കുഞ്ഞുങ്ങൾ ജീവിതത്തിൽ എന്നും ഓർത്തിരിക്കുന്ന 11 കാര്യങ്ങൾ

മിനു മഞ്ഞളി

ബാല്യം എന്നും എപ്പോഴും ഒരു നനുത്ത സ്പർശനമേകുന്ന ഓർമയാണ് എല്ലാവർക്കും. ഒത്തിരി സ്നേഹിച്ചു വളർത്തി വലുതാക്കിയ മാതാപിതാക്കളും ചൂരലിന്റെ കയ്യൊപ്പുമായി തെറ്റുതിരുത്തി വളർത്തിയ അദ്ധ്യാപകരും എന്നും കൂട്ടിനുണ്ടായിരുന്ന ബാല്യകാല സുഹൃത്തുക്കളും എല്ലാവരുടെയും പ്രിയപ്പെട്ട ഓര്‍മ്മകളാണ്. അവധിക്കാലത്ത് കളിച്ചു നടന്ന നാട്ടു വഴികളും അപ്പൂപ്പൻ കെട്ടിത്തന്ന നാട്ടുമാവിലെ ഊഞ്ഞാലിന്റെ സ്നേഹസ്മരണകളും മനസ്സിൽ ഒളിഞ്ഞുകിടക്കാത്ത ഒരു മലയാളിയും ഉണ്ടാകില്ല. അതിനിടയിൽ, കിട്ടാതെ പോയ സ്നേഹത്തിന്റെ തേങ്ങലും ചില അദൃശ്യ നൊമ്പരങ്ങളും ചിലപ്പോഴെങ്കിലും നമ്മുടെ കണ്ണുകളെ ഈറനണിയിപ്പിച്ചിട്ടുണ്ടാകും.

ആ സ്നേഹസ്മരണകൾ സൃഷ്ടിച്ചവർ ജീവിതത്തിലെ വ്യത്യസ്ത വേഷങ്ങൾ അണിഞ്ഞവർ ആയിരുന്നു. ഇന്ന് അടുത്ത തലമുറയ്ക്കുവേണ്ടി ആ വേഷങ്ങൾ അണിയാൻ കാലം നമ്മെ ഭരമേല്പിച്ചിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങൾക്ക് ഒരു അമ്മയായോ/അപ്പനായോ ചേച്ചിയായോ/ചേട്ടനായോ വല്യമ്മയായോ/വല്യപ്പനായോ  വ്യത്യസ്തങ്ങളായ നല്ല സ്മരണകൾ സമ്മാനിക്കാൻ നമുക്ക് ശ്രമിക്കാം. എക്കാലവും കുഞ്ഞുങ്ങൾ ഓർത്തിരിക്കാന്‍ അവർക്കു ഉപകാരപ്രദങ്ങളായ ഓർമ്മകൾ നമുക്ക് സമ്മാനിക്കാം. അതിനായി ഇതാ ചില പൊടിക്കൈകൾ.

1. കുഞ്ഞുങ്ങൾക്ക് വായിച്ചു കൊടുക്കാം 

കുഞ്ഞുങ്ങൾക്കൊപ്പം വായിക്കുന്നത് സുന്ദരമാണ്. എങ്കിൽ അതിലും സൗന്ദര്യം അവർക്കു വായിച്ചു കൊടുക്കുമ്പോഴാണ്. രസകരമാണ് കുഞ്ഞുമക്കളുടെ ചോദ്യങ്ങളും അവർക്കു മുൻപിൽ ആയിരിക്കുന്ന നിമിഷങ്ങളും.

വളർന്നു വരുമ്പോൾ അവർ പറയാനിടവരട്ടെ – എന്റെ പപ്പയും മമ്മിയും എനിക്ക് വായിച്ചു തരുമായിരുന്നു. ആ ശീലം എനിക്കിന്നും കൂട്ടായിരിക്കുന്നു എന്ന്.

