മക്കള്‍ക്ക്‌ മുന്‍പില്‍ വച്ച് വഴക്ക് ഉണ്ടാക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടവ 

മിനു മഞ്ഞളി

(‘പപ്പാ, മമ്മീ, പ്ലീസ്! വഴക്കിടല്ലേ, എന്റെ മനസ്സ് വേദനിക്കുന്നു’ എന്ന ലേഖനത്തിന്റെ തുടര്‍ച്ച)

മാറി വരുന്ന ജീവിത ചുറ്റുപാടുകളുടെ നടുവില്‍ ജീവിക്കുന്ന മാതാപിതാക്കള്‍ക്ക് ചില സമയങ്ങളില്‍ മക്കള്‍ക്ക്‌ മുന്‍പില്‍ തര്‍ക്കത്തിലേക്കോ കലഹത്തിലെക്കോ നയിച്ചേക്കാവുന്ന സംസാരങ്ങള്‍ ഉണ്ടായെന്നു വരാം. എന്നാല്‍ ഇതൊരു തുടര്‍സംഭവമായി മാറാതിരിക്കാനും മക്കള്‍ക്ക്‌ ഉണ്ടാകുന്ന മനോവിഷമം ഇല്ലാതാക്കാനും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.

1. തര്‍ക്കത്തിലേക്ക് നയിക്കും എന്നുള്ള സാഹചര്യത്തില്‍ നിന്നും പിന്മാറുക

ഇത് ഒരു വഴക്കിലെ അവസാനിക്കൂ എന്നുറപ്പുള്ള കാര്യങ്ങള്‍ പങ്കാളി സംസാരിക്കാന്‍ ഇടവന്നാല്‍ ആ സമയത്ത് മക്കളുടെ മുന്‍പില്‍ വച്ച് അതിനെ കുറിച്ച് സംസാരിച്ചു കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാതിരിക്കാം. പിന്നീട് ശാന്തമായ സമയത്ത് എല്ലാം സംസാരിച്ചു ഒത്തുതീര്‍പ്പിലെത്താവുന്നതാണ്.

2. പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാവുന്നതാണ്

പരിഹാരമില്ലാത്ത പ്രശ്നങ്ങള്‍ ഇല്ല. ആയതിനാല്‍ പരസ്പരം ചര്‍ച്ച ചെയ്തു രണ്ടു പേര്‍ക്കും സ്വീകാര്യമായ രീതിയില്‍ കാര്യങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. തര്‍ക്കിക്കാതെ, കലഹിക്കാതെ കാര്യങ്ങളെ വളരെ സിമ്പിള്‍ ആയി കൈക്കാര്യം ചെയ്യുന്ന അപ്പനും അമ്മയും മക്കള്‍ക്കെന്നും ഒരു വലിയ മാതൃകയാണ്.

3. രണ്ടു പേരുടെയും അഭിപ്രായത്തെ മാനിക്കാം

ഏകപക്ഷിയമായി കാര്യത്തിന് തീരുമാനം എടുക്കാതെ നമ്മുടെ പങ്കാളിയുടെ കാഴ്ചപ്പാടും കൂടി കേള്‍ക്കാന്‍ ചെവികൊടുക്കണം. ജീവിതത്തില്‍ നമുക്ക് ദൈവം ഏകിയ പങ്കാളിക്ക് ബഹുമാനവും സ്നേഹവും പ്രാധാന്യവും കൊടുക്കേണ്ടത് അവശ്യമാണ്‌. അതിന്റെ ഒരു ഭാഗമാണ് അഭിപ്രായം പറയാന്‍ അവസരം കൊടുക്കുക എന്നത്.

4. രണ്ടു പേര്‍ക്കും സ്വീകര്യമായ ഒരു മധ്യ മാര്‍ഗം തിരഞ്ഞെടുക്കാം

പരസ്പരം അഭിപ്രായം പങ്കുവച്ച ശേഷം രണ്ടു തീരുമാനങ്ങളും പരസ്പരം അംഗീകരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു മധ്യ മാര്‍ഗം തിരഞ്ഞെടുക്കാന്‍ ശ്രമിക്കാവുന്നതാണ്. അത് പ്രശ്നങ്ങളുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

5. സഹായം ആവശ്യമെങ്കില്‍ തേടാവുന്നതാണ്

ചില സാഹചര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ മാനസികമായി സാധിക്കാത്ത സമയങ്ങളില്‍ പുറത്തു നിന്നും മുതിര്‍ന്നവരുടെയോ ആത്മീയപിതാക്കന്‍മാരുടെയോ നല്ല സുഹൃത്തുക്കളുടെയോ ഉപദേശങ്ങള്‍ തേടാവുന്നതാണ്. നമ്മുടെ കുടുംബത്തിന്‍റെ നന്മ ആഗ്രഹിക്കുന്നവരുടെ അടുത്ത് വേണം ഈ സമയങ്ങളില്‍ സഹായം ചോദിക്കേണ്ടത്.

വികാരങ്ങളെ നമ്മുടെ മനസ്സിന്‍റെ സഹായത്തോടെ പിടിച്ചു നിര്‍ത്തുവാനുള്ള കഴിവിലേക്ക് നമുക്ക് നമ്മെ തന്നെ വളര്‍ത്തിയെടുക്കാം. മക്കളുടെ മുന്‍പില്‍ വച്ചു വഴക്കിട്ട് കുടുംബസമാധാനവും സന്തോഷവും നഷ്ടപ്പെടുത്താതെ, സ്വാന്തനം പകരുന്ന അന്തരീക്ഷം വീട്ടില്‍ സൃഷ്ടിച്ചെടുക്കാം.

ഏത് വിഷമങ്ങളിലും പ്രശ്നങ്ങളിലും ഓടി വരാന്‍ എന്‍റെ വീടുണ്ട് എന്‍റെ അപ്പനും അമ്മയും ഉണ്ട് എന്നൊരു ബോധ്യവും വിശ്വാസവും നമ്മുടെ കുഞ്ഞുമക്കളുടെ മനസ്സില്‍ വളര്‍ത്തിയെടുക്കാം.

മിനു മഞ്ഞളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.