തീവ്രവാദികൾ കൊലപ്പെടുത്തിയ ക്രൈസ്തവർക്ക് കണ്ണീരോടെ വിടചൊല്ലി നൈജീരിയ

നൈജീരിയയിലെ തെക്കൻ കടൂണ പ്രവിശ്യയിലെ മാഡമായി, അബും ഗ്രാമങ്ങളിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട 38 ക്രൈസ്തവരുടെ മൃതസംസ്കാരം നടത്തി. മൃതസംസ്കാര ചടങ്ങിൽ ആയിരകണക്കിന് ആളുകളാണ് പങ്കെടുത്തത്. വ്യാഴാഴ്ച 5 മണിക്ക് മാഡമായിയിൽ നിന്നും ആറു കിലോമീറ്റർ അകലെയുള്ള മല്ലാഗുണിൽ വച്ചായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

ക്രൂരമായ നരഹത്യ നടന്നിട്ടും കടൂണ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ആരും തന്നെ മൃതസംസ്കാര ചടങ്ങിൽ എത്തിയിരുന്നില്ല എന്നത് ജനങ്ങളെ രോഷാകുലരാക്കി. ആക്രമണം നടത്തിയവർക്ക് ക്രിസ്ത്യൻ സമൂഹത്തെ മുറിവേൽപ്പിക്കാൻ കഴിഞ്ഞെങ്കിലും ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം ഇപ്പോഴും അചഞ്ചലമായി തുടരുകയാണെന്ന് ഫാ. ബില്ലിയോക് ജോസഫ് അബ്ബാ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്ടോബർ 26 ഞായറാഴ്ചയാണ് ഏറ്റവും ഹീനമായ ഈ ആക്രമണം നടന്നത്. ആക്രമണത്തിൽ 38 ക്രൈസ്തവർ കൊല്ലപ്പെടുകയും 9 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അന്ന് 46 വീടുകൾ ഫുലാനികൾ അഗ്നിക്കിരയാക്കിയിരിന്നു.

ക്രൈസ്തവർ ഏറ്റവും കൂടുതൽ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. ഇസ്ലാമിക് സ്റ്റേറ്റ്സ്, ബൊക്കോ ഹറാം തീവ്രവാദികൾ ഫുലാനി ഇടയന്മാർ എന്നിവരാണ് രാജ്യത്തെ ക്രൈസ്തവരെ കൊന്നൊടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.