ഓഖി സ്മരണയുടെ നിറവിൽ വിഴിഞ്ഞം ഇടവക

ക്ലിന്റൺ എൻ സി ഡാമിയൻ

ക്ലിന്റൺ എൻ. സി. ഡാമിയൻ

ഓഖി അറബിക്കടലിൽ താണ്ഡവം തീർത്തപ്പോൾ കേരളത്തിന് നഷ്ടമായത് 143 മത്സ്യത്തൊഴിലാളികളുടെ ജീവനുകളാണ്. ജീവിതത്തിനായുള്ള അന്നത്തിനായി നടുക്കടലിൽ പോയ തങ്ങളുടെ പ്രിയരെ തേടി ഉയർന്ന വിലാപങ്ങൾക്ക് ഇന്ന് ഒരു വയസ്സ്. നടുക്കടലിൽ സംഭവിച്ച കുട്ടകുരുതിയിൽ വിഴിഞ്ഞം പരിശുദ്ധ സിന്ധുയാത്രാ മാതാ ദേവാലയ  ഇടവകയ്ക്ക് നഷ്ടപ്പെട്ടത് 37 ജീവനുകളാണ്. ഇന്ന് ആ ജനത ഒത്തുകൂടി. ഒരു ദിനം തൊഴിൽ മുടക്കി തങ്ങളിൽ നിന്നും രക്തസാക്ഷികളാക്കപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവർക്കായി കണ്ണീരോടെ ആഴിയെ നോക്കി നിന്നു. ഒരുമിച്ച് കടലിലേയ്ക്ക് പുറപ്പെട്ടിരുന്ന വിഴിഞ്ഞം ഹാർബറിൽ അനുസ്മരണ കുർബ്ബാനയുടെ ബലിപീഠമൊരുങ്ങി.

“ആ വേർപാടുകൾക്കു മുൻപിൽ ആര് അവരെ ആശ്വസിപ്പിക്കും? ആര് അവരുടെ കണ്ണീരിനെ തുടച്ചു നീക്കും? ക്രിസ്തുവിലല്ലാതെ ആരിലാണ് അവർ ആശ്വാസം കണ്ടെത്തുക?” സായാഹ്നത്തിൽ തന്റെ മുന്നിൽ ഓർമ്മക്കുർബ്ബാനയ്ക്കായി കാത്തിരിക്കുന്ന തന്റെ ഇടവകജനത്തെ നോക്കി ഇടവക വികാരി ജസ്റ്റിൻ ജൂഡിനച്ചൻ പറഞ്ഞ വാക്കുകളാണിവ.

വള്ളം നിറയെ മീനുമായി വന്നിറങ്ങുന്ന തീരത്തിന് അവർ സംഗമിച്ചു. കടലിലേയ്ക്ക് നീണ്ടു കിടക്കുന്ന പ്ലാറ്റ്ഫോമിൽ ബലിപീഠമുയർന്നു. പഴയപള്ളിൽ നിന്നും പ്രദക്ഷിണമായി ബലിപീഠത്തിലേയ്ക്ക്. ചുറ്റും നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന ജനത. ഫാദർ യൂജിൻ പെരേരയുടെ മുഖ്യ കാർമ്മികത്വത്തിൽ അനുസ്മരണകുർബ്ബാന ആരംഭിച്ചു. അതിനിടയിലേയ്ക്ക് ദൂരയാത്ര കഴിഞ്ഞ് മലങ്കര കത്തോലിക്കാ സഭയുടെ തലവൻ മോറാൻ മോർ ക്ലീമീസ് കാതോലിക്കാബാവ കടന്നു വന്നു. വചനപ്രഘോഷണ കർമ്മത്തിനിടയിൽ ഓഖി എന്ന വേദനയെയും പ്രളയത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ അകമഴിഞ്ഞ സേവനത്തെയും സ്മരിച്ചു.

തുടർന്ന് ദിവ്യബലിക്കു ശേഷം തീരത്ത് അണിനിരത്തി വച്ചിരുന്ന 37 ദീപങ്ങൾ ആ രക്തസാക്ഷികളുടെ വേണ്ടപ്പെട്ടവർ തെളിച്ചു. ഇടവക വികാരി അവരുടെ ചിത്രങ്ങളിൽ  പുഷ്പാർച്ചന നടത്തി. മൃതശരീരം വീണ്ടെടുക്കപ്പെട്ട് സിമിത്തേരിയിൽ സംസ്ക്കരിക്കപ്പെട്ടവരുടെ കല്ലറകളിൽ വെഞ്ചരിപ്പ് നടത്തി. എല്ലാം അവസാനിച്ച് നടന്നു നീങ്ങിയ വേളയിൽ തിരിഞ്ഞു നോക്കിയപ്പോൾ ചിലർ നിറകണ്ണുകളോടെ ആഴിയെ നോക്കി കേഴുന്നുണ്ടായിരുന്നു. ഒരിക്കലും തിരികെ വരാത്ത തങ്ങളുടെ പ്രിയതമനു വേണ്ടി…

ക്ലിന്റൺ എൻ സി ഡാമിയൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.