2. കുഞ്ഞുങ്ങൾക്ക് ചെവിയോർക്കാം

‘ഒരു സെക്കന്റ് ഒന്ന് വെയിറ്റ് ചെയ്യുമോ?’ ഈ ബിസി ലോകത്തു നാം കേൾക്കുന്ന ഒരു വാക്യമായിരിക്കും അത്. ആർക്കും നമ്മെ കേൾക്കാൻ സമയമില്ല. ഒരു സെക്കന്റ് അല്ല മിനിറ്റ് അല്ല മണിക്കൂറുകൾ കടന്നു പോയേക്കും. നാം ആ കാര്യം ഓർക്കുക പോലും ചെയ്യില്ല! ശ്രമിക്കാം, നമ്മുടെ കുഞ്ഞുമക്കളോടു വെയിറ്റ് ചെയ്യാൻ പറയാതിരിക്കാൻ. നാം തിരക്കെല്ലാം കഴിഞ്ഞു കേൾക്കാൻ വരുമ്പോഴേക്കും കുഞ്ഞുങ്ങൾ പറയാൻ വിചാരിച്ച കാര്യം മറന്നു പോയിക്കാണും.

വളരെ ചെറിയകാര്യമായിരിക്കാം, എങ്കിലും അവർക്കു പറയാനുള്ളത് കേൾക്കാൻ നമുക്ക് സമയം മാറ്റിവയ്ക്കാം. അല്ലെങ്കിൽ ചിലപ്പോൾ വലുതാകുമ്പോൾ നമുക്ക് പറയാനുള്ള വലിയ കാര്യങ്ങൾ കേൾക്കാൻ അവർക്കു മനസ്സുണ്ടായെന്നു വരില്ല.

നമ്മുടെ കുഞ്ഞുങ്ങളോട് ‘വെയിറ്റ് എ സെക്കന്റ്’ എന്ന് പറയാതെ നാം ചെയുന്ന പ്രവർത്തിയോട് വെയിറ്റ് ചെയ്യാൻ പറയാം. TV ക്കു മുറിവേൽക്കില്ല; കമ്പ്യൂട്ടർ മറക്കുകില്ല; ഫേസ്ബുക് നമ്മളെ മിസ് ചെയ്യില്ല. പക്ഷേ, നമ്മുടെ കുഞ്ഞുങ്ങൾക്ക് മുറിവേല്‍ക്കും!

വളർന്നു വരുമ്പോൾ അവർ പറയാനിടവരട്ടെ – എനിക്ക് പറയാനുള്ളതെല്ലാം കേൾക്കാൻ എന്റെ പപ്പയും മമ്മിയും എന്നും തയ്യാറായിരുന്നു എന്ന്.

3. ഉമ്മ വയ്ക്കാം, കെട്ടിപ്പിടിക്കാം

വാക്കുകളേക്കാൾ സ്നേഹം പങ്കുവയ്ക്കാൻ പ്രവർത്തികൾക്കാകും എന്നല്ലേ പറയാറുള്ളത്. സ്നേഹിക്കാം മക്കളെ; ചേർത്തുവയ്ക്കാം നെഞ്ചോടൊപ്പം, ഒരു സംരക്ഷണമായി സ്നേഹസ്പർശനമായി എന്നും. പ്രായം എത്രയുമായിക്കൊള്ളട്ടെ സ്നേഹിക്കപ്പെടാൻ എന്നും വെമ്പൽ കൊള്ളുന്നതാണ് മനസ്സ്. സ്നേഹത്തോടെ, ഒന്ന് പുറത്തു തട്ടി തലോടിയാൽ മതിയാകും വലിയൊരു ആശ്വാസമാകാൻ.

വളർന്നു വരുമ്പോൾ അവർ പറയാനിടവരട്ടെ – തളർന്നു പോകുമ്പോൾ എന്നെ കെട്ടിപ്പിടിക്കുവാനും സ്‌നേഹിക്കുവാനും എനിക്കെന്നും എന്റെ മാതാപിതാക്കൾ കൂടെയുണ്ടായിരുന്നു എന്ന്.

4. കുടുംബത്തിലെ നല്ല രീതികളെ ചേർത്തുനിർത്താം 

‘ആഴ്ചയിൽ ഒരിക്കൽ ഒന്നിച്ചിരുന്നു രാത്രി സിനിമ കാണുന്നത് ഞങ്ങളുടെ കുടുംബത്തിലെ ഒരു രീതിയായിരുന്നു’ അമ്മു ഇന്നും അതോർക്കുന്നു. എത്ര കണ്ട സിനിമ ആയാലും കുടുംബത്തോടൊന്നിച്ചിരുന്നു തമാശകൾ കണ്ടു ചിലവഴിക്കുന്ന ആ നിമിഷങ്ങൾ ഇന്നും അമ്മുവിന് പ്രിയപ്പെട്ടതാണ്.

