യേശുവിന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ പ്രവേശിക്കുന്നവരില്ല: മാർപ്പാപ്പ

യേശു ക്രിസ്തു ജീവന്റെ സ്രോതസ്സും തന്നിൽ വിശ്വസിക്കുന്നവരുടെ ജീവൻ നവീകരിക്കുന്നവനുമാണെന്ന് മാർപ്പാപ്പ. വത്തിക്കാനിൽ ഞായറാഴ്ചദിന സന്ദേശത്തിലാണ് മാർപ്പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്. വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽ ബാലികയെ ഉയിർപ്പിക്കുന്നതും സ്ത്രീയെ സുഖപ്പെടുത്തുന്നതുമായ സംഭവങ്ങൾ വിവരിച്ചു കൊണ്ടാണ് തന്നിൽ വിശ്വസിക്കുന്നവരുടെ മേൽ കർത്താവ് ചൊരിയുന്ന അത്ഭുതങ്ങളെക്കുറിച്ച് പരിശുദ്ധ പിതാവ് വിവരിച്ചത്. തന്റെ രക്ഷിക്കുന്ന സ്നേഹത്തിൽ നിന്ന് ആരെയും അവിടുന്ന് അകറ്റി നിർത്തുന്നില്ലെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.

ആരും മാറ്റി നിർത്തപ്പെട്ടിട്ടില്ല

ദൈവത്തിന്റെ സ്നേഹത്തിലും അവിടുത്തെ ഹൃദയത്തിലും നിന്ന് ആരും മാറ്റി നിർത്തപ്പെട്ടിട്ടില്ല. അങ്ങനെ ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ്. അവിടുത്തെ ഹൃദയത്തിൽ ഇടം നേടണമെങ്കിൽ രണ്ട് കാര്യങ്ങളാണ് വേണ്ടത്. ഒന്ന് ആഗ്രഹം, രണ്ട് വിശ്വാസം. മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

ഭയപ്പെടേണ്ടത് ശരീരത്തിന്റെ മരണത്തെയല്ല

ശരീരത്തിന്റെ മരണത്തെ ഭയപ്പെടേണ്ടതില്ല. മറിച്ച് ഹൃദയത്തിന്റെ മരണത്തെയും നിശ്ചലാവസ്ഥയെയുമാണ് ഭയപ്പെടേണ്ടത്. മാർപ്പാപ്പ പറഞ്ഞു. രക്തസ്രാവക്കാരിയായ സ്ത്രീയുടെ ആഴമേറിയ വിശ്വാസത്തെയാണ് ഇക്കാര്യം സാധൂകരിക്കാനായി പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടിയത്.

പാപം അവസാന വാക്കല്ല

യേശുവിനെ സംബന്ധിച്ച് മരണമെന്നത് ശരീരത്തിന് സംഭവിക്കുന്ന ഒന്നല്ല, മറിച്ച് പാപം മൂലം ഹൃദയത്തിന് സംഭവിക്കുന്നതാണ്. എന്നാൽ രണ്ടിടത്തും നിരാശപ്പെടേണ്ടതില്ല. കാരണം എഴുന്നേൽക്കുക എന്ന സ്നേഹവും കരുണയും നിറഞ്ഞ വാക്കിലൂടെ ഏതുതരം മരണത്തിൽ നിന്നും ഉയി൩ർപ്പിക്കാൻ കഴിവുള്ളവനാണ് നമ്മുടെ കർത്താവ്. മാർപ്പാപ്പ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.