന്ധങ്ങള്‍ക്കും മൂല്യം കുറഞ്ഞു വരുന്ന ഒരു കാലത്താണ് നാം ജീവിക്കുക. അനേകം കുഞ്ഞുങ്ങള്‍ ഉദരത്തില്‍ വെച്ച് തന്നെ കൊല്ലപ്പെടുന്നുണ്ട്. ഇങ്ങനെ ഉള്ള ഒരു സാഹചര്യത്തില്‍ പോള്‍ ആറാമന്‍ പാപ്പയുടെ മദ്ധ്യസ്ഥതയില്‍ ആ ഗര്‍ഭസ്ഥ ശിശുവിന് സംഭവിച്ച അത്ഭുതം ഒരു അത്ഭുതം എന്നതിലുപരി ഒരു ഓര്‍മ്മപ്പെടുത്തലാണ്. ജീവനും ജീവിതവും സംരക്ഷിക്കപ്പെടേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണെന്ന ഓര്‍മ്മപ്പെടുത്തല്‍.

    ജീവന്റെ സംരക്ഷണത്തെയും ബന്ധങ്ങളുടെ മൂല്യത്തെയും കുറിച്ച്, അദ്ദേഹത്തിന്റെ ചാക്രിക ലേഖനമായ ഹ്യുമാനേ വീത്തേയുമായി ബന്ധപ്പെട്ടു ഈ അത്ഭുതത്തെ കാണേണ്ടതുണ്ട്. അബോര്‍ഷന്‍ തെറ്റാണെന്നും ഏറ്റവും വലിയ പാതകമാണെന്നും സമൂഹത്തിനു മുന്നില്‍ വിളിച്ചു പറഞ്ഞ പോള്‍ ആറാമന്റെ മധ്യസ്ഥതയില്‍, ജനിക്കുവാനുള്ള അവകാശം നഷ്ടപെടാവുന്ന ഒരു കുഞ്ഞു ജീവിതത്തിലേയ്ക്ക് വന്നത് ദൈവത്തിന്റെ കരുണയുടെ വെളിപ്പെടുത്തലാണ്. താന്‍ വാദിച്ചതും എന്നും വാദിക്കുന്നതും സ്വര്‍ഗ്ഗത്തില്‍ ഇരുന്നു മാധ്യസ്ഥം വഹിക്കുന്നതും ജീവന് വേണ്ടിയും ജീവിത മൂല്യങ്ങള്‍ നിലനില്‍ക്കുന്നതിനു വേണ്ടിയും ആണെന്ന് ഒരിക്കല്‍ കൂടി പോള്‍ ആറാമന്‍ പാപ്പാ സമൂഹത്തെ ഓര്‍മിപ്പിച്ചു. ഈ അത്ഭുതത്തിലൂടെ.

    ഈ അത്ഭുതം ലോകം മുഴുവനിലെയും ക്രിസ്ത്യാനികള്‍ക്കുള്ള ഒരു സന്ദേശമാണ്. ജീവനെ സംരക്ഷിക്കുവാനും പരിപോഷിപ്പിക്കുവാനും ഓരോരുത്തരേയും തയ്യാറാക്കണം എന്ന സന്ദേശം. കുട്ടികളോടൊത്തുള്ള സമാധാനപരമായ ജീവിതം ആഗ്രഹിക്കുന്ന അനേകര്‍ക്കുള്ള പ്രത്യാശയാണ് ഈ അത്ഭുതത്തിലൂടെ പോള്‍ ആറാമന്‍ പാപ്പാ നല്‍കിയത്. സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി ഒരു മധ്യസ്ഥന്‍ ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തലില്‍ അനേകം ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് കാവലായിക്കൊണ്ട് പോള്‍ ആറാമന്‍ പാപ്പാ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന നിമിഷം നമുക്കും പ്രാര്‍ത്ഥിക്കാം. സഭയെ, ജീവനെ, ക്രൈസ്തവ മൂല്യങ്ങളെ മുറുകെ പിടിക്കുവാനും സംരക്ഷിക്കുവാനുമുള്ള ധൈര്യം ഈശോയില്‍ നിന്ന് വാങ്ങി തരണമേ എന്ന്.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.