സാധാരണ പ്രവർത്തികൾ ചില വ്യക്തികളുടെ സാന്നിധ്യം മൂലം അസാധാരണമായ നിമിഷങ്ങൾ സമ്മാനിക്കുന്നു. വലിയൊരു സ്നേഹസ്മരണയായി നിലകൊള്ളുകയും ചെയ്യപ്പെടുന്നു.

വളർന്നു വരുമ്പോൾ അവർ പറയാനിടവരട്ടെ –ഞങ്ങൾ കുടുംബത്തോടൊപ്പം അത് ചെയ്തിരുന്നു ഇത് ചെയ്തിരുന്നു, എന്നെല്ലാം. ഒത്തിരി സന്തോഷം പകർന്ന നിമിഷങ്ങൾ ആയിരുന്നു അതെല്ലാം എന്ന്.

5. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാം 

“വീടില്ലായിരുന്നപ്പോൾ ഒരിക്കൽ പോലും ഞങ്ങൾ ഒന്നിച്ചല്ലാതെ ഭക്ഷണം കഴിക്കിലായിരുന്നു” – അമേരിക്കയിലേക്ക് ജോലി കിട്ടി പോയ ബോബി പങ്കുവച്ചു. അവിടെ ചെന്നപ്പോൾ എല്ലാവര്‍ക്കും സ്വന്തമായ ഒരു ലോകവും ഭക്ഷണ സമയങ്ങളുമാണ്. ആരും ആർക്കും വേണ്ടി കാത്തു നിൽക്കുന്നില്ല.

ഒന്നിച്ചായിരിക്കാം നമ്മുടെ കുഞ്ഞുമക്കൾക്കൊപ്പം. ഭക്ഷണനേരങ്ങളിലെ അവരുടെ കുസൃതികൾക്കിടയിലും ഒരു ഉരുള ചോറ് വായിൽ വച്ച് കൊടുത്തപ്പോഴും, അവർ അറിയാതെ വിരലിൽ കടിച്ചപ്പോഴും, നമ്മുടെ മുഖം ചുളിഞ്ഞപ്പോൾ അവർ നിഷ്കളങ്കമായി പുഞ്ചിരിച്ചപ്പോഴും എന്തു സൗന്ദര്യമായിരുന്നു.

വളർന്നു വരുമ്പോൾ അവർ പറയാനിടവരട്ടെ – എന്റെ വീട്ടിൽ ഞങ്ങൾ എല്ലാവരും ഒന്നിച്ചായിരുന്നു ഭക്ഷണം കഴിച്ചിരുന്നത് എന്ന്.

6. നീ എനിക്ക് പ്രിയപ്പെട്ടതായിരുന്നു

കുഞ്ഞായിരുന്നാലും വലുതായാലും ഞാൻ അന്നും ഇന്നും എന്റെ വീട്ടിൽ ഒത്തിരി പ്രിയപ്പെട്ടതായിരുന്നു. നമുക്കാഗ്രഹമില്ലേ അതെന്നും ഏറ്റു പറയുവാൻ. നമുക്കും നമ്മുടെ കുഞ്ഞുങ്ങൾക്ക് ആ പ്രിയപ്പെട്ട സ്നേഹത്തിന്റെ നറുമണം സമ്മാനിക്കാം.

വളർന്നു വരുമ്പോൾ അവർ പറയാനിടവരട്ടെ – എന്റെ വീട്ടിൽ ഞങ്ങൾ മക്കൾ പപ്പക്കും മമ്മിയ്ക്കും ഒത്തിരി പ്രിയപ്പെട്ടതായിരുന്നു എന്ന്.

7. ആഘോഷിക്കാം, പ്രോത്സാഹിപ്പിക്കാം 

ഓരോ കുഞ്ഞും വ്യത്യസ്ഥരാണെന്നു മറക്കാതിരിക്കാം. അവരുടെ കഴിവുകളും അതിനാൽ തന്നെ വ്യത്യസ്തമായിരിക്കും. പഠിക്കാൻ കഴിവ് കാണിക്കുന്നവർ, സ്പോർട്സിൽ വിജയം കരസ്ഥമാക്കി സ്‌കൂളിന് അഭിമാനമായി നിലകൊള്ളുന്നവർ… അങ്ങനെ പലരും പലതരത്തിലുള്ള കഴിവുകളാൽ ജീവിതത്തിൽ വിജയം കൈവരിക്കുന്നവർ ആയിരിക്കും.

