പാത്രിസ് കോര്‍ദെ: ഒരു പിതാവിന്റെ ഹൃദയത്തോടെ – സംക്ഷിപ്തരൂപം  

ബ്ര. ജോയ്സ് ചേലച്ചുവട്ടില്‍ MCBS

വാഴ്ത്തപ്പെട്ട ഒമ്പതാം പീയൂസ് മാര്‍പാപ്പ, വി. യൗസേപ്പിതാവിനെ കത്തോലിക്കാ സഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2020 ഡിസംബര്‍ 8-ാം തീയതി അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച ഒരു ശ്ലൈഹികലേഖനമാണ് ‘പാത്രിസ് കോര്‍ദെ.’ ‘ഒരു പിതാവിന്റെ ഹൃദയത്തോടെ’ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.

‘ഒരു പിതാവിന്റെ ഹൃദയത്തോടെ’ അങ്ങനെയാണല്ലോ യൗസേപ്പിതാവ് ഈശോയെ സ്‌നേഹിച്ചത്. വിശുദ്ധ ഗ്രന്ഥത്തില്‍ അധികം പരാമര്‍ശിക്കപ്പെടാതെ പോകുന്ന ഒരു വ്യക്തിയാണ് വി. യൗസേപ്പിതാവ് എന്ന് നമുക്കറിയാം. എങ്കിലും രക്ഷകന്റെ ജനനത്തിനും വളര്‍ച്ചയ്ക്കുമായി സ്വയം സമര്‍പ്പിക്കുക വഴിയായി ദൈവിക രക്ഷാകരപദ്ധതിയില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. അതുപോലെ നമ്മുടെ ഇന്നത്തെ സാഹചര്യത്തില്‍ കോവിഡ് എന്ന മഹാമാരിക്കെതിരെ ലോകം ഒറ്റക്കെട്ടായി പൊരുതിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, പത്രമാസികകളില്‍ ഇടം പിടിക്കാത്തതും അതേസമയം ഈ പോരാട്ടത്തില്‍ സുപ്രധാനമായ പങ്കുവഹിക്കുകയും ചെയ്യുന്ന അനേകര്‍ നമുക്ക് ചുറ്റുമുണ്ട്. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ശുചീകരണ തൊഴിലാളികള്‍, രോഗികളെ പരിചരിക്കുന്നവര്‍, വൈദികര്‍, സമര്‍പ്പിതര്‍… അങ്ങനെ നീളുന്നു അവരുടെ നിര. അവര്‍ക്കെല്ലാം നന്ദിയുടെ ഒരു വാക്ക് പറഞ്ഞുകൊണ്ടാണ് ‘പാത്രിസ് കോര്‍ദെ’ എന്ന ശ്ലൈഹികലേഖനം മാര്‍പാപ്പാ ആരംഭിക്കുന്നത്. വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള മാര്‍പാപ്പയുടെ ചില ഉള്‍ക്കാഴ്ചകളാണ് ഈ ശ്ലൈഹികലേഖനത്തിന്റെ കാതല്‍ എന്നു പറയാം.

വി. യൗസേപ്പിതാവില്‍ പ്രകടമായിരുന്ന ഏഴ് പിതൃഭാവങ്ങളാണ് പരിശുദ്ധ പിതാവ് നമ്മോട് പങ്കുവയ്ക്കുന്നത്.

ഒന്നാമതായി,
വി. യൗസേപ്പ് ഒരു വത്സലപിതാവായിരുന്നു. ഒരു കുടുംബനാഥന് തന്റെ കുടുംബത്തോടുള്ള മാനുഷികമായ സ്‌നേഹത്തേക്കാളും ഉപരിയായ ഒരു സ്‌നേഹത്താല്‍ മിശിഹായുടെ സേവനത്തിനായി സ്വന്തം ജീവിതത്തെ ഒരു തിരുമുല്‍ക്കാഴ്ചയായി മാറ്റുവാന്‍ വി. യൗസേപ്പിതാവിനു സാധിച്ചു. ഈയൊരു സ്‌നേഹവാത്സല്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് സഭ ഇന്നും ആ വത്സലപിതാവിന്റെ മാദ്ധ്യസ്ഥ്യം യാചിക്കുന്നത്.

