സെൽഫി മാത്രം എടുക്കുന്ന കുട്ടി 

മിനു മഞ്ഞളി

ഒരു വിവാഹ സല്‍ക്കാര രംഗമാണ് വേദി. അഞ്ച് വയസുള്ള ഒരു കുട്ടി. അവന്‍ ഒരു മൊബൈലില്‍ എല്ലായിടത്തും നടന്ന് ഫോട്ടോ എടുക്കുകയാണ്. സ്റ്റേജില്‍ കയറിയും താഴെ നടന്നും മിക്കവരുടെയും അടുത്തുചെന്നും അവന്‍ ഫോട്ടോ എടുക്കുന്നു. പക്ഷേ, എടുക്കുന്നതെല്ലാം സെല്‍ഫിയാണ്! അപ്പോള്‍ ഒരാള്‍ അവനോടു ചോദിച്ചു; “മോനേ, മോന്‍ മോന്റെ മാത്രം ഫോട്ടോ എടുത്താല്‍ മതിയോ? ഞങ്ങളുടെ കൂടെ എടുക്കേണ്ടേ?” അതിന് ഉത്തരം നല്‍കിയത് അവന്റെ പിന്നാലെ നടന്നിരുന്ന അവന്റെ അമ്മയാണ്. “അവന്‍ അവന്റെ മാത്രം ഫോട്ടോയെ എടുക്കുകയുള്ളൂ. വേറെ ആരുടെയും ഫോട്ടോ എടുക്കുകയുമില്ല, എടുക്കാന്‍ സമ്മതിക്കുകയുമില്ല.” അമ്മ പറഞ്ഞത് അഭിമാനത്തോടെയാണ്! അവന്‍ പിന്നെയും സെല്‍ഫികള്‍ എടുത്ത് മുന്നോട്ട് നടന്നു. ഇത്തരം കുട്ടികളെ നമ്മള്‍ ഇപ്പോള്‍ എല്ലാ വേദികളിലും കാണാറുണ്ട്. കുട്ടികളെ മാത്രമല്ല, മുതിര്‍ന്നവരെയും.

എവിടെയോ കേട്ട് മനസ്സിൽ പതിഞ്ഞ ഒരു ചിന്തയാണത്. നമ്മെയും കൂടി ഉള്‍ക്കൊള്ളിച്ചുള്ള ഒരു ഗ്രൂപ്പ് ഫോട്ടോ കയ്യിൽ കിട്ടിയെന്നിരിക്കട്ടെ. അത് കുടുംബത്തോടൊപ്പമോ കൂട്ടുകാരോടൊപ്പമോ ആയിക്കൊള്ളട്ടെ. ആ ഫോട്ടോയിൽ നാം ആദ്യം ശ്രദ്ധിക്കുന്നത് ആരെയായിരിക്കും? എനിക്കീ ലോകത്തിൽ ഏറ്റവും ഇഷ്ടം എന്ന് പറയുന്ന അപ്പച്ചനും അമ്മച്ചിയും ഒക്കെ ആ ഫോട്ടോയില്‍ ഉണ്ടെങ്കിൽത്തന്നെ, നമ്മുടെ കണ്ണ് ആദ്യം പതിയുന്നത് നമ്മുടെ തന്നെ മുഖത്തേക്കായിരിക്കും. ഏതൊക്കെ സ്നേഹവലയം നമുക്ക് ചുറ്റുമുണ്ടെങ്കിലും ആദ്യമായും അവസാനമായും നമുക്ക് നമ്മോടു തന്നെയാണ് സ്നേഹം എന്നത് ഒരു വാസ്തവമാണ്.

സെൽഫികളുടെ ലോകത്തേക്ക് നമ്മെ കൈപിടിച്ച് നടത്താൻ വിപണനലോകത്തിന് അതുകൊണ്ടു തന്നെ തെല്ലും ബുദ്ധിമുട്ടുണ്ടായില്ല. മറ്റുള്ളവരുടെ ഓർമ്മകൾ ഒപ്പിയെടുത്തിരുന്ന ക്യാമറകൾ ഇന്ന്  അപ്പച്ചന്റെ ശവമഞ്ചത്തിനടുത്തിരുന്നു കണ്ണ് നിറക്കുന്ന മക്കളുടെ സെല്‍ഫികളിലേക്കു വഴി മാറികൊടുത്തിരിക്കുന്നു. എന്നും ഇപ്പോഴും എന്നോട് തന്നെ, എന്നിലേക്ക്‌ തന്നെ, ഉറ്റുനോക്കുന്ന –  എന്നെത്തന്നെ ഒപ്പിയെടുക്കുന്ന നിമിഷങ്ങളെയാണ് ഇന്നത്തെ തലമുറയ്ക്ക് പ്രിയം. മറ്റുള്ളവരേയും കൂടി ഉൾകൊള്ളിച്ചു ജീവിച്ചു വളരാൻ നമ്മുടെ കുഞ്ഞുമക്കളെ ശീലിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് മുൻപിൽ അടിമപ്പെട്ടുപോകുന്ന ഇന്നത്തെ തലമുറ അതിനപ്പുറത്തേക്കുള്ള ഒരു ലോകം തീർത്തും ഉപകാരശൂന്യമായി കരുതുന്നു. വീഡിയോ ഗയിമിൽ ശ്രദ്ധിക്കുന്ന മകൻ അവനു അരികിൽ ഇരിക്കുന്ന അപ്പൂപ്പൻ പറയുന്ന കഥകൾ കേൾക്കാതെ പോകുന്നു. കാലക്രമേണ മറ്റുള്ള വ്യക്തികളുമായി ഇടപഴകാൻ അവർക്കു താല്പര്യമില്ലാതാകുന്നു.

