പ്രലോഭനങ്ങളെ ഭയപ്പെടേണ്ടതില്ല! വിശുദ്ധ പാദ്രേ പിയോ നൽകുന്ന വിശദീകരണം ഇങ്ങനെ

    തിന്മയുടെ ശക്തികളുമായി നിരന്തരം പോരാട്ടം നടത്തിക്കൊണ്ടിരുന്ന ഒരു വ്യക്തിയാണ് വിശുദ്ധ പാദ്രേ പിയോ. അന്ധകാരത്തിന്റെ രാജകുമാരൻ പ്രവര്‍ത്തനം നടത്തുന്നതെങ്ങനെയെന്ന് അതുവഴിയായി അദ്ദേഹത്തിന് തിരിച്ചറിയാനും സാധിച്ചു. അതേക്കുറിച്ച് തന്റെ ആത്മീയമക്കൾക്ക് അറിവ് നൽകണമെന്നും അദ്ദേഹം ആഗ്രഹിച്ചു.

    1916-ൽ വെൻട്രല്ല സന്യാസിനികൾക്ക് അയച്ച കത്തിൽ, പ്രലോഭനങ്ങളെ ഭയക്കുന്നവർക്ക് ആശ്വാസവചനങ്ങൾ അദ്ദേഹം നൽകിയിരുന്നു. അതിൽ അദ്ദേഹം നൽകുന്ന ഒരു പ്രധാന സന്ദേശം, പുറത്തു നിൽക്കുന്ന – അലറുന്ന സാത്താനെ ഭയപ്പെടേണ്ടതില്ല. മറിച്ച്, ഉള്ളിൽ പ്രവേശിച്ച് നാമുമായി ഐക്യത്തിലായിരിക്കുന്ന സാത്താനെയാണ് നേരിടേണ്ടത് എന്നാണ്. ഭയപ്പെടാതെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന തിന്മയുടെ ശക്തികളെ പോരാടി തോൽപ്പിക്കുകയാണ് വേണ്ടത്. ഇതിനുള്ള പോരാട്ടവീര്യം നൽകുന്നതാകട്ടെ ദൈവവും. കാരണം, നാം അവിടുത്തേക്ക് അത്രമേൽ വിലപ്പെട്ടവരാണ്. മാത്രവുമല്ല, അവിടുത്തെ കരുണ നമ്മെ പൊതിഞ്ഞു പിടിച്ചിരിക്കുകയുമാണ്.

    മരുഭൂമിയിലെയും ഗദ്സമെൻ തോട്ടത്തിലെയും വിശുദ്ധ കുരിശിലെയും ഈശോ സഹിച്ച പീഡകൾക്ക് സമാനമാണ് പ്രലോഭനങ്ങളെ ചെറുക്കുന്ന സമയത്ത് നാം നേരിടേണ്ടി വരിക. എങ്കിലും ശക്തമായ പോരാട്ടത്തിലൂടെ സാത്താന്റെ ദുഷ്ടലക്ഷ്യങ്ങളെ തൂത്തെറിയുക തന്നെ വേണം.