ഭക്ഷ്യക്ഷാമത്താല്‍ വലഞ്ഞ ഈജിപ്തിലെ ജനങ്ങളോട് ഫറവോ പറയുന്ന വാക്കുകള്‍ വളരെ ശ്രദ്ധാര്‍ഹമാണ്. “നിങ്ങള്‍ യൗസേപ്പിന്റെ അടുത്തേയ്ക്ക് പോകുവിന്‍” (ഉല്‍പ. 41:55). നമ്മുടെ ജീവിതത്തിന്റെ ബുദ്ധിമുട്ടുകളില്‍ വി. യൗസേപ്പിന്റെ അടുത്തേയ്ക്ക് പോകുവാന്‍, അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥ്യം തേടുവാന്‍ നമുക്കും സാധിക്കട്ടെ.

രണ്ടാമതായി, ആര്‍ദ്രതയും സ്‌നേഹവും നിറഞ്ഞ ഒരു പിതാവായിരുന്നു ജോസഫ്. അതിനു കാരണം മറ്റൊന്നുമല്ല, ദൈവപിതാവിന്റെ കരുണാര്‍ദ്രമായ സ്‌നേഹം തിരിച്ചറിയുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ യൗസേപ്പിതാവിനെ സഹായിച്ചതും ഇതേ തിരിച്ചറിവ് തന്നെയാണ്. ദൈവം കാരുണ്യവാനാണെന്നും നമ്മുടെ ബലഹീനതകളിലും തന്റെ ശക്തി പ്രകടമാക്കാന്‍ അവിടുത്തേയ്ക്ക് കഴിയുമെന്ന തിരിച്ചറിവ് നമ്മുടെ ജീവിതപ്രതിസന്ധികളില്‍ ദൈവത്തില്‍ ശരണീകരിക്കുവാനും തെറ്റുകളും വീഴ്ചകളുമുണ്ടാകുമ്പോള്‍ അനുരഞ്ജന കൂദാശകളിലൂടെ ദൈവകരുണയ്ക്കായി സ്വയം സമര്‍പ്പിക്കുവാനും നമുക്ക് പ്രേരകമാകട്ടെ.

മൂന്നാമതായി, യൗസേപ്പിന്റെ അനുസരണഭാവത്തെക്കുറിച്ചാണ് പരിശുദ്ധ പിതാവ് നമ്മോടു സംസാരിക്കുന്നത്. വി. യൗസേപ്പിതാവിനെക്കുറിച്ച് വിശുദ്ധ ലിഖതങ്ങളിലുള്ള പരാമര്‍ശങ്ങള്‍ വളരെ കുറവാണെങ്കിലും അവയിലെല്ലാം ഒന്നാഴിയാതെ നാം കണ്ടെത്തുന്ന ഒരു ഘടകമാണ് അനുസരണം. സ്വപ്നത്തിലൂടെ ദൈവഹിതം വെളിപ്പെട്ടു കിട്ടിയപ്പോള്‍ യൗസേപ്പിതാവിനെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം ഓരോ തവണയും ഇങ്ങനെ ആവര്‍ത്തിക്കുന്നു: “അവന്‍ എഴുന്നേറ്റ് ദൂതന്‍ പറഞ്ഞതുപോലെ പ്രവര്‍ത്തിച്ചു.” മംഗളവാര്‍ത്തയ്ക്ക് പ്രത്യുത്തരമായി ഇതാ കര്‍ത്താവിന്റെ ദാസി എന്നു പറഞ്ഞ മറിയത്തെയും, ഗത്സമെന്‍ തോട്ടത്തില്‍ രക്തം വിയര്‍ത്ത് എന്റെ ഹിതമല്ല നിന്റെ ഹിതം നിറവേറട്ടെ എന്നു പ്രാര്‍ത്ഥിച്ച ഈശോയെയും പോലെ ജോസഫും ഓരോ തവണയും ദൈവഹിതത്തിന് ആമ്മേന്‍ പറഞ്ഞു. ജീവിതത്തെ ഒരു ‘ഫിയാത്ത്’ ആക്കി മാറ്റി.

നാലാമതായി, വി. യൗസേപ്പിന്റെ സ്വീകരണമനോഭാവത്തെയാണ് പരിശുദ്ധ പിതാവ് വിചിന്തന വിഷയമാക്കുന്നത്. മറിയത്തെ ഭാര്യയായി സ്വീകരിക്കുക എന്ന ദൈവദൂതന്റെ വാക്കുകളോട് മറുതലിക്കാതെ, യാതൊരു നിബന്ധനകളും കൂടാതെ ജോസഫ് തന്റെ ഭാര്യയായി മറിയത്തെ സ്വീകരിച്ചു. എല്ലാ നിയമത്തെയും അതിലംഘിക്കുന്ന സ്‌നേഹത്തിന്റെ നിയമം ഹൃദയത്തില്‍ കാത്തുസൂക്ഷിച്ചതു കൊണ്ടാണ് യൗസേപ്പിതാവിന് അപ്രകാരം ചെയ്യാന്‍ സാധിച്ചത്.

