പരി. കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കം: നൊവേന അഞ്ചാം ദിനം

പരി. കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കമായുള്ള നൊവേന: അഞ്ചാം ദിനം (സെപ്റ്റംബർ 4)

നേതാവ്: ദൈവമേ ഞങ്ങളുടെ സഹായത്തിനു വരണമേ.

മറുപടി: ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരണമേ.

നേതാവ്: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

മറുപടി: ആദിമുതൽ എന്നേക്കും ആമ്മേൻ.

മറിയം സ്ത്രീകളിൽ ഭാഗ്യവതി. മറിയത്തെ എലിസബത്തും മറിയം തന്നെത്തന്നെയും  വിശേഷിപ്പുക ഭാഗ്യവതി എന്നാണ്. ഭാഗ്യവതി ആകാനുള്ള കുറുക്കുവഴി ലളിതമാണ്  “കര്‍ത്താവ്‌ അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന്‌ വിശ്വസിക്കുക.” അതനുസരിച്ചു ജീവിക്കുക.

മറിയമേ എന്റെ പ്രിയപ്പെട്ട അമ്മേ ഈ അനുഗ്രഹങ്ങൾക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.

(നിയോഗം പറയുക)

നന്മ നിറഞ്ഞ മറിയമേ…

പ്രാർത്ഥന:

കരുണയുള്ള മാതാവേ, അമ്മയെപ്പോലെ എനിക്കും ഭാഗ്യവാനും ഭാഗ്യവതിയും ആകണം അതിനുള്ള കുറുക്കു വഴി ദൈവവചനത്തിൽ വിശ്വസിക്കുക അതനുസരിച്ചു ജീവിക്കുക എന്നതാണന്നു നീ  ഞങ്ങളെ പഠിപ്പിച്ചു. അമ്മേ  പലപ്പോഴും ദൈവവചനത്തിൽ ആശ്രയിക്കാനോ അതനുസരിച്ചു ജീവിതം ക്രമപ്പെടുത്താനോ ഞാൻ തുനിയാറില്ല. എന്നോടു പൊറുക്കണമേ. ഭാഗ്യവതിയായ അമ്മേ, ദൈവവചനത്തോടുള്ള ആത്മാർത്ഥമായ ഒരു ദാഹം എനിക്കു നൽകണമേ. അതു വഴി അമ്മയേപ്പോലെ ഭാഗ്യ ശ്രേണിയിലേക്കു എന്നെയും ഉയർത്തണമേ.  ആമ്മേൻ.

നേതാവ്: നമുക്കു സന്തോഷത്തോടെ പരിശുദ്ധ കന്യകാമറിയത്തിതിന്റെ ജനനത്തെ പ്രതി ദൈവത്തെ സ്തുതിക്കാം

മറുപടി: സർവ്വേശ്വരന്റെ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.

നമുക്കു പ്രാർത്ഥിക്കാം

അത്യുന്നതനായ പിതാവേ, നിന്റെ നാമത്തിനു മഹത്വവും സ്തുതിയും എന്നേക്കും  ഉണ്ടായിരിക്കട്ടെ. നിന്റെ പ്രിയ പുത്രിയും ഞങ്ങളുടെ അമ്മയുമായ മറിയത്തിന്റെ  ജനനത്തിരുനാളിനൊരുങ്ങുമ്പോൾ ആ അമ്മയെ സകല തലമുറകൾക്കും ഭാഗ്യവതിയായി തന്ന നിന്റെ അനന്ത സ്നേഹത്തെ ഞങ്ങൾ വാഴ്ത്തുന്നു. മറിയത്തെപ്പോലെ ദൈവ വചനത്തിൽ ആഴമായി വിശ്വസിക്കുവാനും തീഷ്ണമായി ശരണപ്പെടുവാനും ദൈവവചനത്തെ കലർപ്പില്ലാതെ സ്നേഹിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ. അതു വഴി ഞങ്ങളും ഞങ്ങളുടെ കുടുംബങ്ങളും ഭാഗ്യം ചെയ്തവരാകട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.

ഫാ. ജെയ്സൺ കുന്നേൽ MCBS