നമ്മിലേക്ക്‌ തന്നെ നോക്കിയിരിക്കുന്ന ഇന്നത്തെ ഡിജിറ്റൽ ലോകത്തു മക്കളെ ‘ഫേസ് ടു ഫേസ്’ ബന്ധങ്ങൾ വളർത്തിയെടുക്കാൻ നമുക്ക് സഹായിക്കാൻ ചില മാർഗ്ഗങ്ങളിതാ.

1. ‘ആദ്യം വ്യക്തികൾ’ എന്നൊരു രീതി എല്ലായ്പ്പോഴും സ്വീകരിക്കാം 

കുടുംബത്തിലേയും സമൂഹത്തിലേയും വ്യക്തികൾക്ക് ആദ്യം പ്രാധാന്യം കൊടുക്കുന്ന ശീലങ്ങൾ വീട്ടിൽ തന്നെ വളർത്തികൊണ്ടുവരണം. ഒരു വീട്ടിൽ താമസിക്കുന്ന എല്ലാവരുമായും പരസ്പരം സംസാരിക്കാനും ഇടപഴകാനും സമയം കണ്ടെത്തണം. ഒന്നിച്ചുള്ള അത്താഴ സമയങ്ങളോ കുടുംബ പ്രാർത്ഥനക്കു ശേഷമുള്ള നിമിഷങ്ങളോ അതിനായി മാറ്റിവയ്ക്കാവുന്നതാണ്. കുടുംബത്തിൽ തന്നെ പരസ്പരം വളർത്തിയെടുക്കുന്ന ബന്ധങ്ങളുടെ ഊഷ്മളത, സമൂഹത്തിലേക്ക് കടന്നു ചെല്ലുമ്പോഴും മക്കളിൽ പ്രതിഫലിക്കും.

2. ബെഡ്‌റൂമിൽ നിന്നും മൊബൈൽ ഫോണുകളോടു ഗെറ്റ് ഔട്ട് പറയാം

ഉറങ്ങാൻ കിടക്കാൻ പോകുമ്പോൾ കുടിവെള്ളം എടുക്കാൻ മറന്നാലും ഫോൺ എടുക്കാൻ മറക്കില്ല എന്ന് പറയുന്ന രീതിയിലേക്ക് നാമെല്ലാം വഴുതി വീണു കഴിഞ്ഞിരിക്കുന്നു. കുരിശു വരച്ചു, ഈശോയോടു നന്ദി പറയാൻ പഠിപ്പിച്ചു, നമ്മുടെ കാരണവന്മാർ കിടക്കാൻ പോയിരുന്നെങ്കിൽ ഫോണുമായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന മാതാപിതാക്കളാണ് ഇന്ന് മക്കൾക്കു മുൻപിൽ. ബെഡ്‌റൂമുകളിലേക്കു ഫോൺ കൊണ്ട് പോകുന്ന ശീലം നമുക്ക് ഒഴിവാക്കാം. സാധിക്കില്ലെന്ന് മനസ്സ് ഉരുവിടുമെങ്കിൽ നമുക്ക് അതിനു കഴിയും എന്ന് മനസ്സിനോട് ആവർത്തിച്ച് പറഞ്ഞു പ്രാവർത്തികമാക്കാം.

ഓരോ ദിനവും ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞു കുരിശു വരച്ചു, കൊന്ത ചൊല്ലി പ്രാർത്ഥിച്ചു കിടക്കാൻ പോകുന്ന ശീലം വളർത്തിക്കൊണ്ടുവരാം. പിറ്റേ ദിവസത്തേക്കുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ഓർമയിലേക്ക് കൊണ്ടുവരാനും മനസ്സിനെ ശാന്തമായി നയിച്ചുകൊണ്ട് ഒരു പുത്തൻ ദിവസത്തെ വരവേൽക്കാനായി കണ്ണടയ്ക്കുന്ന രാത്രികളെ നമുക്ക് സൃഷ്ടിച്ചെടുക്കാം.

3. വ്യക്തിബന്ധങ്ങളെ സുദൃഢമാക്കാൻ ഒഴിവുദിവസങ്ങൾ പ്രയോജനപ്പെടുത്താം

മക്കളോടൊപ്പം ഒഴിവുദിവസങ്ങളിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും വീടുകളിൽ ഒത്തുചേരുന്നതും വിത്യസ്ത വിനോദങ്ങളിൽ ഏർപ്പെടുന്നതും സ്വാഗതാർഹമാണ്. പരസ്പരം ഇടപഴകാനും കാണാനും മക്കൾക്ക് അവസരം ഒരുക്കുന്നത് വഴി അവരുടെ വ്യക്തിത്വത്തെയാണ് നാം പടുത്തുയർത്തുന്നത്. ഒരുനാൾ മാതാപിതാക്കൾ ഇല്ലാതായി പോയാൽ അവർക്കു താങ്ങായി നിൽക്കുവാനും ബലമേകുവാനുമായി ഒരു ലോകത്തെ തന്നെയാണ് നാം അതിലൂടെ വളർത്തിയെടുക്കുന്നത്.

ഏകാന്തതയിൽ നിന്നും കൂട്ടായ്മയിലേക്ക് നമുക്ക് വളരാം. സെൽഫികളിൽ മറ്റുള്ളവരുടെ മുഖങ്ങളും ഉൾകൊള്ളിച്ചു ഡിജിറ്റൽ ലോകത്തെ നന്മയ്ക്കായി ഉപയോഗപ്പെടുത്തി നല്ലൊരു നാളെക്കായി കുഞ്ഞുമക്കളെ വളർത്തി കൊണ്ടുവരാം.

മിനു മഞ്ഞളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.