ഫലം കായ്ക്കാന്‍ ഒരു വര്‍ഷം കൂടി

ജിന്‍സി സന്തോഷ്‌

നിത്യതയിലേയ്ക്ക് വിളിക്കപ്പെടുന്ന നിമിഷം വരെയും നമുക്ക് ഏറെ അവസരങ്ങളുണ്ട്. ഇന്നലെകൾ പരാജയങ്ങളുടേതായിരുന്നോ? സാരമില്ല. ഇനിയും വിജയിക്കാം. പ്രിയപ്പെട്ടവരുടെ വേർപാടുകൾ തളർത്തിക്കളഞ്ഞോ? സാരമില്ല. ഇനിയും പ്രത്യാശ നിറഞ്ഞ ഒരു ജീവിതം സാധ്യമാണ്. രോഗങ്ങൾ പരിമിതികൾ സൃഷ്ടിക്കുന്നുണ്ടോ? അപരിമേയനായ ദൈവത്തിൽ വിശ്വസിക്കുമ്പോൾ പുതിയ സാധ്യതകൾ തെളിയും. പാപം വീണ്ടും വീണ്ടും കീഴടക്കുന്നുവോ? നിരാശപ്പെടരുത്. നമ്മെക്കാൾ കൂടുതൽ പാപം ചെയ്തവർ വിശുദ്ധരായിട്ടുണ്ട്. ഒരു പാട് കാര്യങ്ങൾ ചെയ്തുതീർത്തതിന്റെ സംതൃപ്തിയിൽ മയങ്ങുകയാണോ? പാടില്ല. ഇനിയും ഏറെ ചെയ്യാനുണ്ട്. അല്ലെങ്കിൽ ദൈവം നേരത്തെ തന്നെ തിരിച്ചുവിളിക്കുമായിരുന്നു.

ജീവിതാവസ്ഥ എന്തുമാകട്ടെ, നിന്നിലൂടെ ഇനിയും എന്തൊക്കെയോ നന്മകൾ ഈ ലോകത്തിൽ സംഭവിക്കാനുണ്ട്. ആയുസ്സ് നീട്ടിത്തരുന്ന തമ്പുരാൻ നിന്നിൽ നിന്നു പ്രതീക്ഷിക്കുന്ന നന്മകൾ ചെയ്തുതീർക്കാൻ മടിക്കരുത്. ജീവിച്ചു തീർത്ത അത്രയും നാളുകൾ ഇനിയും ജീവിക്കുമെന്ന് ഉറപ്പില്ലാത്ത നമ്മൾ നമ്മിലുള്ള നന്മകൾ പുറത്തു കൊണ്ടുവരണം. ‘നന്മ ചെയ്യാതെ കടന്നുപോകുന്ന ഓരോ ദിനവും നിന്റെ ആയുസ്സിന്റെ കണക്കുപുസ്തകത്തിൽ നിന്ന് നീക്കം ചെയ്യപ്പെടും’ എന്ന വി. ചാവറയച്ചന്റെ വാക്കുകൾ ഓർമ്മിക്കുക.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.