കഴിവുകൾ വ്യത്യസ്തമായാലും കുഞ്ഞുങ്ങൾ എല്ലാവരും അംഗീകാരം ആഗ്രഹിക്കുന്നതിൽ സാമ്യം പുലർത്തുന്നവരായിരിക്കും. ഒരു വീട്ടിലെ എല്ലാ മക്കളും ഒരേ തരത്തിൽ അംഗീകരിക്കപ്പെടുവാനും വിലമതിക്കപെടുവാനും ആഗ്രഹിക്കുന്നവരായിരിക്കും. ആ സത്യം മറക്കാതിരിക്കാം. കുഞ്ഞുങ്ങളുടെ വിജയങ്ങൾ ഒന്നുപോലെ ആഘോഷിക്കാൻ ശ്രദ്ധിക്കാം.

വളർന്നു വരുമ്പോൾ മക്കൾ പറയാനിടവരട്ടെ- എന്റെ മാതാപിതാക്കൾ എന്നിൽ വിശ്വാസം പുലർത്തിയിരുന്നു. എന്റെ ഏറ്റവും വലിയ ആരാധകർ അവരായിരുന്നു, അവർ എപ്പോഴും എന്നോട് പറയുമായിരുന്നു, നീ ഞങ്ങൾക്കെന്നും അഭിമാനമാണ് എന്ന്.

8. കൂടെ കളിക്കാം 

കളിക്കുവാനും അതുവഴി ഉന്മേഷം കൊള്ളുവാനും ഉള്ള മനസ്സ് കുഞ്ഞുങ്ങൾക്കെന്നും ഉണ്ടായിരിക്കും. കളിക്കാനുള്ള അന്തരീക്ഷവും കുടുംബത്തോടൊപ്പം ഒഴിവു സമയങ്ങളിൽ ഒന്നിച്ചു ചേർന്നു ഉല്ലസിക്കുവാനും അവസരം ഒരുക്കേണ്ടത് ഒരു ഓപ്ഷൻ അല്ല മറിച്ചു അത്യാവശ്യം തന്നെയാണ്.

എല്ലാവർക്കും ഇഷ്ടമുള്ള എന്തെങ്കിലും ഒത്തുകൂടലുകൾ തിരഞ്ഞെടുക്കാം. ഒന്നിച്ചുള്ള ഒരു ഔട്ടിങ് ആകാം, അല്ലെങ്കിൽ ഗെയിംസ് ആകാം, അതുമല്ലെങ്കിൽ സിനിമ ആകാം. അങ്ങനെ എന്തുമായിക്കൊള്ളട്ടെ എല്ലാവർക്കും മനസ്സിന് ആനന്ദവും, കുഞ്ഞുങ്ങൾക്ക് എന്നും ഓർത്തിരിക്കാനുള്ള നല്ല സ്മരണകൾ സമ്മാനിക്കാൻ ഉതകുന്നതും മതി.

വളർന്നു വരുമ്പോൾ കുഞ്ഞുങ്ങൾ പറയാനിടവരട്ടെ. എന്റെ വീട്ടിൽ ഞങ്ങൾ ഒന്നിച്ചു ഒത്തിരി സമയം പങ്കിടാറുണ്ടായിരുന്നു, ഒന്നിച്ചു ഉല്ലസിക്കാറുണ്ടായിരുന്നു, ഒന്നിച്ചു കളിക്കാറുണ്ടായിരുന്നു എന്ന്.

