പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മാര്‍ ഗീവര്‍ഗ്ഗീസ് മൂന്നാമന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ കാതോലിക്കോസ് പാത്രിയാര്‍ക്കീസ് മാര്‍ ഗീവര്‍ഗ്ഗീസ് മൂന്നാമന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കാലിഫോര്‍ണിയയിലെ അസ്സീറിയന്‍ മെത്രാനായ മാര്‍ അവാ റോയെല്‍, അസ്സീറിയന്‍ ബിഷപ്പ് സിനഡിന്റെ സെക്രട്ടറി എന്നിവര്‍ ഒപ്പിട്ട് ഫെബ്രുവരി 19-നു പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് ആഗോളതലത്തില്‍ ചിതറിക്കിടക്കുന്ന അസ്സീറിയന്‍ മെത്രാന്മാര്‍ക്കായി ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് മാര്‍ ഗീവര്‍ഗ്ഗീസ് മൂന്നാമന്‍ എഴുതിയ കത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടത്.

ഇറാഖി കുര്‍ദ്ദിസ്ഥാന്റെ തലസ്ഥാനമായ ഇര്‍ബിലില്‍ ഏപ്രില്‍ 22 മുതല്‍ 27 വരെ നടക്കുന്ന അസ്സീറിയന്‍ മെത്രാന്മാരുടെ സിനഡില്‍ പങ്കെടുക്കുവാന്‍ മെത്രാന്മാരെ പാത്രിയാര്‍ക്കീസ് തന്റെ കത്തിലൂടെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. പരിശുദ്ധാത്മാവിന്റെ പ്രചോദനത്താലും ദൈവേഷ്ടത്താലും പാത്രിയാര്‍ക്കീസിനെ തെരഞ്ഞെടുക്കുവാന്‍ മെത്രാന്മാരെ സഹായിക്കുവാന്‍ തിരുസഭയുടെ അധിപനായ കര്‍ത്താവായ യേശുവിനോട് പ്രാര്‍ത്ഥിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

2015 സെപ്റ്റംബര്‍ 16-നാണ് കിഴക്കന്‍ അസീറിയന്‍ സഭയുടെ 121-ാമത് കാതോലിക്കോസായി മാര്‍ ഗീവര്‍ഗ്ഗീസ് അവരോധിതനാകുന്നത്.