തന്റെ ജീവിതത്തില്‍ സംഭവിക്കുന്നവയുടെ അര്‍ത്ഥം തന്റെ ബുദ്ധിക്ക് അഗ്രാഹ്യമായിരുന്നിട്ടും ‘ഭയപ്പെടേണ്ട’ എന്ന ദൈവികവചനത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് അവയെ സ്വജീവിതത്തില്‍ സ്വീകരിച്ച് ദൈവം മാത്രം കാണുന്ന ആ പൂര്‍ണ്ണചിത്രത്തിനു വേണ്ടി തന്റെ ജീവിതത്തിന്റെ വരകളെ അദ്ദേഹം വരച്ചുചേര്‍ത്തു. ദൈവം ഇന്ന് നമ്മോടും പറയുന്നു: ‘ഭയപ്പെടേണ്ട’ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തെ ആയിരിക്കുന്ന അവസ്ഥയില്‍ മനസ്സിലാക്കുന്നതിനും അംഗീകരിക്കുന്നതിനും നമുക്ക് കഴിയട്ടെ.

അഞ്ചാമതായി, ആയിരിക്കുന്ന അവസ്ഥയില്‍ ജീവിതത്തെ അംഗീകരിക്കുക എന്നാല്‍, ജീവിതത്തെ ഒരു നിസ്സംഗമനോഭാവത്തോടെ കാണുക എന്നല്ല അര്‍ത്ഥം. മറിച്ച്, ജീവിതത്തിന്റെ ബുദ്ധിമുട്ടുകളില്‍ ദൈവഹിതത്തിനു ചേര്‍ന്ന പുത്തന്‍ വഴികള്‍ കണ്ടെത്തുവാന്‍ ധൈര്യപ്പെടുക എന്നതാണെന്ന് വി. യൗസേപ്പിതാവ് മനസ്സിലാക്കിയിരുന്നു. യൗസേപ്പിതാവിന്റെ ഈ ഒരു മനോഭാവത്തെയാണ് അഞ്ചാമതായി പരിശുദ്ധ പിതാവ് നമ്മുടെ വിചിന്തന വിഷയമാക്കുക.

യൗസേപ്പിതാവിന് തന്റെ ജീവിതത്തില്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. തന്റെ ഭാര്യയ്ക്ക് പ്രസവിക്കാന്‍ ഒരിടം കണ്ടെത്താന്‍ അദ്ദേഹം വിഷമിച്ചു. പിന്നീട് ഹേറോദോസിനെ ഭയന്ന് ഈജിപ്തിലേയ്ക്കുള്ള പലായനം. അന്യമായൊരു ദേശത്ത് ഒരു കുടുംബത്തിന്റെ വളര്‍ച്ചയ്ക്കായി അത്യദ്ധ്വാനം ചെയ്ത ജോസഫ് അവിടെ ദൈവഹിതത്തിനു ചേര്‍ന്ന പുതിയ വഴികള്‍ ധൈര്യപൂര്‍വ്വം കണ്ടെത്തുകയായിരുന്നു.

സമാനമായ സാഹചര്യങ്ങള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടായേക്കാം. ചില അവസരങ്ങളില്‍ ദൈവം നമ്മെ കൈയ്യൊഴിഞ്ഞു എന്നു നാം കരുതിയേക്കാം. എന്നാല്‍ അപ്പോഴൊക്കെയും പുതിയ വഴികള്‍ കണ്ടെത്താനുള്ള നമ്മുടെ കഴിവുകളില്‍ ദൈവം വിശ്വാസമര്‍പ്പിക്കുന്നു എന്ന് നാം തിരിച്ചറിയണം.

ആറാമതായി, തൊഴിലാളിയായ യൗസേപ്പിതാവിനെയാണ് പരിശുദ്ധ പിതാവ് നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. തൊഴില്‍ എന്നു പറയുന്നത് ഉപജീവനത്തിനു വേണ്ടിയുള്ള ഒരു ഉപാധി എന്നതിലുമുപരി ദൈവം നമുക്ക് നല്‍കിയിരിക്കുന്ന കഴിവുകളെ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്തല്‍ കൂടിയാണ്. അപ്പോള്‍ മാത്രമാണ് നമ്മുടെ അദ്ധ്വാനം ദൈവത്തിന്റെ രക്ഷാകരപ്രവര്‍ത്തനങ്ങളുമായി ചേര്‍ന്നുപോകുന്നത്.