9. ഓർമിക്കാം
ശരിയാണ് ഞാൻ അന്ന് അത് ചെയ്തിരുന്നു. അങ്ങനെ ഉണ്ടായപ്പോൾ എനിക്കൊരുപാട് സന്തോഷം തോന്നിയിരുന്നു. കൊച്ചു കൊച്ചു നിമിഷങ്ങൾ വലയം വച്ച് അലങ്കരിക്കപ്പെടുന്ന ഓർമ്മകൾ ആണ് നമ്മുടെ കുഞ്ഞുമക്കളുടേത്.
സ്‌കൂൾ അസ്സെംബ്ളികൾ, ബെർത്തഡേകള്‍, ഡാൻസ് പ്രാക്റ്റീസുകൾ അങ്ങനെ അങ്ങനെ. ആ നിമിഷങ്ങളെ മാതാപിതാക്കളായ നാം ഓർമിക്കുന്നതും അവരോടൊപ്പമായിരിക്കുന്നതും ഫോട്ടോകൾ എടുത്തു ആ നിമിഷങ്ങളെ ഒപ്പിയെടുക്കുന്നതും അവരോടൊപ്പം ആ അവസരങ്ങളെ ഓർമ്മിക്കാൻ വെമ്പൽ  കൊള്ളുന്നതും മക്കൾക്കൊത്തിരി സന്തോഷമുള്ളതാണ്. നാം കൈപിടിച്ച് നടത്തിയതെല്ലാം മക്കൾ എന്നും ഓർമിക്കുകയും ചെയ്യും.

വളർന്നു വരുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ പറയാനിടവരട്ടെ, എന്റെ മാതാപിതാക്കൾ എന്നും എനിക്കൊപ്പമുണ്ടായിരുന്നു എന്ന്.

10. ഉള്ളുതുറന്ന് സ്നേഹിക്കാം, ആ സ്നേഹം പ്രകടിപ്പിക്കാം

സ്നേഹം ഉണ്ടാക്കിയിരിക്കുന്നത് സ്നേഹം കൊണ്ട് തന്നെയാണ്. സ്നേഹിക്കാൻ മാത്രമേ നമുക്കു സാധിക്കൂ. അല്ലാതെ സ്നേഹിക്കുന്നവരെ തള്ളിക്കളയുവാൻ സ്നേഹത്തിനാകില്ല. സ്നേഹമുണ്ടെങ്കിൽ അത് പ്രകടിപ്പിക്കാം.

ഓർമകൾ എന്നും ജീവൻ തുടിക്കുന്നതാണ്. വില കൊടുത്തു വാങ്ങാൻകിട്ടില്ലെങ്കിലും സമയം കൊടുത്തു വാങ്ങാൻ സാധിക്കുന്ന ഒരിക്കലും മരിക്കാത്ത നല്ല ഓർമകളെ കുഞ്ഞുങ്ങൾക്കായി സമ്മാനിക്കാം. സുന്ദരമായ ഒരു ബാല്യം സമ്മാനിക്കാനാകുന്നതല്ലേ നമ്മുടെ കുഞ്ഞിനായുള്ള ഏറ്റവും വലിയ സമ്മാനം.

നല്ല ഉപദേശങ്ങൾ നൽകിയും, തെറ്റുകൾ സ്നേഹപൂർവം തിരുത്തിയും സ്നേഹം പ്രകടമാക്കാം. മക്കൾ മൂല്യമുള്ളവരാണെന്നു അവർക്കു മനസിലാക്കികൊടുക്കാം. അവരിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകളെ സ്നേഹപൂർവം വളർത്തിയെടുക്കാം. മക്കൾക്കു നന്ദി പറയാം, സ്നേഹപൂർവം ചുംബനമേകാം. കാരണം സ്നേഹം സ്നേഹം കൊണ്ട് മാത്രമാണ് മെനഞ്ഞെടുക്കപ്പെട്ടത്.

വളർന്നു വരുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ പറയാനിടവരട്ടെ, “ഉള്ളു തുറന്നു സ്നേഹിച്ചവരായിരുന്നു എന്റെ മാതാപിതാക്കള്‍” എന്ന്.

11. കുട്ടികള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കാം

എല്ലാത്തിനും ഉപരി കുട്ടികള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കാം. ഇത് അവരെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ സഹായിക്കും. ബാല്യത്തില്‍ ഒരുമിച്ചിരുന്നുള്ള പ്രാര്‍ത്ഥന ആരും മറക്കില്ല. അമ്മ മടിയില്‍ ഇരുത്തി പഠിപ്പിച്ച പ്രാര്‍ത്ഥനകള്‍ നമ്മള്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നില്ലേ? ഞങ്ങളെ ദൈവത്തോട് അടുപ്പിച്ചത് ഞങ്ങളുടെ മാതാപിതാക്കളായിരുന്നു എന്ന് അവര്‍ പറയട്ടെ!

മിനു മഞ്ഞളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.