തൊഴിലാളിയായ യൗസേപ്പിനെപ്പറ്റിയാണ് നമ്മുടെ ധ്യാനം. തൊഴില്‍രഹിതരായവരെപ്പറ്റി വളരെ പ്രത്യേകമായി, കോവിഡ്-19 മൂലം തൊഴില്‍ നഷ്ടപ്പെട്ടവരെപ്പറ്റി ചിന്തിക്കാനുള്ള ഒരു അവസരമായി ഉപയോഗിക്കാന്‍ മാര്‍പാപ്പ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.

പോളിഷ് എഴുത്തുകാരനായ ജാന്‍ ദൊബ്രന്‍സ്‌കിയുടെ ഒരു പ്രസിദ്ധമായ നോവലാണ് ‘പിതാവിന്റെ നിഴല്‍.’ ഈ നോവലില്‍ ജോസഫിനെ പിതാവായ ദൈവത്തിന്റെ നിഴലായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ ഒരു നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് മാര്‍പാപ്പ ഇത് ചിത്രീകരിച്ചിരിക്കുന്നത്.

ഒരു കുഞ്ഞിനെ ഈ ലോകത്തില്‍ ജനിപ്പിക്കുന്നതുകൊണ്ടു മാത്രം ഒരുവനും ഒരു പിതാവാകുന്നില്ല. സ്വാര്‍ത്ഥതയില്ലാതെ, ഒന്നിനെയും സ്വന്തമാക്കാതെ പരിരക്ഷിക്കുന്നവനാണ് പിതാവ്. തന്റെ മക്കളെ അടിമപ്പെടുത്തുന്നവനല്ല, അവര്‍ക്ക് സ്‌നേഹത്തിന്റെ സ്വാതന്ത്ര്യം നല്‍കുന്നവനാണ് പിതാവ്. വി. പൗലോസ് ശ്ലീഹാ കൊറിന്തോസിലെ സഭയ്‌ക്കെഴുതിയ ഒന്നാം ലേഖനം 4:15-ല്‍ നാം ഇപ്രകാരം വായിക്കുന്നു: “നിങ്ങള്‍ക്ക് ക്രിസ്തുവില്‍ പതിനായിരം ഉപദേഷ്ടാക്കള്‍ ഉണ്ടായിരിക്കാം; എന്നാല്‍ പിതാക്കന്മാര്‍ അധികമില്ല. സുവിശേഷപ്രസംഗം വഴി യേശുക്രിസ്തുവില്‍ നിങ്ങള്‍ക്ക് ജന്മം നല്‍കിയത് ഞാനാണ്.”

ഓരോ ക്രൈസ്തവനും പ്രത്യേകമായി, വൈദികര്‍ക്കും മെത്രാന്മാര്‍ക്കും പിതാവായിത്തീരാനുള്ള ഈ വിളിയുണ്ട്. അപരന്റെ ജീവിതത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്ന ഏതൊരുവനും അവന് പിതാവായിത്തീരുകയാണ്. നല്ല പിതാക്കന്മാരായിത്തീരാന്‍ നമുക്ക് പരിശ്രമിക്കാം.

മത്തായിയുടെ സുവിശേഷം 11:29-ല്‍ നാം ഇപ്രകാരം വായിക്കുന്നു: “നിങ്ങള്‍ എന്നില്‍ നിന്ന് പഠിക്കുവിന്‍.” ഈശോയുടെ ആ ആഹ്വാനം സ്വജീവിതത്തില്‍ പകര്‍ത്തിയവരാണ് വിശുദ്ധര്‍. അതുകൊണ്ടു തന്നെ വിശുദ്ധന്മാരുടെ ജീവിതങ്ങള്‍ അനുകരിക്കാനുള്ളവയാണ്.

1 കൊറി 4:16-ല്‍ വി. പൗലോസ് പറയുന്നത് ഇപ്രകാരമാണ്: “നിങ്ങള്‍ എന്നെ അനുഗമിക്കുന്നവരാകുവിന്‍.” വി. യൗസേപ്പില്‍ വിളങ്ങിയിരുന്ന ഈ എഴ് നന്മകള്‍ നമുക്ക് നമ്മുടെ ജീവിതത്തിലേയ്ക്ക് പകര്‍ത്താന്‍, വി. യൗസേപ്പിനായി സമര്‍പ്പിക്കപ്പെട്ട ഈ വര്‍ഷത്തില്‍ നമുക്ക് പ്രത്യേകം പരിശ്രമിക്കാം.

നല്ല ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്ന് നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. ജോയ്സ് ചേലച്ചുവട്ടില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.